1 March 2026, Sunday

Related news

February 26, 2026
February 25, 2026
February 21, 2026
February 19, 2026
February 18, 2026
February 17, 2026
February 15, 2026
February 14, 2026
February 13, 2026
February 13, 2026

യുഡിഎഫും ബിജെപിയും കെട്ടിപ്പൊക്കിയ പോറ്റി കോട്ടകൾ തകർന്നു: ബിനോയ് വിശ്വം

Janayugom Webdesk
ശാസ്താംകോട്ട
February 10, 2026 10:09 pm

ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും കെട്ടിപ്പൊക്കിയ പോറ്റി കോട്ടകൾ തകർന്നുവീണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശാസ്താംകോട്ട വിജയാ കാസിലിൽ പൗരപ്രമുഖരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എല്‍ഡിഎഫ് തെക്കന്‍മേഖലാ ജാഥാ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം. പോറ്റിയുടെ രാഷ്ട്രീയ രക്ഷകരെ കേരളം കണ്ടു. പോറ്റിയെ കാത്തുരക്ഷിക്കാനും ചേർത്തുപിടിക്കാനും വളർത്താനുമൊക്കെ കേരളത്തിനകത്തും പുറത്തുമുള്ള ബിജെപി നേതാക്കളും കോൺഗ്രസ് നേതാക്കളും പരസ്പരം മത്സരിക്കുകയായിരുന്നു. കർണാടകത്തിലെ ഭരണത്തലവന്മാർ അടക്കം പോറ്റിക്ക് ബന്ധമുള്ളവരാണ്. കേരളത്തിലെ യുഡിഎഫ് കൺവീനർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പുറത്തുവരികയാണ്.
ഏറ്റവും ഒടുവിൽ ശബരിമലയിലെ കൊടിമരത്തിന്റെ കാര്യത്തിൽ വന്ന കള്ളത്തരവും ഇക്കൂട്ടരുടെ കാലത്താണ് നടന്നത്. ആരാധനാ കേന്ദ്രങ്ങളെ അവയുടെ പവിത്രതയിൽ കാണാൻ എൽഡിഎഫിന് കഴിയും. അവിടുത്തെ സമ്പത്ത് ക്ഷേത്രം വകയാണ് എന്ന് എൽഡിഎഫിനറിയാം. അതുകൊണ്ടുതന്നെയാണ് കുറ്റക്കാർ ആരായാലും വെറുതെ വിടില്ലെന്ന് പറയാനുള്ള ആർജവം എൽഡിഎഫിനുള്ളത്. 

തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രി വന്ന് ബ്ലൂ പ്രിന്റ് പ്രഖ്യാപിക്കുമെന്ന് ബിജെപി പറഞ്ഞു. പ്രധാനമന്ത്രി വന്നതല്ലാതെ ഒരു പ്രഖ്യാപനവും നടത്തിയില്ല. ഒരു മുന്‍ പൊലീസ് ഓഫിസറെ മേയർസ്ഥാനം കാണിച്ച് പ്രലോഭിപ്പിച്ച് മത്സരിപ്പിച്ചിട്ട് കറിവേപ്പില പോലെ ഉപേക്ഷിച്ചു. പ്രധാനമന്ത്രിയെ കാണാൻ ഡൽഹിക്ക് പോയ സംഘത്തിൽ നിന്നും അവർ വിട്ടുനിൽക്കുന്നു. ഇങ്ങനെ ആഭ്യന്തര കലാപത്തിൽ അകപ്പെട്ടിരിക്കുകയാണ് കേരളത്തിലെ ബിജെപി. കോൺഗ്രസും ബിജെപിയും നടത്തുന്ന കള്ളപ്രചാരവേലയ്ക്ക് മുമ്പിൽ എൽഡിഎഫ് പതറില്ല. നൂറ് കനഗോലുമാരു വന്നാലും തോൽക്കാൻ വിധിക്കപ്പെട്ട യുഡിഎഫിനെ രക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാഥാ അംഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, പി വസന്തം, വി ടി ജോസഫ്, കെ വി ബാലസുബ്രഹ്മണ്യൻ, പി കെ രാജൻ, യൂജിൻ മൊറേലി, ഉഴമലയ്ക്കൽ വേണുഗോപാൽ, എ ഷാജു, ജോർജ് അഗസ്റ്റിൻ, സി പി അൻവർ സാദത്ത്, ജോണി ചെറുവുപറമ്പിൽ എന്നിവരും പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.