17 January 2026, Saturday

Related news

January 17, 2026
January 4, 2026
December 28, 2025
October 21, 2025
September 25, 2025
September 17, 2025
September 4, 2025
July 15, 2025
June 4, 2025
May 24, 2025

പ്രധാനമന്ത്രി ദുരന്തഭൂമിയില്‍; ആവശ്യം, ഉറപ്പ്

Janayugom Webdesk
കല്പറ്റ
August 10, 2024 11:26 pm

വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയും ദുരിതാശ്വാസക്യാമ്പുകളും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിച്ചു. കേരളം ഒറ്റയ്ക്കല്ലെന്നും സാധ്യമായ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും സന്ദർശനശേഷം കളക്‌ടറേറ്റിൽ നടന്ന അവലോകനയോഗത്തില്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ഉരുൾപൊട്ടലിൽ സർവതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിന് സാമ്പത്തിക പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പാക്കേജ് സംബന്ധിച്ച് അധികം വൈകാതെ തീരുമാനമെടുക്കുമെന്നും പണം തടസമാകില്ലെന്നും പണത്തിന്റെ അഭാവം മൂലം പുനരധിവാസ പ്രവർത്തനങ്ങൾ തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തിന്റെ പൂർണമായ വിവരങ്ങൾ ഉൾപ്പെടുത്തി കേന്ദ്രത്തിന് വിശദമായ നിവേദനം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതു ലഭിച്ചശേഷം അനുഭാവപൂർവമായ നിലപാട് സ്വീകരിക്കും. ദുരന്തമുണ്ടായ ദിവസം രാവിലെ തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ച് സഹായം ഉറപ്പ് നൽകിയിരുന്നു. നിങ്ങൾ ഒറ്റയ്ക്കല്ലെന്ന ഉറപ്പാണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകാനുള്ളത്. ദുഃഖത്തിന്റെ ഈഘട്ടത്തിൽ എല്ലാവരും അവരോടൊപ്പമുണ്ട്. കുടുംബം നഷ്ടപ്പെട്ട കുട്ടികളുണ്ട്. അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സംസ്ഥാനവുമായി സഹകരിച്ച് വേണ്ടതു ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രിയോട് വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അവ കുറിപ്പായി കൈമാറി. നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. ആയിരക്കണക്കിന് കോടിയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സർക്കാരിന് പിന്നീട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം സംസ്ഥാനത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് അടിക്കടിയുണ്ടാകുന്ന പ്രവചനാതീതമായ പ്രകൃതിദുരന്തങ്ങൾ. ഈ വേനൽക്കാലത്ത് നേരിട്ട ഉഷ്ണതരംഗം സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ്. പെട്ടെന്നുണ്ടായ അതിതീവ്ര മഴയ്ക്കും ഉരുൾപൊട്ടലിനും ഇടയാക്കിയത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമാണ്. ഈ പശ്ചാത്തലത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഇന്ത്യ മെറ്റിയോറോളജിക്കൽ ഡിപ്പാർട്ട്മെന്റ്, നാഷണൽ സീസ്മിക് സെന്റർ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ സ്പെഷ്യൽ സെന്ററുകളും അത്യാധുനിക പഠന സൗകര്യങ്ങളുള്ള പ്രാദേശിക ഓഫിസുകളും സംസ്ഥാനത്ത് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഹെലികോപ്റ്ററിൽ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം തുടങ്ങിയ ദുരന്തമേഖലകൾ നിരീക്ഷിച്ചതിന് ശേഷം കല്പറ്റ എസ്‍കെഎംജെ സ്കൂൾ മൈതാനത്തെ ഹെലിപ്പാഡിൽ ഇറങ്ങിയ പ്രധാനമന്ത്രിയും സംഘവും അവിടെനിന്ന് റോഡ് മാർഗം ചൂരൽമലയിൽ എത്തി. സൈന്യം നിർമ്മിച്ച ബെയ്‌ലി പാലത്തിലൂടെ മുണ്ടക്കൈ ഭാഗത്തേക്കും എത്തി. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂൾ പ്രദേശമാണ് പ്രധാനമന്ത്രി നടന്നുകണ്ടത്. മുൻ നിശ്ചയിച്ചതിനെക്കാൾ രണ്ട് മണിക്കൂർ കൂടുതൽ സമയം ദുരന്തബാധിത മേഖലയിൽ പ്രധാനമന്ത്രി ചെലവഴിച്ചു. 

ദുരന്തഭൂമിയിലെത്തിയ പ്രധാനമന്ത്രിക്ക് ചീഫ് സെക്രട്ടറി ഡോ. വി വേണു, എഡിജിപി എം ആർ അജിത്കുമാർ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ എന്നിവർ ദുരന്തത്തെക്കുറിച്ചും ദുരിതാശ്വാസപ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. തകര്‍ന്ന സ്കൂളിലെ കുട്ടികളുടെ തുടര്‍വിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി അന്വേഷിച്ചു. അവലോകന യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡിജിപി ഷേഖ് ദർവേഷ് സാഹിബ്, എജിഡിപി, ജില്ലാ കളക്ടർ തുടങ്ങിയവരും പങ്കെടുത്തു. 

Eng­lish Sum­ma­ry: Prime Min­is­ter in dis­as­ter land; Neces­si­ty, certainty

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.