മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളത്തിന് ജൂലൈ 26ന് 91 വയസാകുന്നു. നെയ്യാറ്റിൻകര കോമളം നസീറിന്റെ ആദ്യ നായിക ആയിരുന്നുവെന്ന് ഇന്നും പലർക്കും അറിയില്ല. കോമളത്തിന്റെ മൂന്നാമത്തെ സിനിമയായ മരുമകളിലാണ് നസീർ ആദ്യമായി അഭിനയിക്കുന്നത്.
നെയ്യാറ്റിൻകര മരുത്തൂർ കോവിച്ചൻവിള രവി മന്ദിരത്തിൽ പങ്കജാക്ഷമേനോന്റെയും കു ഞ്ഞി അമ്മയുടെയും ഏഴ് മക്കളിൽ അഞ്ചാമത്തെ പുത്രിയാണ് നെയ്യാറ്റിൻകര കോമളം എന്ന കോമള മേനോൻ. യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച കോമളം തികച്ചും അവിചാരിതമായാണ് അഭിനയ രംഗത്തെത്തുന്നത്.
നെയ്യാറ്റിൻകര സെന്റ് തെരേസാസ് കോൺവെന്റിൽ നിന്ന് ഇഎഎൽസി കഴിഞ്ഞു നില്‍ക്കുകയായിരുന്നു കോമളം. നെയ്യാറ്റിൻകരയിലെ കൃഷ്ണ ടാക്കീസ് മാനേജറായിരുന്ന സഹോദരീ ഭർത്താവ് അഭിനയരംഗം തിരഞ്ഞെടുക്കാൻ നിരന്തരം പ്രേരിപ്പിച്ചിരുന്നു. യാഥാസ്ഥിതികരുടെ എതിർപ്പ് ഒരു വശത്ത്, മറുവശത്ത് അഭിനയിക്കാനുള്ള മോഹവും. എന്തു തിരഞ്ഞെടുക്കണമെന്നറിയാതെ ഞാൻ കുഴങ്ങിയതായി കോമളം പറയുന്നു.
അഞ്ചു വയസുള്ളപ്പോൾ അച്ഛൻ മരിച്ചതിനാൽ അമ്മാവന്മാരുടെ നിയന്ത്രണത്തിലായിരുന്നു കുടുംബം. ഒടുവിൽ അഭിനയിക്കാമെന്നു തീരുമാനമെടുത്തു. ഇതിനിടയിൽ ‘നല്ല തങ്ക’ എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കാൻ ക്ഷണം ലഭിച്ചുവെങ്കിലും കുടുംബപരമായ കാരണങ്ങളാൽ അതിനു കഴിഞ്ഞില്ല. ഇതിനുവേണ്ടി ഉദയാ സ്റ്റുഡിയോയിൽ എത്തി സ്റ്റിൽസുകളെടുക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ആദ്യ ചിത്രമായ ‘വനമാല’യിലേക്ക് ഓഫർ ലഭിക്കുന്നത്. വരുന്നതു വരട്ടെയെന്നു കരുതി അഭിനയിക്കാമെന്ന് ഉറപ്പും കൊടുത്തു എന്ന് കോമളം പറഞ്ഞു.
1950ൽ പുറത്തിറങ്ങിയ ‘വനമാല’യുടെ സംവിധായകൻ പി എ തോമസായിരുന്നു. ഒരു ജമീന്ദാരുടെ കുടുംബത്തിൽ ദുഃഖങ്ങളൊതുക്കി കഴിഞ്ഞുകൂടുന്ന കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ചിത്രം വിജയമായിരുന്നില്ലെങ്കിലും ‘മാല’ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ജോസഫ് തളിയത്ത് ജൂനിയർ സംവിധാനം ചെയ്ത ‘ആത്മശാന്തി’ എന്ന ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചു. തമിഴിലും മലയാളത്തിലുമായി ഒരേ സമയം നിർമ്മിച്ച ആത്മശാന്തിയിൽ വഞ്ചിയൂർ മാധവൻ നായർ നായകനും മിസ് കുമാരി നായികയുമായിരുന്നു.
