7 December 2025, Sunday

Related news

October 9, 2025
October 9, 2025
October 6, 2025
September 29, 2025
September 29, 2025
September 29, 2025
August 19, 2025
July 28, 2025
April 22, 2025
February 13, 2025

അഴിമതിയുടെ പ്രാര്‍ത്ഥനയും ഉല്‍പ്രേക്ഷയും

ജയ്സണ്‍ ജോസഫ്
October 7, 2024 10:38 pm

“ആള് പുത്തിമോശക്കാരനാർന്നൂങ്കിലും ഞാൻ പറഞ്ഞതിന് അപ്പറംണ്ടാർന്നീല്ല; മീനാക്ഷ്യേ|”… ദേഷ്യം വന്നപ്പോൾ ഭർത്താവിനോട് തൂങ്ങിച്ചാകാൻ പറയുന്ന ഭാര്യ. ഭർത്താവ് തൂങ്ങിച്ചാവുകയും ചെയ്തു. ഭാര്യയുടെ പ്രസ്താവം: ‘,… അതല്ലേ എനിക്ക് ഒര്ദ്. വികെഎൻ കഥയുടെ പുനർജനിയായി ഇന്നലെ നിയമസഭ.
“കേരളത്തിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ സ്വർണത്തിലൂടെയും ഹവാല ഇടപാടുകളിലൂടെയും എത്തുന്ന പണം ദേശവിരുദ്ധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന് ദേശീയ മാധ്യമങ്ങൾ തുടർച്ചയായി റിപ്പോർട്ടു ചെയ്യുന്നു. ഇത് അപമാനകരമാണ്. ഈ സാഹചര്യം ചർച്ചചെയ്യണം” പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. ചർച്ചയാവാം എന്ന് മുഖ്യമന്ത്രി. 12ന് ചർച്ചയുടെ സമയം നിശ്ചയിച്ചു. ചർച്ചയോ… തൂങ്ങിച്ചാവുക തന്നെ.
അനാവശ്യമായ ചർച്ചകൾ. നടുത്തളത്തിലേക്ക് ഇറങ്ങുന്നു, സ്പീക്കറുടെ മുഖം മറച്ച് വലിയ ബാനറുകൾ കെട്ടി പ്രകടനങ്ങളിലേയ്ക്കായി യുഡിഎഫ് മാത്യു കുഴൽനാടനും അനവർ സാദത്തും ഐ സി ബാലകൃഷ്ണനും അടക്കമുള്ളവർ സ്പീക്കറുടെ ഡയസിലേക്ക് ‘തള്ളോട് തള്ള് ‘. വാച്ച് ആന്റ് വാർഡിനോട് പോര്. പ്രതിപക്ഷ നേതാവ് താനല്ലയോ എന്ന ഉൽപ്രേഷയിലലിഞ്ഞും ഭ്രമിച്ചവശായും കുഴൽനാടൻ. സഭാ നടപടികൾ ശാന്തമാക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പ്രതിപക്ഷ നേതാവിന് മൈക്ക് കൊടുത്ത ഘട്ടത്തിൽ സൂപ്പർ പ്രതിപക്ഷനേതാവിനെപ്പോലെ സംസാരിച്ച മാത്യു കുഴൽനാടനോട് ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കർക്കും ചോദിക്കേണ്ടി വന്നു. 

പിന്നീട് ഇതിൽ പിടിച്ചായി പോര്. പാർലമെന്ററി മര്യാദകൾ വിട്ട് സ്പീക്കറെയും മുഖ്യമന്ത്രിയെയും അപമാനിച്ചു പ്രതിപക്ഷനേതാവ്. പക്വതയില്ലാത്ത പ്രതിപക്ഷ നേതാവെന്ന തന്റെ പരാമർശം ശരിയാണെന്നു ആവർത്തിച്ചു തെളിയിക്കുന്നു പ്രകടനമെന്ന് ചൂണ്ടിക്കാട്ടി പാർലമെന്ററികാര്യ മന്ത്രി എംബി രാജേഷ്.
ആർഎസ്എസും എഡിജിപി അജിത്കുമാറും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ചോദ്യം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി മാറ്റിയത് സംബന്ധിച്ച് ചോദ്യോത്തര വേളയിൽ തന്നെ തീ പടർന്നിരുന്നു. ഊഹാപോഹങ്ങൾ ഉൾക്കൊള്ളുന്നതുമായ ചോദ്യങ്ങളായിരുന്നു അത്തരത്തിൽ മാറ്റിയതെന്ന് സ്പീക്കർ എ എൻ ഷംസീർ വിശദമാക്കി. എല്ലാ അംഗങ്ങൾക്കും അവരുടെ ചോദ്യങ്ങൾ സമർപ്പിക്കാനുള്ള അവകാശമുണ്ട്. ഒരു ചോദ്യം നക്ഷത്രചിഹ്നമിട്ടോ അല്ലാതെയോ അനുവദിക്കണമെന്നത് സംബന്ധിച്ച തീരുമാനം നിയമസഭാ ചട്ടങ്ങൾക്കും സ്പീക്കറുടെ നിര്‍ദേശങ്ങൾക്കും അനുസരിച്ചാണ്. “എന്റെ നിത്യമുള്ള പ്രാർത്ഥന എന്നെ അഴിമതിയിലേക്ക് നയിക്കരുതേ എന്നാണ്. മുഖ്യമന്ത്രിയുടെ അഴിമതിവിരുദ്ധ പ്രസം​ഗം ചെകുത്താൻ വേദമോതുന്നത് പോലെയും”, പ്രതിപക്ഷ നേതാവ്. സതീശൻ കാപട്യത്തിന്റെ മൂർത്തിയാണെന്നായി മുഖ്യമന്ത്രി. 

നാട് അത് അറിയുന്നുണ്ട്. എന്നോട് കണ്ണാടിയിൽ നോക്കാനൊന്നും പറയണ്ട. അതൊന്നും ഇങ്ങോട്ട് വേണ്ട, ഇവിടെ ഏശില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അടിവരയിട്ടു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ യുഡിഎഫ് നേതൃത്വത്തിൽ നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്. ചർച്ച ഒഴിവാക്കിയേ മതിയാവൂ. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടി സ്പീക്കറെ മറച്ചു. ബഹളം കനത്തു. ചർച്ച നടന്നില്ല. ചർച്ച തിരിച്ചടിയാകുമോയെന്ന ആശങ്കയായിരുന്നു പ്രതിപക്ഷത്തിന്. ചർച്ച ചെയ്താൽ പ്രതിപക്ഷത്തിന്റെ കാപട്യം തുറന്നുകാട്ടപ്പെടുമായിരുന്നുവെന്ന ഭരണപക്ഷ ആരോപണം പോലെ രംഗങ്ങള്‍.
വികെഎന്‍ ഇങ്ങനെ…
പാറുക്കുട്ടി പതുക്കെ പറഞ്ഞു
“ആന പ്രാതലെന്നെ”
മേനോന്‍ കൈകഴുകി തിരിച്ചു വന്നു
പാറുക്കുട്ടി നീട്ടിയ തോര്‍ത്തു വാങ്ങി കൈ തുടച്ചു ഏ‍ട്ടത്തിയോട് കുശലം പറഞ്ഞു
“ഇപ്പോള്‍ ഇതുമതി ഇനി മൂപ്പരുടെ കൂടെ നേരത്തെ ഉണ്ടുകളയാം.” 11 മണി കഴിഞ്ഞപ്പോള്‍ തന്നെ സഭ പിരിഞ്ഞു. “നേരത്തെ ഉണ്ടുകളയാം.”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.