പൊന്മുടി മെർക്കസ്റ്റൺ എസ്റ്റേറ്റിലെ പരിസ്ഥിതിലോല പ്രദേശം കയ്യേറി നടത്തുന്ന റിസോർട്ട് നിർമ്മാണം തടയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ആർഡിഒയുടെ നേതൃത്വത്തിൽ റവന്യു അധികൃതരും ഗ്രാമപഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എസ്റ്റേറ്റ് ഉടമകൾ നിയമത്തെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിക്കുകയാണെന്ന് ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി. ദേശീയ സൈക്ലിങ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.
സർക്കാരിൽ നിക്ഷിപ്തമായ ഭൂമി എത്രയും പെട്ടെന്ന് തിരിച്ചു പിടിക്കണം. റിസോർട്ട് നിർമ്മാണം അടിയന്തരമായി തടയണം. കുറ്റക്കാരായ ഒരാളെയും വെറുതെ വിടരുത്. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ആവശ്യമായ ശിക്ഷാനടപടി ഉറപ്പാക്കാനും സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ എസ്റ്റേറ്റ് സന്ദർശിച്ച ജില്ലാ സെക്രട്ടറി അനധികൃത നിർമ്മാണം നേരിൽക്കണ്ട് വിലയിരുത്തി. ഉന്നത റവന്യു ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം എസ് റഷീദ് ഒപ്പമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.