9 December 2025, Tuesday

Related news

November 7, 2025
October 29, 2025
October 13, 2025
October 3, 2025
September 16, 2025
July 24, 2025
July 1, 2025
June 17, 2025
November 15, 2024
October 15, 2024

വിലക്കയറ്റം പ്രതിസന്ധി ; ഗോതമ്പ് ഇറക്കുമതിക്ക് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
August 17, 2023 10:50 pm

സംസ്ഥാന‑പൊതുതെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഗോതമ്പ് ഇറക്കുമതിക്ക് തയാറെടുക്കുന്നു. ആഗോളതലത്തില്‍ ഗോതമ്പിന് വിലയുയരുന്ന സാഹചര്യത്തില്‍ വിലക്കുറവില്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി നടത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു ജൂലൈയിലെ ഗോതമ്പ് വില. ഇറക്കുമതിയിലൂടെ വിലക്കയറ്റം നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം കണക്കാക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍, ധാന്യം തുടങ്ങിയവയുടെ വിലകുറച്ച് നിര്‍ത്തേണ്ടതുണ്ട്.
സ്വകാര്യ വ്യാപാരികളും സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലുമുള്ള ഇടപാടുകളെ ഉപയോഗപ്പെടുത്തുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് ഗോതമ്പ് ഇറക്കുമതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നയതന്ത്ര കരാറുകള്‍ അടിസ്ഥാനമാക്കിയുള്ള ഇറക്കുമതി വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് പതിവില്ല. 2017 ലാണ് അവസാനമായി ഇന്ത്യ വലിയ അളവില്‍ ഗോതമ്പ് ഇറക്കുമതി നടത്തിയത്.
ഉക്രെയ്ന്‍, റഷ്യ യുദ്ധത്തെ തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍‍ ഉപരോധമേര്‍പ്പെടുത്തിയതോടെ റഷ്യയില്‍ വന്‍തോതില്‍ ഗോതമ്പ് കെട്ടിക്കിടക്കുകയും ആഗോളതലത്തില്‍ വില കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്. സമാനസാഹചര്യത്തില്‍ വന്‍ ലാഭത്തില്‍, സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ പെട്രോള്‍ ഇറക്കുമതി നടത്തിയിരുന്നു. ജനങ്ങള്‍ക്ക് റഷ്യന്‍ എണ്ണയുടെ വിലക്കുറവിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എണ്ണക്കമ്പനികളാണ് വന്‍തോതില്‍ ലാഭമെടുത്തുവരുന്നത്. എന്നാല്‍ സമീപകാലത്തായി ആഗോളവിപണിയില്‍ എണ്ണവിലയും ഉയര്‍ന്നുതുടങ്ങി. റഷ്യന്‍ എണ്ണയുടെ വിലക്കുറവ് കാര്യമായി ഇല്ലാതാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വീണ്ടും വിലക്കയറ്റം ശക്തമാകാനുള്ള സാധ്യതയുണ്ട്.
റഷ്യയില്‍ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ആലോചിക്കുന്നില്ലെന്ന് ഭക്ഷ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സഞ്ജീവ് ചോപ്ര കഴിഞ്ഞമാസം പറഞ്ഞിരുന്നു. ഇതിന് കടകവിരുദ്ധമായാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. രാജ്യത്തെ ഗോതമ്പ് ക്ഷാമം പരിഹരിക്കുന്നതിന് 30 മുതല്‍ 40 ലക്ഷം മെട്രിക് ടണ്‍ ആവശ്യമായി വരും. എന്നാല്‍ 80 മുതല്‍ 90 ലക്ഷം വരെ ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്യാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നും സൂചനകളുണ്ട്.

കരുതല്‍ ശേഖരം 20 ശതമാനം കുറവ്
രാജ്യത്തെ മൊത്ത ഗോതമ്പ് വില രണ്ട് മാസത്തിനിടെ 10 ശതമാനം ഉയര്‍ന്നു. ഓഗസ്റ്റില്‍ ഏഴ് മാസത്തെ ഉയര്‍ന്ന നിലയിലുമെത്തി. നിലവില്‍ സര്‍ക്കാര്‍ ഗോഡൗണുകളിലെ ഗോതമ്പ് സ്റ്റോക്ക് 28.3 ദശലക്ഷം ടണ്ണാണ്. ഇത് 10 വര്‍ഷത്തെ ശരാശരിയേക്കാള്‍ 20 ശതമാനം കുറവാണ്. കഴിഞ്ഞ വര്‍ഷം ഉല്പാദനം കുറഞ്ഞതിനാല്‍ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. ഈ വര്‍ഷത്തെ വിളവെടുപ്പും സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 10 ശതമാനത്തോളം കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍.

Eng­lish sum­ma­ry; Price rise cri­sis; Cen­ter for wheat importation

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.