രാജ്യചരിത്രത്തിലാദ്യമായി രാഷ്ട്രപതി തെരഞ്ഞെടുപ്പ് വേളയില്‍ ഗുരുതര ആരോപണങ്ങളുയര്‍ന്നു. കേന്ദ്ര ഏജൻസികള്‍ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും തെരഞ്ഞെടുപ്പിൽ കുതിരക്കച്ചവടം നടക്കുന്നുവെന്നും പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിൻഹ ആരോപിച്ചപ്പോള്‍ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും രംഗത്തെത്തി. ‘തന്റേത് വെറും രാഷ്ട്രീയമത്സരമല്ല, സർക്കാർ ഏജൻസികൾക്കെതിരെയുള്ള പോരാട്ടം കൂടിയാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ ശക്തമായാണ് പ്രവര്‍ത്തിച്ചത്. അവർ രാഷ്ട്രീയ പാർട്ടികളെ തകർക്കുന്നു. ചിലർക്ക് വോട്ടുചെയ്യാൻ നിർബന്ധിക്കുന്നു. പണത്തിന്റെ കളിയും ഇതിൽ ഉൾപ്പെടുന്നുണ്ട്’ യശ്വന്ത് സിൻഹ പറഞ്ഞതായി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. ‘ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന മതേതരത്വം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് താൻ നിലകൊള്ളുന്നത്.
ഇത് തകർത്ത് ഭൂരിപക്ഷ മേധാവിത്വം സ്ഥാപിക്കാൻ മറയില്ലാതെ ശ്രമിക്കുന്ന പാർട്ടിയുടെ പ്രതിനിധിയാണ് എതിർ സ്ഥാനാർത്ഥി. അവരെ പിന്തുണയ്ക്കുന്നത് സംഘർഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കലാണ്, അദ്ദേഹം പറഞ്ഞു. ദ്രൗപദി മുര്‍മുവിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ബിജെപി പണം വാഗ്ദാനം നല്‍കിയെന്ന ആരോപണവുമായി ടിഎംസി എംഎല്‍എ നരേന്ദ്രനാഥ് ചക്രവര്‍ത്തിയാണ് രംഗത്തുവന്നത്. രണ്ട് ദിവസം മുമ്പ് സഞ്ജയ് സിങ് എന്ന ആള് വിളിച്ചെന്നും ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിക്ക് തന്നോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറയുന്നു. നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പന്ദഭേശ്വര് എംഎല്‍എ നരേന്ദ്രനാഥ് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് പ്രദേശത്തെ ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായ സഞ്ജയ് സിങ്ങിനെതിരെ നരേന്ദ്രനാഥ് പരാതി നല്‍കിയിട്ടുണ്ട്. സഹപ്രവര്‍ത്തകനും ജാമുരിയയില്‍ നിന്നുള്ള എംഎല്‍എയുമായ ഹരേറാം സിങ്ങിനും സമാന ഫോണ്‍സന്ദേശം ലഭിച്ചതായി നരേന്ദ്രനാഥ് പറഞ്ഞു.
അതിനിടെ പഞ്ചാബിൽ നിന്നുള്ള 99 ശതമാനം വോട്ടും യശ്വന്ത് സിൻഹയ്ക്കാണെന്ന് പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ പറഞ്ഞു. കോൺഗ്രസ്, സമാജ്വാദി പാർട്ടി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവയുടെ എംഎൽഎമാർ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് ക്രോസ് വോട്ട് ചെയ്തതായി റിപ്പോർട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിപ്പ് ബാധകമല്ലാത്തതിനാൽ നടപടിക്ക് സാധ്യതയില്ല. ഒഡിഷ സ്വദേശിനി കൂടിയായ മുർമുവിന് അനുകൂലമായാണ് താൻ വോട്ട് ചെയ്തതെന്ന് ഒഡിഷയിലെ കോൺഗ്രസ് എംഎൽഎ മുഹമ്മദ് മൊക്വിം വെളിപ്പെടുത്തി. ഗുജറാത്തിൽ എൻസിപി എംഎൽഎ എസ് ജഡേജയാണ് എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. അസമിലെ കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തുവെന്ന് എഐയുഡിഎഫ് എംഎൽഎ കരിമുദ്ദീൻ ബർഭൂയ്യ പറഞ്ഞു. ഇന്നലെ രാവിലെ 10 മണിക്ക് വോട്ടെടുപ്പ് തുടങ്ങി. ഡൽഹിയിൽ പോളിങ് ബൂത്തായി നിശ്ചയിച്ച 63-ാം നമ്പർ മുറിയിലായിരുന്നു വോട്ടെടുപ്പ്. 21ന് പാർലമെന്റ് ഹൗസിൽ വോട്ടെണ്ണൽ നടക്കും. 25ന് പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും.
English Summary:Presidential election; A serious allegation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.