
ദില്ലിയിലെ ദ്വാരകയിൽ 22 കാരിയായ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നാല് മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. രണ്ട് മാസം ഗർഭിണിയായ വർഷ എന്ന കോമളാണ് മരിച്ചതെന്ന് അധികൃതർ പറഞ്ഞു. സ്ത്രീധന പീഡനമാണ് മരണകാരണമെന്നാണ് യുവതിയുടെ കുടുംബം ആരോപിച്ചു.
ഓഗസ്റ്റ് 21ന് വർഷയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പിതാവിന് വിവരം ലഭിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സ്ത്രീധനത്തിൻറെ പേരിൽ ഭർത്താവ് അമാനും മാതാപിതാക്കളും വർഷയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഭർത്താവ് യുവതിയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
ഏപ്രിൽ 16ന് വിവാഹിതരായ വർഷയും ഭർത്താവും ഡൽഹിയിലെ ബദു സരായ് മേഖലയിലാണ് താമസിച്ചിരുന്നത്.
യുവതിയുടെ കുടുംബത്തിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീധന പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യുവതിയുടെ വീട്ടുകാരുടെയും അയൽവാസികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
സ്ത്രീധന പീഡനം മൂലമുള്ള നിരവധി മരണങ്ങൾ അടുത്തിടെയായി വെളിച്ചത്ത് വരുന്നുണ്ട്. കഴിഞ്ഞയാഴ്ച ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിൻറെ പേരിൽ നിക്കി എന്ന യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.