22 December 2024, Sunday
KSFE Galaxy Chits Banner 2

തുണിക്കടകളില്‍ ന്യൂഇയര്‍ ഹാപ്പിയാവില്ല; വസ്ത്രങ്ങളുടെ വില കുത്തനെകൂടും

ബേബി ആലുവ
കൊച്ചി
December 28, 2021 5:52 pm

പുതുവർഷാരംഭം മുതൽ എല്ലായിനം തുണിത്തരങ്ങൾക്കും വില വർദ്ധിക്കും. വസ്ത്ര വ്യാപാര മേഖലയിൽ വൻകിട — ചെറുകിട വ്യത്യാസമില്ലാതെ കുത്തനെ കൂട്ടിയ ജിഎസ്‌ടി പുതുവർഷാരംഭത്തിൽത്തന്നെ പ്രാബല്യത്തിൽ വരുന്നതോടെയാണിത്.
1000‑ത്തിൽ താഴെ വിലയ്ക്ക് വില്പന നടന്നിരുന്ന തുണിത്തരങ്ങൾക്ക് നിലവിൽ അഞ്ചു ശതമാനമായിരുന്നു ജിഎസ്‌ടി. അത് 12 ശതമാനമാക്കി ഏകീകരിച്ചു വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതോടെ, സാധാരണക്കാർ അധികമായി ഉപയോഗിക്കുന്ന ലുങ്കി, തോർത്ത്, മുണ്ട്, സാരി തുടങ്ങി എല്ലാത്തരം വസ്ത്രങ്ങൾക്കും വിലകൂടും.
ഡിസംബര്‍ 31നു ശേഷം കടകളിൽ അവശേഷിക്കുന്ന ചരക്കുകൾക്ക്, ജനു. ഒന്നിനു നിലവിൽ വരുന്ന പുതുക്കിയ ജിഎസ്‌ടി പ്രകാരം അധിക നികുതി കൊടുക്കണമെന്ന വ്യവസ്ഥ, വലുപ്പ — ചെറുപ്പ ഭേദമില്ലാതെ വസ്ത്രാലയങ്ങളെ ദുരിതത്തിലാക്കും. എന്നാലും, ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുക കൈത്തറി മേഖലയെയും ചെറുകിട‑ഇടത്തരം വസ്ത്രനിർമ്മാണ യൂണിറ്റുകളെയും വ്യാപാരശാലകളെയുമാണ്.
കൈത്തറി മേഖലയിൽ അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം മൂലം ഇപ്പോൾത്തന്നെ 25 ശതമാനത്തോളം വിലവർദ്ധനയുള്ള അവസ്ഥയാണ്. ഇതര വസ്ത്രനിർമ്മാണ യൂണിറ്റുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജൂലൈയിൽ ചരക്കു സേവന നികുതി പ്രാബല്യത്തിൽ വന്നപ്പോൾത്തന്നെ ഏറ്റവും കൂടുതൽ പ്രതിഷേധമുയർന്നത് വസ്ത്ര വ്യാപാര മേഖലയിൽ നിന്നാണ്. നോട്ടു നിരോധനത്തോടെ മേഖലയിലെ പ്രതിസന്ധിക്കു തുടക്കമായിരുന്നു. കോവിഡ് വ്യാപനവും അടച്ചിടലും അത് ഇരട്ടിപ്പിച്ചു.
വലിയ വിലയ്ക്കു വാങ്ങിയുള്ള തുണിക്കച്ചവടം ലാഭകരമല്ലാതാകുന്നതോടെ ചെറുകിട‑ഇടത്തരം കടകളിലെ വില്പന അവതാളത്തിലാകും. ഇത് വൻകിടക്കാർക്ക് ജനങ്ങളെ ചൂഷണം ചെയ്യാനുള്ള അവസരമാവുകയും ചെയ്യും. എന്നാൽ, അവിടെയും നികുതി വർദ്ധനവിന്റെ ഫലമായുണ്ടാകുന്ന വിലക്കയറ്റം ജനങ്ങളെ കടകളിൽ നിന്നകറ്റുമെന്ന ആശങ്ക ശക്തമാണ്. അതിനാൽ, ജിഎസ്‌ടി കൂട്ടിയതിനെതിരെ എതിർപ്പുമായി അവരും രംഗത്തുണ്ട്. സംസ്ഥാനത്ത് 30, 000 ‑ത്തോളം വസ്ത്രാലയങ്ങളും അവയെ ആശ്രയിക്കുന്ന രണ്ടു ലക്ഷത്തോളം തൊഴിലാളികളുമുണ്ട്.

Eng­lish Sum­ma­ry: Prices of tex­tiles will increase in next year
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.