പരീക്ഷപ്പേടി മാറാൻ അർച്ചന ചെയ്യാൻ ക്ഷേത്രത്തിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പോക്സോ കേസിൽ പൂജാരിക്ക് എട്ട് വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്സോ പ്രത്യേക കോടതിയാണ് പൂജാരിയെ ശിക്ഷിച്ചത്. വിചാരണ വേളയിൽ പ്രതി താൻ പ്രാണിക് ഹീലിങ് എന്ന ചികിത്സയാണ് നടത്തിയതെന്ന പ്രതിരോധ വാദം തള്ളിക്കൊണ്ടാണ് ജഡ്ജി എം പി ഷിബു പ്രതിക്ക് ശിക്ഷ വിധിച്ചത്.
പരീക്ഷപ്പേടിക്ക് പരിഹാരം തേടി ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിയെ ക്ഷേത്ര പൂജാരി വിശ്രമ കേന്ദ്രത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വിചാരണയിൽ തെളിഞ്ഞതിനാൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. ഈഞ്ചക്കല്‍ സുബാഷ് നഗറിലുള്ള ക്ഷേത്രത്തില്‍ പൂജാരിയായ മണിയപ്പന്‍ എന്നും മണിയൻ പിള്ളയെന്നും മണിപ്പോറ്റിയെന്നും അറിയപ്പെടുന്ന മണിസ്വാമി (55) യെയാണ് ശിക്ഷിച്ചത്. പ്രതി ബാലരാമപുരം പെരിങ്ങമല സ്വദേശിയാണ്.
2020 ഫെബ്രുവരി 15നാണ് പൂജാരി അറസ്റ്റിലായത്. സംഭവത്തിന് ഒരാഴ്ച മുന്‍പാണ് അമ്മയ്ക്കൊപ്പം പരീക്ഷപ്പേടി മാറ്റാന്‍ ആവശ്യമായ പൂജ വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയും അമ്മയും ക്ഷേത്രത്തില്‍ എത്തിയത്. എന്നാല്‍ തിരക്കായതിനാല്‍ നാല് ദിവസത്തിന് ശേഷം വരാന്‍ പൂജാരി നിര്‍ദേശിച്ചു. അത് അനുസരിച്ച് പൂജാരി പറഞ്ഞ ദിവസം പെണ്‍കുട്ടി ഒറ്റയ്ക്കാണ് ക്ഷേത്രത്തില്‍ അർച്ചന നടത്താൻ എത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പൂജ കഴിഞ്ഞ് മറ്റു ഭക്തജനങ്ങൾ പിരിഞ്ഞ് പോയി ക്ഷേത്ര നട അടയ്ക്കും വരെ പൂജാരി മാറ്റി നിര്‍ത്തി. ശേഷം ശ്രീകോവിലിന് പിന്നിലുള്ള ഇരുനില കെട്ടിടത്തിലേക്ക് കൊണ്ടുപോയി ഓഫിസിന് മുകളിലുള്ള പൂജാരിയുടെ മുറിയിൽ എത്തിച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ചു. അവിടെ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാര്‍ ഫോര്‍ട്ട് പൊലീസില്‍ നല്‍കിയ പരാതി അനുസരിച്ച് പിന്നീട് പോക്സോ നിയമം ചുമത്തി മണിസ്വാമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫോർട്ട് പൊലീസ് സബ് ഇൻസ്പെക്ടർ സജു എബ്രഹാം ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അജിത് പ്രസാദ് ഹാജരായി.
English Summary: Priest arrested in POCSO case at Thiruvananthapuram
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.