കേരളത്തിലെ പുരോഗമന അധ്യാപക പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പൂവറ്റൂർ ഗോപിസാർ. അധ്യാപക പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അദ്ദേഹം ജീവിതം തന്നെ മാറ്റിവച്ചു. തെക്ക് പാറശാല മുതൽ വടക്ക് മഞ്ചേശ്വരം വരെ അതിനായി വിശ്രമമില്ലാതെ അദ്ദേഹം സഞ്ചരിച്ചു. പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (പിഎസ്‌ടിഎ) എന്ന അധ്യാപകരുടെ കരുത്തുറ്റ ഐക്യപ്രസ്ഥാനത്തെ ഇറവങ്കര ഗോപാലക്കുറുപ്പിനൊപ്പം നയിച്ച സമാദരണീയനായിരുന്നു പൂവറ്റൂർ. ഒരു കാലത്ത് വലതു പക്ഷ പാളയത്തിൽ ആ സംഘടനയെ തളയ്ക്കാൻ പരിശ്രമം നടത്തിയവരോട് ധീരമായി അദ്ദേഹം പോരാടി. പിഎസ്‌ടിഎ എന്ന സംഘടനയിലെ പുരോഗമനപക്ഷത്തെ അതേ പേരിൽ തന്നെയും, പിന്നീട് എഎസ്‌ടിഎ (എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) എന്ന പുതിയ പേരിലും സംഘടനാ രൂപത്തിലും പൂവറ്റൂർ ഗോപി നയിച്ചു. അധ്യാപക സംഘടനാ രംഗത്തെ ഒരുകാലത്തെ കടുത്ത മാത്സര്യത്തിനും കലുഷിതാന്തരീക്ഷത്തിനും സാക്ഷിയാകാനും, തളരാതെ ചെങ്കൊടിത്തണലിൽ സ്വകാര്യമേഖലയിലെ അധ്യാപകരുടെ അവകാശങ്ങളും അഭിമാനവും സംരക്ഷിച്ചുറപ്പിക്കാനും പൂവറ്റൂർ ഗോപി പട പൊരുതിയതിന് ചരിത്രം സാക്ഷി. കനൽവഴികളിലൂടെ മാത്രം നടക്കാനുള്ള നിയോഗം ത്യാഗിവര്യനെപ്പോലെ ഏറ്റെടുത്ത അധ്യാപകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നേതാവായിരുന്നു, പൂവറ്റൂർ ഗോപി.
മലബാറിലാണ് അധ്യാപക പ്രസ്ഥാനത്തിന് ശക്തമായ തുടക്കവും വേരോട്ടവുമുണ്ടായത്. കോളനി വാഴ്ചയ്ക്കും ജന്മിത്തത്തിനുമെതിരെ നാട്ടിലെ കർഷകർക്കും തൊഴിലാളികൾക്കുമൊപ്പം അണിചേർന്ന പ്രസ്ഥാനമായിരുന്നു, അത്. എന്നാൽ, തിരുവിതാംകൂറിലും സംഭവബഹുലമായ ഒരു ചരിത്രം അധ്യാപക പ്രസ്ഥാനത്തിനുണ്ട്. സ്വകാര്യ മേഖലയിലെ അധ്യാപകർ, സർക്കാരിൽ നിന്ന് സൗജന്യ വിലയ്ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്കും തുണിക്കുംവേണ്ടി റേഷൻ കാർഡ് നേടിയെടുക്കുന്നതിനുള്ള സമരത്തോടെയാണ് തിരുവിതാംകൂറിൽ ആദ്യമായി സംഘടിക്കുന്നത്. സ്വകാര്യസ്കൂൾ അധ്യാപകരുടെ സ്ഥിതി വളരെ ദയനീയമായിരുന്നതിനാലാണ് ഇത്തരമൊരു സമരത്തിന് തന്നെ പുറപ്പെട്ടത്. സ്വകാര്യ സ്കൂൾ അധ്യാപകരും സർക്കാരും തമ്മിൽ ഒരു ബന്ധവും അക്കാലത്തില്ലായിരുന്നു. സ്കൂൾ നടത്താനുള്ള അവകാശം നാട്ടിലെ പ്രമാണിമാരായ സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തി. വിദ്യാർത്ഥികളുടെ ഫീസിൽ നിന്നായിരുന്നു