24 January 2026, Saturday

Related news

November 26, 2025
November 4, 2025
October 25, 2025
July 23, 2025
April 17, 2025
February 16, 2025
October 18, 2024
July 1, 2024
May 21, 2024
May 19, 2024

ഫാം ടൂറിസത്തിന് സാധ്യതയേറുന്നു; സൂര്യകാന്തി പ്രഭയില്‍ പാടങ്ങൾ

കൃഷിവകുപ്പിന്റെ പിന്തുണയോടെ അഞ്ചു പഞ്ചായത്തുകളില്‍ സൂര്യകാന്തി കൃഷി
ജോമോൻ ജോസഫ്
കൽപറ്റ
April 30, 2023 9:39 pm

ഫാം ടൂറിസത്തിന്റെ വലിയ സാധ്യതകൾ തുറന്നിട്ടുകൊണ്ട് വയനാട്ടിലെ പാടങ്ങള്‍ സൂര്യകാന്തി പ്രഭയില്‍. കൃഷിവകുപ്പിന്റെ ആത്മ പ്രദർശനത്തോട്ടം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അഞ്ചു പഞ്ചായത്തുകളിലെ വിവിധ കർഷകരുടെ പാടങ്ങളിലാണ് സൂര്യകാന്തി വിത്തുപാകിയത്. 6000 ഹൈബ്രിഡ് സൂര്യകാന്തി വിത്തുകൾ തമിഴ്‌നാട്ടിൽനിന്നും ജില്ലയിലെ ആത്മ കർഷക സംഘം വഴിയും എത്തിച്ചാണ് രണ്ടേക്കാറോളം പാടത്ത് വിതച്ചത്. മുൻ വർഷങ്ങളിലും പരീക്ഷാണടിസ്ഥാനത്തിൽ സൂര്യകാന്തി കൃഷിയിറക്കിയിരുന്നെങ്കിലും ഇത്തവണ കൂടുതൽ സ്ഥലങ്ങളിൽ വലിയ രീതിയിൽ സൂര്യകാന്തി കൃഷി വിജയിപ്പിച്ചിരിക്കുകയാണ് കർഷകർ. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ വിവിധയിടങ്ങളിലെ സൂര്യകാന്തി പാടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ജില്ലയിൽ ഫാം ടൂറിസത്തിന്റെ സാധ്യത വർധിപ്പിക്കുന്നതിനൊപ്പം തന്നെ കർഷകർക്ക് പുതിയൊരു വരുമാന മാർഗം കൂടിയായി മാറുകയാണ് സൂര്യകാന്തി കൃഷി. നൂൽപ്പുഴ, നെന്മേനി, പൊഴുതന, വെങ്ങപ്പള്ളി, മുട്ടിൽ എന്നീ പഞ്ചായത്തുകളിലാണ് കൃഷിവകുപ്പിന്റെ ആത്മയുടെ ഭാഗമായുളള പ്രദർശനത്തോട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേക ധനസഹായത്തോടെ സൂര്യകാന്തി കൃഷിയിറക്കുന്നതിനായി കർഷകർക്ക് പിന്തുണ നൽകിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സൂര്യകാന്തി വിത്ത് പാകിയത്. ഏപ്രിൽ ആദ്യ വാരം മുതൽ എല്ലായിടത്തും നല്ലരീതിയിൽ പൂക്കൾ വിരിഞ്ഞു തുടങ്ങി. ഇതോടെ പലസ്ഥലത്തും സഞ്ചാരികളുടെ ഒഴുക്കായി.

മുൻപ് ചെറിയ രീതിയിൽ സൂര്യകാന്തി കൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണ കൂടുതൽ സ്ഥലത്ത് കൃഷി വിജയകരമായി വ്യാപിപ്പിച്ചു. ഫാം ടൂറിസത്തിന്റെ സാധ്യത മുന്നിൽ കണ്ടല്ല കൃഷിയിറക്കിയതെങ്കിലും ഇപ്പോൾ അത് കർഷകർക്ക് ഒരു വരുമാനം കൂടിയായി മാറി. സൂര്യകാന്തിയുടെ എണ്ണ ഫിൽട്ടർ ചെയ്തെടുക്കാനുള്ള സംവിധാനം ജില്ലയിൽ ഇല്ല. എങ്കിലും സൂര്യകാന്തിയുടെ ഉണങ്ങിയ വിത്തുകൾ കിലോക്ക് 80 രൂപ മുതൽ 120 രൂപവരെ നൽകികൊണ്ട് എടുക്കാൻ ആളുകളുണ്ട്. ഇത്തരത്തിൽ വിത്തുകൾ വിറ്റുകൊണ്ടും കർഷകർക്ക് വരുമാനമുണ്ടാക്കമെന്നും കര്‍ഷകര്‍ പറയുന്നു.

വരും വർഷങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരത്തിൽ സൂര്യകാന്തി കൃഷി ചെയ്യുന്നത് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു പഞ്ചായത്തുകളിലും വിവിധയിടങ്ങളിലായാണ് സൂര്യകാന്തി കൃഷി ചെയ്തതിരിക്കുന്നത്. ചീരാലിലും പിണങ്ങോടും കാക്കവയലിലുമെല്ലാം സൂര്യകാന്തി പാടങ്ങൾ കാണാൻ നിരവധി പേരാണ് ഓരോ ദിവസവും എത്തുന്നത്. ഫാം ടൂറിസത്തിന്റെ ഭാഗമായി തോട്ടം സന്ദർശിക്കാൻ വരുന്നവരിൽ നിന്നും ചെറിയ ഫീസ് തോട്ടം സംരക്ഷണത്തിന്റെ ഭാഗമായി കർഷകർ വാങ്ങുന്നുണ്ട്. ഇത് കർഷകർക്ക് ഒരു വരുമാനമാകാനും സാധ്യതയുണ്ട്.

Eng­lish Summary;Potential for farm tourism; Fields in the sunlight

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.