17 January 2026, Saturday

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രശാന്ത് കിഷോര്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 15, 2025 1:20 pm

നവംബറില്‍ നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജന്‍ സൂരജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു. തന്റെ പാര്‍ട്ടിയുടെ വലിയ നന്മയ്ക്കായിട്ടാണ് ഇത്തരത്തിലൊരുതീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍, അത് തന്റെ ജന്മനാടായ കര്‍ഗഹാറില്‍ നിന്നോ അല്ലെങ്കില്‍ ആര്‍ജെഡിയുടെ ശക്തികേന്ദ്രമായ രഘോപുരില്‍ നിന്നോ ആയിരിക്കുമെന്ന് കിഷോര്‍ നേരത്തെ പറഞ്ഞിരുന്നു.

ജന്‍ സുരാജ് പാര്‍ട്ടിയുടെ ആദ്യ പട്ടികയില്‍, കര്‍ഗഹാറില്‍ നിന്ന് രിതേഷ് രഞ്ജനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. രഘോപുര്‍ നിയമസഭാ സീറ്റില്‍ ചഞ്ചല്‍ സിംഗിനെ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ രാത്രിയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. രഘോപുര്‍, തേജസ്വി യാദവ് പ്രതിനിധീകരിക്കുന്ന ആര്‍ജെഡിയുടെ ശക്തികേന്ദ്രമാണ്, അവിടെ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ കിഷോറിന് കടുത്ത പോരാട്ടം നേരിടേണ്ടി വരുമായിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പ്രശാന്ത് കിഷോറിനെ ഒരു മണ്ഡലത്തില്‍ തളച്ചിടുകയും പാര്‍ട്ടിയുടെ പ്രചാരണത്തെ ബാധിക്കുകയും ചെയ്യുമെന്ന വിലയിരുത്തലിലാണ് മാറിനില്‍ക്കുന്നതെന്നും ജന്‍ സുരാജ് പാര്‍ട്ടി വ്യക്തമാക്കി. ഞാന്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മത്സരിക്കേണ്ടെന്നും ജന്‍ സൂരജ് തീരുമാനിച്ചു പ്രശാന്ത് കിഷോര്‍ പിടിഐയോട് പറഞ്ഞു.

150 സീറ്റില്‍ കുറഞ്ഞതെന്തും പാര്‍ട്ടി പരാജയമായി കണക്കാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.ബിഹാറില്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് പരാജയം ഉറപ്പാണെന്നും കിഷോര്‍ പറഞ്ഞു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു 25 സീറ്റുകള്‍ പോലും നേടാന്‍ പാടുപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ തീര്‍ച്ചയായും പുറത്തേക്കുള്ള വഴിയിലാണ്, നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തിരിച്ചുവരില്ല അദ്ദേഹം അഭിപ്രായപ്പെട്ടു .

ജെഡിയുവിനെ കാത്തിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ ഒരു തിരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനാകേണ്ടതില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിരാഗ് പാസ്വാന്‍ ഒരു കലാപം നടത്തി, കുമാറിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, അവരില്‍ പലരും അപ്രസക്തരായിരുന്നു. ഇത് അവരുടെ സീറ്റുകളുടെ എണ്ണം 43 ആയി കുറയാന്‍ കാരണമായി. ഇന്ത്യാ മുന്നണിയിലും സ്ഥിതി വ്യത്യസ്തമല്ല. ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ ഒരിക്കലും അവസാനിക്കാത്ത തര്‍ക്കമുണ്ട്. മുകേഷ് സഹാനിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ഇപ്പോഴും അവരുടെ പക്ഷത്തുണ്ടോ എന്ന് ആര്‍ക്കും അറിയില്ല’ പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.