എൻ പി ചെല്ലപ്പൻ നായരുടെ ‘ശശികല’ എന്ന കഥയെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിൽ നായികയുടെ അനുജത്തിയായ ശാരദ എന്ന കഥാപാത്രമായിരുന്നു നെയ്യാറ്റിൻകര കോമളത്തിന് കിട്ടിയത്. കഴമ്പുള്ള കഥയായിരുന്നതിനാൽ ചിത്രം നന്നായി ഓടി. ഇതോടെ സിനിമാ ജീവിതത്തിനു തിരക്കേറി. ഇതിനുശേഷമാണ് പ്രേം നസീറിന്റെ ആദ്യ നായികയാകാനുള്ള ഭാഗ്യം ലഭിച്ചത്. ‘മരുമകൾ’ എന്ന സിനിമയുടെ പ്രമേയം കുടുംബത്തിലെ ശൈഥില്യങ്ങളായിരുന്നു. സേലത്തുവച്ച് ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് അബ്ദുൾഖാദർ എന്ന പ്രേം നസീറിനെ നേരിട്ടു കാണുന്നത്. അന്ന് പ്രേം നസീറിന് 21 വയസ് മാത്രമായിരുന്നു പ്രായം.
സെറ്റിൽ പ്രേം നസീർ അധികമാരോടും സംസാരിക്കാറില്ല. എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയും. ഇരുപതു ദിവസത്തെ സേലത്തെ ഷൂട്ടിങ് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് കോമളം പറയുന്നു. മരുമകളിനു ശേഷം എഫ് നാഗൂർ തമിഴിലും മലയാളത്തിലും തെലുങ്കിലുമായി സംവിധാനം ചെയ്ത ‘സന്ദേഹം’ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. എന്നാൽ ചിത്രം പരാജയപ്പെട്ടു. അതിനുശേഷം പതിനാറു വയസിനു താഴെയുള്ള യുവാക്കൾ നിർമ്മിച്ച ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രമായ ‘ന്യൂസ് പേപ്പർ ബോയ്‘യിലേക്ക് ക്ഷണം ലഭിച്ചു. പി രാംദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ നാഗവള്ളി ആർ എസ് കുറുപ്പിന്റെ മകളായ കല്യാണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
ചിത്രത്തിൽ സ്വന്തം ജീവിതം തന്നെ വരച്ചുകാട്ടിയ നെയ്യാറ്റിൻകര കോമളത്തിനു പുതിയ തിരിച്ചറിവുകളും ചലച്ചിത്രം നൽകി. ഇതേ തുടർന്ന് വീട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ അഭിനയ രംഗത്തുനിന്നും എന്നെന്നേക്കുമായി വിടവാങ്ങി. മെരിലാന്റ് അടക്കം നിരവധി പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനികളിൽ നിന്നും ഓഫർ ലഭിച്ചെങ്കിലും അതെല്ലാം വേ ണ്ടെന്നു വയ്ക്കുകയായിരുന്നു.
ദുഃഖപുത്രിയുടെ റോൾ അണിഞ്ഞുകൊണ്ട് അഭിനയലോകത്തെത്തിയ നെയ്യാറ്റിൻകര കോമളത്തിന് ജീവിതത്തിലും അതേ വേഷം തന്നെ അണിയേണ്ടിവന്നു. 21-ാം വയസിൽ ചലച്ചിത്ര ലോകത്ത് അറിയപ്പെടുന്ന താരമായി നില്‍ക്കുമ്പോൾ അഭിനയ ജീവിതത്തോട് എന്നെന്നേക്കുമായി യാത്രാമൊഴി ചൊല്ലി. തുടർന്ന് നീണ്ട പതിനാലു വർഷം വീട്ടിൽ മാത്രമായി ഒതുങ്ങിക്കൂടി. 35-ാം വയസിൽ വീട്ടുകാരുടെ കടുത്ത നിർബന്ധത്തിനു വഴങ്ങി അച്ഛന്റെ അനന്തിരവനായ ചന്ദ്രശേഖരനെ വിവാഹം കഴിച്ചു. എട്ടു വർഷം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ മരണം ചന്ദ്രശേഖരനെ കവർന്നെടുത്തു. ഇളയ സഹോദരനായ രവീന്ദ്രനാഥിന്റെ കുടുംബവുമൊത്ത് താമസിക്കുന്ന നെയ്യാറ്റിൻകര കോമളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി നാത്തൂനായ നളിനകുമാരിയാണ്. അവർക്കിടയിലെ സ്നേഹവും കരുതലും ആരെയും അതിശയിപ്പിക്കുന്നതാണ്.
English Summary: Prem Nazir’s debut heroine Neyyatinkara Komalam turns 91
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.