22 November 2024, Friday
KSFE Galaxy Chits Banner 2

സാര്‍വത്രിക മതസഹിഷ്ണുതയെ അട്ടിമറിക്കുന്ന പ്രാണപ്രതിഷ്ഠ

Janayugom Webdesk
January 11, 2024 5:00 am

ധുനിക ഇന്ത്യയെ ഏറ്റവുമധികം സ്വാധീനിച്ച മഹാത്മാക്കളിൽ ഒരാളായ സ്വാമി വിവേകാനന്ദന്റെ 161-ാമത് ജയന്തിദിനമാണ് നാളെ. രാജ്യത്തെ എക്കാലത്തെയും സമുന്നത ദാർശനികരിൽ ഒരുവനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന വിവേകാനന്ദൻ പാശ്ചാത്യലോകത്ത് വേദാന്ത ദൗത്യപ്രചാരകനും തന്റെ കാലത്തെ ഹിന്ദുമത നവോത്ഥാന നായകനുമായി ചരിത്രത്തിൽ സ്ഥാനംപിടിച്ചു. ബ്രിട്ടീഷ് കോളനിഭരണം നിലനിന്നിരുന്ന അന്നത്തെ ഇന്ത്യയിലെ അടിമജനതയിൽ ദേശാഭിമാനബോധം വളർത്തിയെടുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. 1893ൽ ഷിക്കാഗോയിൽ നടന്ന മതങ്ങളുടെ പാർലമെന്റിൽ അദ്ദേഹം നടത്തിയ ചരിത്രപ്രസിദ്ധമായ പ്രഭാഷണമാണ് ഹിന്ദുധർമ്മത്തെപ്പറ്റിയും അത് ഉയർത്തിപ്പിടിക്കുന്ന സാർവലൗകിക മതസഹിഷ്ണുതയെപ്പറ്റിയും പാശ്ചാത്യലോകത്തിനും വിശിഷ്യ അമേരിക്കയ്ക്ക് ആഴമേറിയ ഉൾക്കാഴ്ച നൽകിയത്. തീവ്രഹിന്ദുത്വം രാഷ്ട്രജീവിതത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും മതങ്ങളുടെയും സംസ്കാരങ്ങളുടെയും ബഹുത്വംകൊണ്ടും വൈവിധ്യംകൊണ്ടും സമ്പന്നവും സമാനതകളില്ലാത്തതുമായ സമൂഹത്തിന്റെ നിലനില്പിനുതന്നെ വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുമ്പോൾ വിവേകാനന്ദ ചിന്തകൾ പ്രത്യാശയുടെ ദീപസ്തംഭമായി ഉയർന്നുനിൽക്കുന്നു. രാജ്യത്ത് ഹിംസാത്മക ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിച്ച്, ഇതരമതങ്ങളോടുള്ള വിദ്വേഷം ആളിക്കത്തിച്ചും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയുള്ള മോഡീഭരണകൂടശ്രമങ്ങൾ കൊടുമ്പിരികൊള്ളവെ ഇക്കൊല്ലത്തെ സ്വാമി വിവേകാനന്ദ ജയന്തിക്ക് പ്രസക്തിയേറുന്നു. തന്റെ ചരിത്രപ്രസിദ്ധമായ അമേരിക്കൻ സന്ദർശനത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ വിവേകാനന്ദൻ 1897ൽ അന്നത്തെ മദ്രാസിൽ സാർവത്രിക മതസഹിഷ്ണുതയെപ്പറ്റി നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ പേരിൽ നാഴികയ്ക്ക് നാല്പതുവട്ടം ആണയിടുന്ന തീവ്രഹിന്ദുത്വ വക്താക്കളും പ്രചാരകരും പുനർവായന നടത്തുന്നതും അതിന്റെ അന്തഃസത്ത ആത്മാർത്ഥതയോടെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നതും രാജ്യനന്മയ്ക്കും ജനതയുടെ സമാധാനജീവിതം ഉറപ്പുവരുത്തുന്നതിനും സഹായകമാവും.
“മതഭ്രാന്തിനും രക്തച്ചൊരിച്ചിലിനും പൈശാചികതയ്ക്കും അറുതിവരുത്താതെ ഒരു സംസ്കാരത്തിനും വളരാനാവില്ല.


