12 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 11, 2024
October 11, 2024
October 11, 2024
October 11, 2024
October 11, 2024
October 11, 2024
October 10, 2024
October 9, 2024
October 8, 2024

ഒരുക്കങ്ങൾ പൂർത്തിയായി-നാളെ ഓച്ചിറയിൽ കാളകെട്ടുത്സവം

Janayugom Webdesk
കായംകുളം
October 11, 2024 6:13 pm

കായംകുളം പരബ്രഹ്മ ക്ഷേത്രത്തിലെ കെട്ടുത്സവത്തിന് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി. കഴിഞ്ഞ ഒരു മാസക്കാലമായി വിവിധ കരകളിൽ നടന്നുവരുന്ന ഭക്തിപൂർവ്വമായ ചടങ്ങുകൾക്ക് ശേഷമാണ് നാളെ രാവിലെ മുതൽ നന്ദികേശന്മാരെ പരബ്രഹ്മ സന്നിധിയിലേക്ക് എഴുന്നള്ളിക്കുന്നത്. ചെറിയ നന്ദികേശ രൂപം മുതൽ 72 അടി ഉയരമുള്ള കാലഭൈരവൻ വരെ വ്യത്യസ്ത വലിപ്പമുള്ള 200ൽ പരം കെട്ടു കാളകളെയാണ് പടനിലത്ത് പ്രതീക്ഷിക്കുന്നത്. കാളമൂട്ടിലെ അന്നദാന ചടങ്ങുകളും പ്രാർത്ഥനകളും പുരാണ പാരായണവും കലാസന്ധ്യകളും ഇന്ന് രാത്രിയോടുകൂടി അവസാനിച്ച്, നാളെ രാവിലെ മുതൽ അവസാനഘട്ട മിനുക്ക് പണികളും പൂർത്തിയാക്കി താളമേള വാദ്യാഘോഷങ്ങളോടെ ആണ് ഓരോ കെട്ടുകാളകളെയും എഴുന്നള്ളിക്കുന്നത്. നാളെ രാവിലെ 11 മണി മുതൽ സന്ധ്യ വരെ കായംകുളം മുതൽ കരുനാഗപ്പള്ളി വരെ ദേശീയപാതയിലും സമീപപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. കഴിവതും സമയക്രമം പാലിച്ചു തന്നെ കെട്ടുകാളകൾ പരബ്രഹ്മ സന്നിധിയിൽ എത്തിക്കുവാൻ അതാത് സമിതി പ്രവർത്തകരും പോലീസ് അധികാരികളും ക്ഷേത്ര ഭരണ സമിതിയും ശ്രദ്ധിക്കുന്നുണ്ട്. 

കാർഷിക സമൃദ്ധിയുടെ ഭൂതകാല ചരിത്രമാണ് കെട്ടുത്സവവുമായി ബന്ധപ്പെട്ട് കിടക്കുന്നത്. ഓണാട്ടുകരയിലെ വിളവെടുപ്പിന് ശേഷം സമൃദ്ധമായി ഉണ്ടായിരുന്ന വൈക്കോൽ തുറു കൂട്ടി സംഭരിക്കുകയും ബാക്കിയുള്ളവ പരബ്രഹ്മത്തിനായി നേർച്ചയാക്കി കാളകെട്ടി എഴുന്നള്ളിക്കുന്ന കാർഷികോത്സവം ആയിട്ടാണ് 28ാം ഓണം ആഘോഷം അരങ്ങേറുന്നത്. ഇപ്പോൾ ദൂരസ്ഥലങ്ങളിൽ നിന്നും കച്ചി എത്തിച്ചിട്ടാണ് കാള കെട്ടുന്നത്. ഓരോ സമിതിയും ലക്ഷങ്ങൾ ചെലവഴിച്ചാണ് ആഘോഷം നടത്തുന്നത്. ഉയരം കൂടിയ കാലഭൈരവന്റെ നിർമ്മാണത്തിനായി 20 ടൺ ഇരുമ്പും 26 ടൺ വൈക്കോലും ആണ് ഉപയോഗിച്ചിട്ടുള്ളത്. 18 അടി ഉയരമുള്ള ശിരസ്സും 32 അടി നീളമുള്ള നെറ്റിപ്പട്ടവും ആയിരക്കണക്കിന് കുടമണികളും മറ്റ് അലങ്കാരങ്ങളും ആണുള്ളത്. മിക്കവാറും സമിതികൾക്കൊക്കെ കെട്ടുകാളകൾ സ്വന്തമായിട്ട് ഉണ്ട്. വലിപ്പമുള്ള കാളകളെ ഒക്കെ ഒന്നിലധികം ക്രയിൻ ഉപയോഗിച്ചാണ് പടനിലത്തേക്ക് എഴുന്നള്ളിക്കുന്നത്. 

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അശാസ്ത്രീയ നിർമ്മാണം കാരണം പലയിടത്തും കുണ്ടും കുഴികളും രൂപപ്പെട്ടിരിക്കുന്നത് ഈ പ്രാവശ്യത്തെ എഴുന്നള്ളിപ്പിന് പ്രയാസമേറും. ഇലക്ട്രിസിറ്റി ലൈനുകൾ വിവിധ പ്രദേശങ്ങളിൽ അഴിച്ചു മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഓരോ പ്രദേശത്തെയും കാളകൾ കടന്നുപോയാൽ ഉടൻ തന്നെ ലൈനുകൾ തിരിച്ചു കെട്ടുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിയെട്ടാം ഓണത്തിന് ശേഷം രണ്ടുദിവസം കൂടി കെട്ടുകാളകൾ പരബ്രഹ്മസന്നിധിയിൽ പ്രദർശനത്തിന് ഉണ്ടാകും. നാളെ പ്രയാർ പുലിസംഘത്തിന്റെ നേതൃത്വത്തിൽ തൃശ്ശൂർ സീതാറാം ദേശം പുലി സംഘത്തിൽ നിന്ന് 70 കലാകാരന്മാർ അണിനിരക്കുന്ന പുലികളി ഉണ്ടായിരിക്കും. വൈകിട്ട് മൂന്ന് മണിക്ക് പ്രയാറിൽ നിന്ന് ആരംഭിച്ച് അഞ്ചുമണിക്ക് പടനിലത്ത് എത്തിച്ചേരും. എട്ടുകണ്ടവും ആൽത്തറയും വലം വച്ചശേഷം കെട്ടുകാഴ്ചയ്ക്ക് മുന്നിലും പുലികളി നടത്തുമെന്ന് സംഘാടകർപറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.