മിഠായിത്തെരുവിലെ ഒരു ചായക്കടയിലിരുന്ന് ടിഷ്യു പേപ്പറിൽ കുറിച്ച നാലുവരിയാണ് പ്രകാശ് മാരാരെ സിനിമയുടെ ലോകത്തേക്കെത്തിച്ചത്. ‘മഞ്ഞു നിലാവിൻ പുഞ്ചിരി വീഴും, മഞ്ജുള നിളയുടെ തീരത്ത്’… എന്നു തുടങ്ങുന്ന വരികൾ ഇഷ്ടപ്പെട്ട സംവിധായകൻ റോബിൻ തിരുമല തന്റെ പുതിയ ചിത്രമായ ചെമ്പടയിൽ പാട്ടെഴുതാനുള്ള അവസരം മാരാർക്ക് നൽകുകയായിരുന്നു. എം ഡി അജയഘോഷിന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ അഞ്ച് പാട്ടുകളാണ് പ്രകാശ് മാരാർ എഴുതിയത്. പടം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പാട്ടുകളെല്ലാം ശ്രദ്ധനേടി. കല്ലുരുക്കിപ്പു, രാവിൻ വിരൽ തുമ്പിൽ, തുമ്പേ തുമ്പേ, ഒരു പാട്ടായി, മേലേ ഏതോ ഒരു മിന്നാമിന്നി, പതിയെ വന്ന തുടങ്ങിയ പാട്ടുകളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടി.
ഹരിദാസ് സംവിധാനം ചെയ്ത ചെറിയ കള്ളനും വലിയ പൊലീസും, ഗോവിന്ദൻകുട്ടി അടൂർ സംവിധാനം ചെയ്ത ത്രീ ചാർ സൗ ബീസ്, ദേവീദാസൻ സംവിധാനം ചെയ്ത മഹാരാജാ ടാക്കീസ്, ഹരിദാസിന്റെ വീണ്ടും കണ്ണൂർ, വിനീത് കുമാർ നായകനായ വേഗം, പത്മകുമാർ സംവിധാനം ചെയ്ത ഒറീസ്സ, വിനീത് കുമാർ സംവിധാനം ചെയ്ത അയാൾ ഞാനല്ല, ബിജിത്ത് ബാലയുടെ നെല്ലിക്ക തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം പാട്ടുകൾ എഴുതി. എം പത്മകുമാർ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ കനലിൽ ഞാനെഴുതിയ ഒരു വേനൽക്കാറ്റായ് മെല്ലെ മെല്ലെ ആരോ. . എന്ന തുടങ്ങുന്ന പാട്ട് ഏറെ ജനപ്രിയമായി. അനൂപ് മേനോനായിരുന്നു ഗാനരംഗത്ത് അഭിനയിച്ചത്. വീണ്ടും കണ്ണൂരിലെ മെല്ലെ മെല്ലെ മഴയായി, ഒറീസ്സയിലെ മേഘമേ, നെല്ലിക്കയിലെ ചിറകുരുമ്മി മെല്ലെ, രാവിൻ നിഴലോരം, സ്വപ്നച്ചിറകിലൊന്നായി തുടങ്ങിയ പാട്ടുകളും ശ്രദ്ധ നേടി.
വിദ്യാഭ്യാസ കാലം മുതൽക്കു തന്നെ മാരാർ പാട്ടുകളെഴുതി തുടങ്ങിയിരുന്നു. താമരശ്ശേരിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഹിന്ദി അധ്യാപകനായി ജോലി നോക്കുമ്പോൾ ആകാശവാണിയിൽ പാട്ടുകൾ വരാൻ തുടങ്ങി. പനങ്ങാട് രൂപീകരിച്ച നാടക ട്രൂപ്പിന്റെ ആദ്യ നാടകമായ ജുഡീഷ്യറിക്ക് പാട്ടെഴുതി കൊണ്ടാണ് പ്രൊഫഷണൽ നാടകവേദിയിലെത്തിയത്. ഷാജി കണയംകോടിന്റെ ചാണക്യ, പ്രദീപ് റോയ് സംവിധാനം ചെയ്ത മഹാപ്രയാണം, പ്രദീപ് കുമാർ കാവുന്തറ രചിച്ച ദല്ലാൾ, നിഷ്ക്കളങ്കൻ തുടങ്ങി നിരവധി നാടകങ്ങൾക്ക് പാട്ടെഴുതി. ശ്രീപ്രകാശ് സംവിധാനം ചെയ്ത ടി കക്ഷിയുടെ അനന്തരാവകാശി എന്ന സീരിയലിന് വേണ്ടും ഗാനരചന നിർവഹിച്ചു. നവോദയ ബാലകൃഷ്ണൻ സംഗീതം പകർന്ന പ്രണയം സാന്ദ്രം, നീയറിയാതെ തുടങ്ങിയ ആൽബങ്ങൾക്ക് പാട്ടെഴുതി. ഇരുപതോളം ഭക്തിഗാന ആൽബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. താനെഴുതിയതിൽ മൃദുല വാര്യർ പാടിയെ മഴയുടെ വിരൽ തൊട്ട പുഴയുടെ കവിളിൽ ചെറു നുണകുഴികളായ് പ്രണയം എന്ന പാട്ട് മാരാർക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാൽ ഈ സിനിമയും പാട്ടും പുറത്തുവന്നില്ല. കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ ദി ഡാർക്ക് സൈറ്റ് എന്നൊരു ഷോർട്ട് ഫിലിം കഥയെഴുതി സംവിധാനം ചെയ്തു. ബാലുശ്ശേരിക്കടുത്ത് പനങ്ങാട് നോർത്തിലായിരുന്നു താമസം. പുതിയൊരു സിനിമയുടെ ഗാനരചനയ്ക്കായി എത്തിയപ്പോൾ ചെങ്ങന്നൂരിൽ വെച്ചായിരുന്നു അന്ത്യം. പ്രണയാർദ്രമായ വരികൾ ബാക്കിയാക്കി അങ്ങിനെ പ്രകാശ് മാരാർ യാത്രയായി. ഭാര്യ: സോണി (വടകര) മക്കൾ: ഹീര, ഹൃദ്യ (കേരളബേങ്ക് കൊടുവള്ളി) മരുമകൻ: അർജ്ജുൻ ( നരിക്കുനി).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.