7 January 2025, Tuesday
KSFE Galaxy Chits Banner 2

നാളെ മാതൃഭാഷാ ദിനം : മലയാള ഭാഷയെ സാങ്കേതിക വിദ്യാ സൗഹൃദമാക്കുന്നതിന് മാതൃകയായി പ്രവീൺ വർമ്മ

ഐശ്വര്യ ശ്രീജിത്ത്
കോഴിക്കോട്:
February 20, 2022 6:10 pm

 

 

മനുഷ്യവംശത്തിന്റെ കുടിയേറ്റ ചരിത്രത്തോടൊപ്പം തന്നെ പഴക്കമുളളതാണ് ഭാഷകളുടെ കുടിയേറ്റവും. ലോകമെമ്പാടും ജീവിതോപാധിക്കായും അല്ലാതെയും മനുഷ്യർ സഞ്ചരിക്കുന്നതിനോടൊപ്പം തന്നെ സഞ്ചരിക്കപ്പെടുകയും സ്വാംശീകരിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് ഭാഷയും. ഏത് നാട്ടിൽപ്പോയി അവിടത്തെ ഭാഷ സംസാരിക്കുമ്പോഴും ഒന്ന് വേദനിച്ചാലോ സ്വന്തം നാട്ടുകാരനെക്കണ്ട് അമ്പരക്കുമ്പോഴോ എന്തിന് മനസു തുറന്നൊന്ന് സംസാരിക്കണമെങ്കിൽപ്പോലും നാവിൻതുമ്പത്ത് ആദ്യം വരിക അവനവന്റെ സ്വന്തം മാതൃഭാഷയാണ്. 1999 നവംബർ 17നാണ് യുനെസ്കോ ഫെബ്രുവരി 21ന് ലോക മാത‍ൃഭാഷാ ദിനമായി പ്രഖ്യാപിച്ചത്. ഭാഷാ സാംസ്കാരിക വെെവിധ്യം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോകമാതൃഭാഷാ ദിനം വർഷംതോറും ആചരിച്ചു വരുന്നത്. 2008നെ ലോക ഭാഷാ വർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി. ഓരോ ഭാഷകളുടെയും സ്വത്വം സംരക്ഷിക്കണമെന്നും അത് സമൂഹത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാക്കണമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ സന്ദേശം.
കുട്ടികൾക്കു മലയാളം അറിയില്ല എന്നു പറയുന്നത് അഭിമാനമാ‍യി കരുതിയിരുന്ന ആളുകളിൽ നിന്ന് വ്യത്യസ്തമായി പുതുതലമുറയെ മലയാളം പരിശീലിപ്പിക്കാൻ ആത്മാർഥമായി ശ്രമിക്കുന്ന മലയാളികളാണ് ഇന്നു ലോകത്തിന്റെ ഏതു കോണിലും ഉള്ളത്. ആശയ വിനിമയത്തിലുപരി സാമൂഹ്യനന്മയും സ്വത്വ ബോധവും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് ഭാഷ.
ഇത്തവണ ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷൻ നൽകുന്ന പ്രവാസി ഭാഷാ പുരസ്കാരത്തിന് കോഴിക്കോട് സ്വദേശിയായ പ്രവീൺ വർമ്മ എം കെ യാണ് അർഹനായത്. മലയാള ഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിന് നൂതന ആശയം ആവിഷ്കരിച്ച് അവതരിപ്പിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകുന്ന ഭാഷാ പ്രതിഭാ പുരസ്കാരമാണിത്. സെഡ് എം പൂളമംഗലം ഹെെസ്കൂളിലെ ഭാഷാധ്യാപകനായ പ്രവീൺ ബാലുശ്ശേരി മല്ലിശ്ശേരി കോവിലകം കുടുംബാംഗമാണ്. തന്റെ വെബ്സൈറ്റായ താളിളക്കം, മലപ്പുറം ജില്ലയിലെ യു പി തല മലയാളാധ്യാപക കൂട്ടായ്മ തയ്യാറാക്കിയ മമ ആപ്പ്, കീരവാണി ദ്വൈവാരിക ഡിജിറ്റൽ പത്രം, മലയാളം വെർച്വൽ ലാബ് തുടങ്ങിയ ഭാഷാ സാങ്കേതിക സംവിധാനങ്ങളാണ് പ്രവീൺ വർമ്മയെ ഒരു ലക്ഷം രൂപയുടെ അവാർഡിന് അർഹനാക്കിയത്. ഇവകൂടാതെ മലയാളം മിഷന്റെ ഭാഷാ പ്രതിഭ പുരസ്കാരവും പ്രവീൺ വർമ്മ നേടിയിട്ടുണ്ട്. സാങ്കേതിക ഭാഷാപരമായ മൊബെെൽ ആപ്ലിക്കേഷനായ എഴുത്താശാൻ, എഴുത്തുപുര എന്നിവയും ഇദ്ദേഹത്തിന്റെ സംഭാവനയാണ്. കൂടാതെ 1841 ലെ മലയാളത്തിലെ ആദ്യ നിഘണ്ടുവായ ബെഞ്ചമിൻ ബെയ് ലിയുടെയം ഹെർമൻ ഗുണ്ടർട്ടിന്റേയും നിഘണ്ടുകളും തുറന്ന ശൈലിയിൽ വിഭാവനം ചെയ്തിരിക്കുന്നു. താളിളക്കം എന്ന വെബ് സൈറ്റിലൂടെ 562 പൂർവ്വകാല സാഹിത്യ കൃതികൾ, താളിയോല ഗ്രന്ഥങ്ങൾ, പുരാതന മാസികകൾ എന്നിവയുടെ ശേഖരണമാണ് ഇദ്ദേഹം ഒരുക്കിയിട്ടുള്ളത്. നൂറ് വർഷം മുമ്പുള്ള രസികരഞ്ജിനി, മംഗളോദയം തുടങ്ങിയ ഭാഷാപരമായ ലേഖനങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രധാനമായും മലയാള ഭാഷാധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും വേണ്ട വിഭവങ്ങളുടെ ശേഖരമാണ് ഇതിൽ ഒരുക്കിയിട്ടുള്ളതെന്ന് പ്രവീൺ വർമ്മ പറഞ്ഞു.
ഭാഷയിൽനിന്നു ബഹുദൂരം അകലെ നിൽക്കേണ്ടിവന്ന ഒരു വലിയ മലയാളി സമൂഹത്തെ അതിനോട് അടുപ്പിക്കാൻ ഈ സാങ്കേതിക മുന്നേറ്റം കാരണമായിട്ടുണ്ട്. മലയാള ഭാഷയെ സാങ്കേതിക വിദ്യാ സൗഹൃദമാക്കുന്നതിനുള്ള മികവിന് കിട്ടിയ അംഗീകാരം കൂടിയാണിത്.

 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.