ഇതുകൂടി വായിക്കൂ:  ശാസ്ത്രവും മതവും


കരുണയോടെ പരസ്പരം നോക്കിക്കാണാനാവാത്ത ഒരു സംസ്കാരത്തിനും തലയുയർത്തി നിൽക്കാനാവില്ല. അവശ്യം ആവശ്യമായ ആ കാരുണ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ് ഉദാരചിത്തതയോടെയും ദയാവായ്പോടെയും മറ്റുള്ളവരുടെ മതവിശ്വാസത്തെ നോക്കിക്കാണുമ്പോഴാണ് ആരംഭിക്കുന്നത്. നാം കേവലം ദയാവായ്പുള്ളവരായാൽ മാത്രം പോര, നമ്മുടെ മതപരമായ ആശയങ്ങളും ബോധ്യങ്ങളും എന്തുതന്നെയാണെങ്കിലും, എത്ര വ്യത്യസ്തങ്ങൾ ആയിരുന്നാലും, നിശ്ചയമായും പരസ്പരം സഹായസന്നദ്ധരായിരിക്കണം. അതാണ് ഞാൻ നിങ്ങളോട് ആവർത്തിച്ചു പറയുന്നത്, ഇവിടെ ഈ ഇന്ത്യയിലാണ് ഹിന്ദുക്കൾ ക്രിസ്ത്യൻ പള്ളികളും മുഹമ്മദൻ മോസ്കുകളും നിർമ്മിച്ചുനൽകിയതും ഇപ്പോഴും നിർമ്മിച്ചുനൽകുന്നതും. ലോകം ഈ സാർവത്രിക മതസഹിഷ്ണുതയെയാണ് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.” സ്വാമി വിവേകാന്ദന്റെ സാർവത്രിക മതസഹിഷ്ണുത സംബന്ധിച്ച ഈ സന്ദേശവും അതിന്റെ അന്തഃസത്തയും അപ്പാടെ വിസ്മരിച്ചുകൊണ്ടാണ് രാഷ്ട്രഭരണം കയ്യാളുന്നവർ ആ മഹാത്മാവിന്റെ നാമം യഥേഷ്ടം ദുരുപയോഗം ചെയ്തുവരുന്നത്. ആസന്നമായ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധമായി രാജ്യത്താകെ വീശിയടിക്കുന്ന വർഗീയവെറിയുടെ അന്തരീക്ഷത്തിൽ വിവേകാനന്ദന്റെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന മതസഹിഷ്ണുതയാണ് ചോദ്യംചെയ്യപ്പെടുന്നത്. മതസഹിഷ്ണുതയുടെ സാർവത്രിക മൂല്യങ്ങളെയാണ് അവ സംരക്ഷിക്കാൻ ബാധ്യസ്ഥരായ ഭരണകൂടംതന്നെ നിർദാക്ഷിണ്യം അട്ടിമറിക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ഹിന്ദുയിസത്തെ വെല്ലുവിളിച്ച് ഹിന്ദുത്വ


അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാപനം മതപരമായ ഒന്നല്ലെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. രാഷ്ട്രീയാധികാരം ഉറപ്പിച്ചുനിർത്താൻ മതത്തെയും ഭൂരിപക്ഷ മതത്തിൽപ്പെട്ട സാധാരണക്കാരായ പൗരന്മാരുടെ മതവികാരത്തെയും മൂലധനമാക്കിമാറ്റി നടത്തുന്ന അധാർമ്മികതയാണ് അരങ്ങേറുന്നത്. അത് ഭൂരിപക്ഷ മതത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുക എന്നതിലുപരി മതന്യൂനപക്ഷങ്ങളെ ശത്രുപക്ഷത്തുനിർത്തിയുള്ള രാഷ്ട്രീയമുതലെടുപ്പായി മാറിക്കഴിഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ ഹിന്ദുമതത്തിലെ വ്യവസ്ഥാപിത ആചാരമര്യാദകൾ അപ്പാടെ ലംഘിച്ചുകൊണ്ട് നടത്തുന്ന പ്രാണപ്രതിഷ്ഠാചടങ്ങുകൾക്കെതിരെ പ്രമുഖ ഹിന്ദുമതാചാര്യന്മാർതന്നെ രംഗത്തുവന്നിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാവാതെ നടത്തുന്ന പ്രതിഷ്ഠാപനച്ചടങ്ങ് ആചാരമര്യാദകൾ അവഗണിച്ചുകൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ഷേത്രം പണിതുയർത്തിയ സ്ഥാനത്ത് അഞ്ഞൂറുവർഷത്തിലേറെയായി നിലനിന്നിരുന്ന ബാബറി മസ്ജിദ് പൊളിച്ചുനീക്കിയ സംഭവം സൃഷ്ടിച്ച അക്രമങ്ങളുടെയും കൂട്ടക്കൊലകളുടെയും നടുക്കുന്ന ചിത്രം രാഷ്ട്രമനസിൽനിന്നും ഇനിയും മാഞ്ഞിട്ടില്ല. അത്തരം ദുരന്തങ്ങളുടെ ആവർത്തനം താങ്ങാനുള്ള ശേഷി ദുർബലമായ രാഷ്ട്രഗാത്രത്തിനില്ല. മതഭ്രാന്തും രക്തച്ചൊരിച്ചിലും പൈശാചികതയുമല്ല ഒരു സംസ്കാരത്തെയും മഹത്തരമാക്കുന്നതെന്ന വിവേകാനന്ദവചസുകൾ ഇത്തരുണത്തിൽ അതീവപ്രസക്തിയാർജിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.