14 December 2025, Sunday

Related news

December 1, 2025
December 1, 2025
November 27, 2025
October 27, 2025
October 21, 2025
October 20, 2025
October 18, 2025
October 16, 2025
October 12, 2025
October 9, 2025

മഴക്കാലപൂർവ മുന്നൊരുക്കം അടിയന്തരമായി പൂർത്തിയാക്കും

Janayugom Webdesk
തിരുവനന്തപുരം
May 17, 2025 9:24 am

സംസ്ഥാനത്ത് മഴക്കാലപൂർവ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ കോ­ൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. ഈ മാസം 20നകം ജില്ലാതലത്തിൽ യോഗം ചേർന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാൻ പ്രാദേശിക കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ, താലൂക്ക് തലങ്ങളിൽ തയ്യാറാക്കിയിട്ടുള്ള ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം കൃത്യമായും സമയബന്ധിതമായും പ്രവർത്തിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ നൽകണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വില്ലേജ് തലത്തിലും പുതുക്കണം. ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ആദ്യ ആഴ്ചയിൽ പ്രത്യേക ജില്ലാതല അവലോകനയോഗം നടത്തണം. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി മഴക്കാല പൂർവ ശുചീകരണം ആരംഭിക്കണം. മാലിന്യ നിർമ്മാർജനം വേഗത്തിൽ നടത്തുകയും മഴയ്ക്ക് മുമ്പായി പൊതു ഇടങ്ങളിൽ മാലിന്യം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. ദുരിതാശ്വാസ ക്യാമ്പുകൾ നടത്തുന്നതിനായി ഉപയോഗിച്ചുവരുന്ന കെട്ടിടങ്ങളിലും ക്യാമ്പുകളായി ഉപയോഗിക്കാൻ കണ്ടെത്തിയ കെട്ടിടങ്ങളിലും ശുചിമുറികൾ, വൈദ്യുതി, ലൈറ്റ്, ഫാൻ, അടുക്കള മുതലായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. നഗര മേഖകളിൽ ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. ഇത് മോണിറ്റർ ചെയ്യാൻ എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനം രൂപീകരിക്കണം. ഓപ്പറേഷൻ ബ്രേക്ക്ത്രൂ, ഓപ്പറേഷൻ അനന്ത തുടങ്ങിയവയ്ക്ക് തുടർച്ചയുണ്ടാണം. അവയുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അടിയന്തര മുൻകരുതലുകൾ എടുക്കണം. കോഴിക്കോട് കനോലി കനാലിലെ ഒഴുക്ക് സുഗമമാക്കി ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കണം. അടിയന്തിര പ്രതികരണ സേന പുനരുജ്ജീവിപ്പിച്ച് ദുരന്ത സാധ്യതാ മുന്നറിയിപ്പ്, രക്ഷാപ്രവർത്തനം, പ്രഥമ ശുശ്രൂഷ, ക്യാമ്പ് മാനേജ്മെന്റ് എന്നിവയിൽ പരിശീലനം ഉറപ്പാക്കണം. സമഗ്രമായ ആശുപത്രി സുരക്ഷാ പ്രവർത്തന പദ്ധതി ആരോഗ്യ കേന്ദ്രങ്ങളിൽ ആവിഷ്കരിക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ വീടുകളിൽ താമസിക്കുന്നവരുടെ പ്രത്യേക പട്ടിക തയ്യാറാക്കണം. ഈ പ്രദേശത്തെ മുഴുവൻ ആളുകളുടെയും മൊബൈൽ ഫോൺ നമ്പറുകൾ ശേഖരിച്ച് മഴ, ദുരന്ത സാധ്യതാ മുന്നറിയിപ്പ് എത്തിക്കണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തി മഴ, ദുരന്ത സാധ്യതാ മുന്നറിയിപ്പ് എത്തിക്കണം. 

സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി പുറത്തിറക്കിയ സ്കൂൾ ആപ്പ് ഉപയോഗിച്ച് എല്ലാ സ്കുളുകളും സ്കൂൾ സുരക്ഷാ പദ്ധതി തയ്യാറാക്കണം. റോഡിൽ പണി നടക്കുന്നയിടങ്ങളിൽ സുരക്ഷാബോർഡുകൾ സ്ഥാപിക്കാൻ നാഷണൽ ഹൈവേ, പൊതുമരാമത്ത് വകുപ്പ്, റോഡ് സേഫ്റ്റി അതോറിട്ടി എന്നിവർക്ക് പ്രത്യേക നിർദേശം നൽകണം. റോഡിലുള്ള കുഴികൾ അടക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലയിൽ ബോധവൽക്കരണം നടത്തണം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടസാധ്യത മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണം. ഗ്രാമപഞ്ചായത്തിന് ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് മൂന്ന് ലക്ഷം രൂപയും കോർപറേഷന് അഞ്ച് ലക്ഷം രൂപവരെയും സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി നിർദേശിക്കുന്ന ഉപകരണങ്ങൾ വാങ്ങുവാനും സംഭരണകേന്ദ്രം ആരംഭിക്കുന്നതിനും ജില്ലാദുരന്തനിവാരണ അതോറിട്ടിയിൽ നിന്നും ആവശ്യാനുസരണം അനുവദിക്കേണ്ടതാണെന്നു മന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, എം ബി രാജേഷ്, പി പ്രസാദ്, വി ശിവൻകുട്ടി, ആർ ബിന്ദു, വിണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ പങ്കെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.