കമ്പോള മേധാവിത്തം രാഷ്ട്രീയത്തിൽ പിടിമുറുക്കുമ്പോഴാണ് ദല്ലാളന്മാർ പനപോലെ വളരുന്നതെന്നും കളങ്കിത വ്യക്തികളുടെ താല്പര്യങ്ങളിൽ രാഷ്ട്രീയക്കാർ പെട്ടുപോകരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.പണത്തിന്റെയും കമ്പോളത്തിന്റെയും താല്പര്യങ്ങൾ എല്ലാ സാമൂഹ്യബന്ധങ്ങളെയും ആക്രമിക്കാൻ തുടങ്ങിയപ്പോഴാണ് ഇത്തരക്കാർക്ക് ശക്തിയുണ്ടായത്. പല പാർട്ടികളിലും അവർ സുഹൃത്തുക്കളെ കണ്ടുപിടിക്കാനും ബന്ധങ്ങളുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. അത്തരക്കാരുടെ കരുനീക്കങ്ങൾക്കെതിരെ ഇടതുപക്ഷം കൂടുതൽ ജാഗ്രത പാലിക്കണം. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ബിനോയ് വിശ്വം.
വലതുപക്ഷം കമ്പോളത്തിന്റെയും കളങ്കത്തിന്റെയും നെറികേടിന്റെയും പക്ഷമാണെങ്കിൽ അതിൽ നിന്ന് വ്യത്യസ്തമായി മനുഷ്യപക്ഷവും നേരിന്റെ പക്ഷവുമാണ് ഇടതുപക്ഷം. ഇടതുപക്ഷവും വലതുപക്ഷവും ഒന്നുപോലെയാണെന്ന പ്രചാരവേല ശക്തിപ്പെടുമ്പോൾ അവയ്ക്കെതിരെ വാക്കിലും പ്രവൃത്തിയിലും ജാഗ്രത പാലിക്കാൻ കടപ്പെട്ടവരാണ് ഇടതു നേതാക്കൾ. അതുകൊണ്ടുതന്നെ വലതുപക്ഷത്തിന് സ്വീകാര്യമായ ബന്ധങ്ങളും സൗഹൃദങ്ങളും കെട്ടുപാടുകളും ഇടതുപക്ഷക്കാർക്ക് പറ്റുന്നതല്ല. ബോധപൂർവം ഇതിൽ നിന്നെല്ലാം മാറിനിൽക്കാൻ ഇടതുപക്ഷ പ്രവർത്തകർ കടപ്പെട്ടവരാണ്. ഇല്ലെങ്കിൽ മൂല്യങ്ങളെല്ലാം ചോർന്നുപോയ തോടായി ഇടതുപക്ഷം മാറും.
കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെപ്പറ്റി അണികളെ പഠിപ്പിക്കാൻ പാർട്ടികൾ പദ്ധതികൾ തയ്യാറാക്കണം. അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കലും പ്രാവർത്തികമാക്കലും നേതാക്കളുടെ കടമയാണ്. ജാഗ്രത ഇല്ലാതായാല്‍ ദല്ലാളൻമാരും അവരുടെ താല്പര്യങ്ങളും വ്യക്തികളെയും പിന്നീട് അവരുടെ ആശയങ്ങളെയും കളങ്കപ്പെടുത്തിയേക്കും. ഇടതുപക്ഷത്തിന് വർഗീയ ശക്തികളുമായി രാഷ്ട്രീയമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഏതെങ്കിലും വ്യക്തികൾക്ക് വീഴ്ചയുണ്ടായാൽ അത് പ്രസ്ഥാനത്തിന്റേതാവില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: Politicians should not get involved in the interests of the tainted: Binoy Viswam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.