അധ്യാപകർക്ക് തുച്ഛമായ ശമ്പളം നൽകിയിരുന്നത്. അധ്യാപകരുടെ ജീവിതാവസ്ഥ വളരെ പരിതാപകരമായിരുന്നു. അക്കാലത്തെ അധ്യാപകരുടെ അവസ്ഥയെക്കുറിച്ച് ഇന്നത്തെ അധ്യാപകർക്ക് ചിന്തിക്കാൻ പോലും പറ്റില്ല. പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവിതാംകൂറിലും പിന്നീട് തിരുക്കൊച്ചിയിലും, ഐക്യകേരളം രൂപംകൊണ്ടപ്പോൾ മലബാറിലും,സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിച്ചുകൊണ്ട് അധ്യാപകരുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ പരിശ്രമിച്ചു. സ്വകാര്യസ്കൂൾ അധ്യാപകരുടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നത് 1957ലെ കമ്മ്യൂണിസ്റ്റ് സർക്കാരിനുവേണ്ടി, വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി അവതരിപ്പിച്ച ചരിത്രത്തിലിടം നേടിയ വിദ്യാഭ്യാസ ബില്ലിലൂടെയാണ്. സ്വകാര്യസ്കൂൾ അധ്യാപകർക്കുംനേരിട്ട് ശമ്പളം നൽകുന്നതിന് വ്യവസ്ഥ ചെയ്യാൻ അതോടെ സർക്കാർ തീരുമാനിച്ചു.
1956ലാണ് കൊല്ലം ജില്ലയിലെ പൂവറ്റൂർ യുപി സ്കൂളിൽ പാർട്ട് ടൈം അധ്യാപകനായി പൂവറ്റൂർ ഗോപി സർവീസിൽ പ്രവേശിക്കുന്നത്. പിന്നീട്, 1964ൽ കൊല്ലം ജില്ലയിലെ കുഴിക്കൽ ഇടവക സ്കൂളിൽ സ്ഥിരം അധ്യാപകനായി പ്രവേശിച്ചശേഷം പിഎസ്‌ടിഎയിൽ അംഗത്വമെടുക്കുകയും ഇറവങ്കര ഗോപാലക്കുറുപ്പിനൊപ്പം സംഘടനാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
വിദ്യാലയങ്ങളിൽ ഡിവിഷൻ ഫോൾ 1960 മുതൽ സാധാരണ സംഭവമായിരുന്നു. ഇതുമൂലം ഒട്ടേറെ വർഷം സർവീസുള്ള അധ്യാപകർക്കുപോലും ജോലി നഷ്ടപ്പെടുന്ന അവസ്ഥയായി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാൻ പിഎസ്‌ടിഎ തീരുമാനിച്ചു. എന്നാൽ സംഘടനയിലെ വലതുപക്ഷ ചേരിക്കാർ ഒരു പണിമുടക്കിന് തയ്യാറായിരുന്നില്ല. ഇടതുപക്ഷ അധ്യാപക നേതാക്കൾ ഇറവങ്കര ഗോപാലക്കുറുപ്പിന്റെയും പൂവറ്റൂരിന്റെയും നേതൃത്വത്തിൽ ശക്തമായ പണിമുടക്ക് ആരംഭിച്ചു. സമരം കൊടുമ്പിരികൊണ്ടു. 1969ൽ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ ഈ പ്രശ്നത്തിൽ ഇടപെട്ടു. അദ്ദേഹവും ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരനും സംഘടനാ നേതാക്കളായ ഇറവങ്കര ഗോപാലക്കുറുപ്പ്, ടി പി പീതാംബരൻ മാസ്റ്റർ, പൂവറ്റൂർ ഗോപി എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്ന് അഞ്ചുവർഷം സർവീസ് ഉള്ളവർക്ക് ശമ്പളത്തോടുകൂടിയ പ്രൊട്ടക്ഷനും, രണ്ട് വർഷം സർവീസ് ഉള്ളവർക്ക് പ്രൊട്ടക്ഷനും നൽകാൻ തീരുമാനമെടുത്തു.
