
പ്രശസ്ത ബോളിവുഡ്, അസമീസ് ഗായകന്‍ സുബീന്‍ ഗാർഗ് (52) അന്തരിച്ചു. സിംഗപ്പൂരിൽ വെച്ച് സ്കൂബ ഡൈവിങ്ങിനിടെ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നായിരുന്നു അന്ത്യം. സെപ്റ്റംബർ 20, 21 തീയതികളിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനായിട്ടാണ് അദ്ദേഹം സിംഗപ്പൂരിലെത്തിയത്. സ്കൂബ ഡൈവിങ്ങിനിടെ ശ്വാസതടസ്സം നേരിട്ട സുബീനെ ഉടൻ കരയിലെത്തിച്ച് അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിംഗപ്പൂർ ജനറൽ ആശുപത്രിയിൽ വെച്ച് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് മരണം സ്ഥിരീകരിച്ചത്.
സുബീൻ ഗാർഗിന്റെ വിയോഗത്തിൽ അസം സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി അശോക് സിംഗാള്‍ അനുശോചനം രേഖപ്പെടുത്തി. “അസമിന് നഷ്ടമായത് ഒരു ശബ്ദം മാത്രമല്ല, ഒരു ഹൃദയമിടിപ്പു കൂടിയാണ്. സുബീൻ ദാ ഒരു ഗായകൻ എന്നതിലുപരി, അസമിന്റെയും രാജ്യത്തിന്റെയും അഭിമാനമായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾ നമ്മുടെ സംസ്കാരത്തെയും വികാരങ്ങളെയും ആത്മാവിനെയും ലോകത്തിന്റെ എല്ലാ കോണുകളിലേക്കും കൊണ്ടുപോയി. അദ്ദേഹത്തിന്റെ സംഗീതത്തിൽ, തലമുറകൾ സന്തോഷവും ആശ്വാസവും സ്വത്വവും കണ്ടെത്തി. അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിക്കുന്നു. അസമിന് അതിൻ്റെ പ്രിയപ്പെട്ട മകനെ നഷ്ടപ്പെട്ടു, ഇന്ത്യയ്ക്ക് അതിൻ്റെ ഏറ്റവും മികച്ച സാംസ്കാരിക ഐക്കണുകളിൽ ഒരാളെ നഷ്ടപ്പെട്ടു.” അദ്ദേഹം എക്സിൽ കുറിച്ചു.
സ്വതന്ത്ര, സിനിമാ സംഗീത മേഖലകളിൽ ഒരുപോലെ പ്രശസ്തനാണ് സുബീൻ ഗാർഗ്. അസമീസ്, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലാണ് അദ്ദേഹം ഗാനങ്ങൾ ആലപിച്ചിരുന്നത്. ഇമ്രാൻ ഹാഷ്മിയുടെ ‘ഗാങ്സ്റ്റർ’ എന്ന ചിത്രത്തിലെ ‘യാ അലി’ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ദേശീയ ശ്രദ്ധ നേടിയത്. ‘ക്രിഷ് 3’-യിലെ ‘ദിൽ തൂ ഹി ബതാ’ എന്ന ഗാനവും പ്രശസ്തമാണ്. കൂടാതെ ചാന്ദ്നി രാത്, ചന്ദാ, സ്പർശ് തുടങ്ങിയ ജനപ്രിയ ആൽബങ്ങളും ഗാർഗിൻ്റേതായുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.