10 January 2026, Saturday

Related news

January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026
January 3, 2026
January 2, 2026

പൂവറ്റൂർ ഗോപി വിടവാങ്ങി

Janayugom Webdesk
കൊട്ടാരക്കര
August 30, 2024 9:37 pm

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായ പൂവറ്റുൂർ മാവടി മിഥിലയില്‍ ഗോപിനാഥന്‍നായര്‍(88‑പൂവറ്റൂര്‍ ഗോപി)വിടവാങ്ങി. വാർധക്യസഹജമായ അസുഖം മൂലം ചികിത്സയിലിരിക്കെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1936 സെപ്റ്റംബർ ഒമ്പതിന് പൂവറ്റൂർ കരുവാ വീട്ടിൽ ജനനം. പിതാവ് സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനും സംസ്കൃത പണ്ഡിതനുമായിരുന്ന എസ് കൊച്ചുപിള്ള ശാസ്ത്രി. മാതാവ് എൽ കുഞ്ഞുക്കുട്ടിയമ്മ. പ്രൈമറി വിദ്യാഭ്യാസം പൂവറ്റൂർ ഗവ. എൽപിഎസിൽ. മിഡിൽ സ്കൂൾ പഠനം കുളക്കട ഭാനുഭാനു പണ്ടാരത്തിൽ വക സ്വകാര്യ സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം കുളക്കട ഗവ. ഹൈസ്കൂളിലുമായിരുന്നു. തുടർന്ന് 1954 മുതൽ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊട്ടാരക്കര താലൂക്ക് കമ്മിറ്റി സെക്രട്ടേറിയേറ്റ് അംഗം, കൊല്ലം ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി കർഷക സമരങ്ങളിൽ പങ്കെടുത്തു. 

മദ്രാസ് ഗവ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഡ്രോയിങ്ങിൽ ഗ്രൂപ്പ് സർട്ടിഫിക്കറ്റ് നേടി. കുഴിക്കിലിടവക ഹൈസ്കൂളിൽ ചിത്രരചനാ അധ്യാപകനായി. തുടര്‍ന്ന് കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎയും മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎഡും പാസായി. അതേ സ്കൂളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് ആയി സേവനം അനുഷ്ഠിച്ചു. സ്വകാര്യസ്കൂൾ അധ്യാപക സംഘടനാരംഗത്ത് സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രൈവറ്റ് സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയഷന്റെ (പിഎസ്‌ടിഎ) സംസ്ഥാന സെക്രട്ടറിയായിരുന്നു. സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ രൂപീകരിച്ചു (എഎസ്‌ടിഎ). 1981 മുതൽ വിരമിച്ച 1992 മാർച്ച് വരെ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു, മുന്‍ എംഎല്‍എ ഇറവങ്കര ഗോപാലക്കുറുപ്പായിരുന്നു പ്രസിഡന്റ്.

സ്വകാര്യ സ്കൂൾ അധ്യാപകർക്ക് പ്രൊട്ടക്ഷൻ ലഭിക്കുന്നതിനും അധ്യാപകരുടെ മേൽ അടിച്ചേൽപ്പിച്ച അധ്വാനഭാര വർധനവിനെതിരേയുമുള്ള പ്രക്ഷോഭസമരം ഉൾപ്പെടെ നിരവധി അധ്യാപക സർവീസ് സംഘടനാസമരങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ആൾ ഇന്ത്യാ സെക്കണ്ടറി ടീച്ചേഴ്സ് ഫെഡറേഷൻ (എഐഎസ്‌ടിഎഫ്) ദേശീയ നിർവാഹക സമിതിയംഗം, കേരള സർക്കാർ പ്രീപ്രൈമറി വിദ്യാഭ്യാസ ഉപദേശക സമിതി അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1980ൽ സോവിയറ്റ് യൂണിയനിൽ പോയിരുന്നു. 1986ൽ ആൾ ഇന്ത്യാ സെക്കണ്ടറി ടീച്ചേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ പഞ്ചാബിൽ നടത്തിയ രണ്ടാഴ്ച നീണ്ട സമാധാന യാത്രയിൽ പങ്കെടുത്തു. ജനകീയാസൂത്രണത്തിന്റെ സജീവപ്രവർത്തകനും ഫാക്കൽറ്റിയുമായിരുന്നു. ‘അതിജീവനത്തിന്റെ ദിനരാത്രങ്ങൾ’ എന്ന പുസ്തകം പ്രഭാത് ബുക്ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
ഭാര്യ: സോമവല്ലി അമ്മ എൻ ഡി (റിട്ട. എച്ച്എസ്എ). മക്കൾ: കിരൺ ഗോപി, നിർമ്മൽ ഗോപി. മരുമക്കൾ: ലക്ഷ്മി പ്രിയ, വൃന്ദ പി ചന്ദ്രൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.