ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ മറൈൻ ഡ്രൈവിലുള്ള തീരദേശ ഐ ജി ഓഫീസിൽ എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് രഞ്ജിത്തിനെ ചോദ്യം ചെയ്തത്. പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനായി വിളിച്ചുവരുത്തിയ ശേഷം എറണാകുളം കതൃക്കടവിലുള്ള ഹോട്ടലിൽ വെച്ച് ബംഗാളി നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് രഞ്ജിത്തിനെതിരായ പരാതി. ആദ്യം തന്റെ കയ്യിൽ സ്പർശിച്ചെന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് കൈ നീട്ടിയെന്നുമായിരുന്നു നടിയുടെ പരാതി. തുടർന്ന് ഇവിടെ നിന്ന് രക്ഷപ്പെട്ട് പോവുകയായിരുന്നുവെന്നും നടി പറഞ്ഞു. ആദ്യം എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറുകയായിരുന്നു.
പശ്ചിമ ബംഗാളിലെ കൊൽക്കത്ത സ്വദേശി എന്ന നിലയിൽ കുറ്റകൃത്യം നടന്ന സമയത്ത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354, 354 ബി പ്രകാരമുള്ള കുറ്റത്തിന് രഞ്ജിത്തിനെതിരെ നടപടിയുമായി മുന്നോട് പോകാൻ കഴിഞ്ഞില്ല. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളിലൂടെ തന്റെ അനുഭവം പങ്കിടാൻ അവസരമുണ്ടായെന്നും നടി പറഞ്ഞിരുന്നു. ഈ കേസിൽ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. നടിയുടെ പരാതിക്ക് പിന്നാലെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ബംഗളൂരുവിലെ ആഡംബര ഹോട്ടൽ മുറിയിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിലും രഞ്ജിത്തിനെതിരെ കേസുണ്ട്. ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നും നഗ്‌ന ചിത്രങ്ങൾ പകർത്തി എന്നുമായിരുന്നു പരാതി. ഈ കേസിൽ രഞ്ജിത്തിന്റെ അറസ്റ്റ് ഒരു മാസത്തേക്ക് കോടതി തടഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.