2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 2, 2025
December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 15, 2024
November 13, 2024
November 13, 2024

പ്രസി‍ഡന്റ് തെരഞ്ഞെടുപ്പ്; യഥാസ്ഥിതികരെ കയ്യൊഴിഞ്ഞ് ഇറാന്‍

മസൂദ് പെസെഷ്‍കിയാന് വിജയം
Janayugom Webdesk
ടെഹ്റാന്‍
July 6, 2024 6:44 pm

ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരിഷ്കരണവാദിയായ മസൂദ് പെസെഷ്‍കിയാന് വിജയം. കടുത്ത യാഥാസ്ഥിതികനായ സയീദ് ജലീലിയെ പിന്തള്ളിയാണ് പെസെഷ്‍കിയാന്‍ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. പെസെഷ്‍കിയാന് 53.3 ശതമാനവും ജലീലിക്ക് 44.3 ശതമാനം വോട്ടുകളും നേടി. ജൂൺ 28 ന് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർത്ഥിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് കടന്നത്. 40 ശതമാനമായിരുന്നു രണ്ടാം ഘട്ടത്തിലെ പോളിങ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണ് രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്. ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്‌സി മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആഭ്യന്തര മന്ത്രാലയം വിജയം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പെസെഷ്‌കിയന്റെ അനുയായികൾ ടെഹ്‌റാനിലും മറ്റ് നഗരങ്ങളിലും തെരുവിലിറങ്ങി ആഘോഷങ്ങൾ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ അനുയായികളില്‍ ഭൂരിഭാഗവും യുവാക്കളാണ്. 

മുന്‍ ആരോഗ്യ മന്ത്രിയും ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനുമായ പെസെഷ്‍കിയാന്‍ ഇറാന്‍ സദാചാര പൊലീസിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ്. ഇറാനിൽ ഐക്യവും ഒത്തുചേരലും ഉണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ നയതന്ത്ര ഒറ്റപ്പെടല്‍ അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഉപരോധങ്ങൾ ലഘൂകരിക്കുന്നതിന് പകരമായി 2015 ലെ ആണവ കരാർ പുതുക്കുന്നതിന് പാശ്ചാത്യ ശക്തികളുമായി ചർച്ചകൾ നടത്താനും പെസെഷ്‍കിയാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇസ്രയേലിൽ നിന്നും അവരുടെ പാശ്ചാത്യ സഖ്യ രാഷ്ട്രങ്ങളിൽ നിന്നും കടുത്ത വെല്ലുവിളി നേരിടുന്ന കാലത്താണ് പെസെഷ്‌കിയാൻ അധികാരത്തിലെത്തുന്നത്. മധ്യേഷ്യയിൽ ഇസ്രയേൽ ഹമാസ് സംഘർഷം യുദ്ധത്തിന്റെ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ ഇറാന്‍ ഇസ്രയേലിനൊപ്പം നിലകൊണ്ടു. ആണവ പദ്ധതിയുമായി ഇറാൻ മുന്നോട്ട് പോകുന്നതിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾക്ക് കടുത്ത ആശങ്കയും എതിർപ്പുമുണ്ട്. എന്നാല്‍ അന്താരാഷ്ട്ര സമൂഹവുമായി രാജ്യം സമവായത്തിലെത്തണമെന്ന വാദക്കാരനാണ് പെസെഷ്‍കിയാന്‍.

ഇറാനിൽ 2009 ൽ നടന്ന ജനാധിപത്യ അവകാശത്തിനായുള്ള പോരാട്ടത്തിലൂടെയാണ് പെസെഷ്കിയാൻ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അദ്ദേഹം രാജ്യത്തെ പരിഷ്കാരവാദികളിൽ പ്രമുഖനായി. അറിയപ്പെടുന്ന ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനായത് അദ്ദേഹത്തിൻ്റെ ജനപ്രീതി ഉയരാൻ കാരണമായി. 2022ൽ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രതിഷേധക്കാർക്ക് ഒപ്പമായിരുന്നു പെസെഷ്കിയാൻ്റെ നിലപാട്. മതവിശ്വാസം ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ശാസ്ത്രീയമായി ഇത് അസാധ്യമെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. മിശ്ര വിവാഹിതരായിരുന്നു പെസെഷ്‍കിയാന്റെ മാതാപിതാക്കൾ. അച്ഛൻ അസേരി വംശജനും അമ്മ കുർദിഷ് വംശജയുമായിരുന്നു. പേർഷ്യൻ ഭാഷ അദ്ദേഹത്തിന്റെ മാതൃഭാഷയല്ല. അത് രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിയെങ്കിലും ഭൂരിപക്ഷം വോട്ടർമാർക്കും അത് പ്രശ്നമായിരുന്നില്ല. കടുത്ത പാശ്ചാത്യ വിരുദ്ധവും ആണവ കരാർ പുനഃസ്ഥാപിക്കുന്നതിനെതിരായ നിലപാടുകളുമുള്ള നേതാവാണ് പെസെഷ്‍കിയാന്റെ എതിരാളിയായിരുന്ന സയീദ് ജലീല്‍. ആണവ ചർച്ചകളുടെ ഭാഗമായിരുന്ന ജലീലിന് യഥാസ്ഥിതിക സമൂഹത്തിന്റെ ശക്തമായ പിന്തുണയുണ്ട്. ആദ്യ റൗണ്ടിൽ വോട്ട് ചെയ്യാതിരുന്നവർ ജലീലി പ്രസിഡന്റാകുന്നത് തടയാൻ ഇത്തവണ വോട്ട് രേഖപെപ്പടുത്തിയിരുന്നു. ജലീലിയുടെ വിജയത്തോടെ ഇറാൻ പുറം ലോകവുമായി കൂടുതൽ ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്നും ഒറ്റപ്പെടുമെന്നും വോട്ടര്‍മാര്‍ ആശങ്കപ്പെടുന്നതായി അഭിപ്രായ സര്‍വേകളില്‍ കണ്ടെത്തിയിരുന്നു. 

Eng­lish Summary:Presidential elec­tion; Iran has aban­doned the conservatives
You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.