ഇറവങ്കര ഗോപാലക്കുറുപ്പ്, ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായർ, മുൻ മന്ത്രിയും അധ്യാപകനേതാവുമായിരുന്ന ടി ശിവദാസമേനോൻ, വി വി ദക്ഷിണാമൂർത്തി, ടി പി പീതാംബരൻ, ഒ ആർ രാമൻ, ബി മാധവൻ നായർ, കെ എ ജോർജ്, മണ്ണന്തല വേലായുധൻ നായർ, കെ കൃഷ്ണപിള്ള (മുന്‍ എംഎൽഎ) ജി കൃഷ്ണപിള്ള, വി ആർ വിജയ രാഘവൻ, എആർസി നായർ, എടത്താട്ടിൽ മാധവൻ, പി ബി പണിക്കർ, പി കെ പുരുഷോത്തമൻ നായർ, കെ വിമല ടീച്ചർ, സോമൻ മുതുവന, എംആർജി കുറുപ്പ്, പി എം വാസുദേവൻ (കോഴിക്കോട്), ഇ കെ നായർ, പി എം വാസുദേവൻ (തിരുവനന്തപുരം), എസ് വാസുദേവൻ, ദേവരാജൻ കമ്മങ്ങാട്, എംആർസി നായർ തുടങ്ങിയ പ്രമുഖ അധ്യാപക നേതാക്കൾക്കൊപ്പമുള്ള ദീർഘകാല പ്രവർത്തന അനുഭവം പൂവറ്റൂർ ഗോപി സാറിനുണ്ടായിരുന്നു.
1954 മുതൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർഷിപ്പിലുണ്ട്. 1992ൽ പൂവറ്റൂർ അധ്യാപക വൃത്തിയിൽ നിന്ന് വിരമിക്കുകയും ചെയ്തു. ആ കാലഘട്ടത്തിലെ പ്രയാസം നിറഞ്ഞ സംഘടനാ പ്രവർത്തനംമൂലം വിരമിക്കുമ്പോൾ തന്നെ അദ്ദേഹം ശാരീരിക അവശതകളിലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പിന്നീട് പൊതുരംഗത്ത് സജീവമാകാനായില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി അധ്യാപക പ്രതിനിധിയായി കേരള സർവകലാശാല സെനറ്റ് അംഗമായും, കേരളത്തിലെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ സംസ്ഥാനതല ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചു. 1980ൽ അദ്ദേഹത്തിന് സോവിയറ്റ് യൂണിയൻ സന്ദർശിക്കാൻ അവസരം ലഭിച്ചു. തനിക്ക് ലഭിച്ച എല്ലാ അംഗീകാരങ്ങൾക്കും ചെങ്കൊടിയുടെ പ്രസ്ഥാനത്തോട് എന്നും മനസുനിറഞ്ഞ കൃതജ്ഞതയോടെ ജീവിച്ച നേതാവായിരുന്നു, അദ്ദേഹം. 1997ൽ അദ്ദേഹം നേതൃത്വം നൽകിയ എഎസ്‌ടിഎ പ്രസ്ഥാനവും സർക്കാർ അധ്യാപകരുടെ സമരസംഘടനയായ ഡിഎസ്‌ടിയുവും കൂടിച്ചേർന്ന് എകെഎസ്‌ടിയു എന്ന പൊതു അധ്യാപക പ്രസ്ഥാനം രൂപംകൊണ്ട ശേഷവും അതിന്റെ മാർഗദർശിയായി സഖാവ് പൂവറ്റൂർ ഗോപി എന്ന അധ്യാപക നേതാവ് മുന്നിൽത്തന്നെ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.