22 January 2026, Thursday

Related news

January 17, 2026
January 6, 2026
January 4, 2026
December 31, 2025
December 19, 2025
December 19, 2025
December 14, 2025
December 5, 2025
December 3, 2025
December 2, 2025

പകോഡയുണ്ടാക്കുന്നതും തൊഴിലെന്ന് പ്രധാനമന്ത്രി; 70 മണിക്കൂര്‍ പണിയെടുക്കണമെന്ന് നാരായണമൂര്‍ത്തി

Janayugom Webdesk
ന്യൂഡല്‍ഹി
November 10, 2023 3:37 pm

രാജ്യത്തെ വിലക്കയറ്റവും യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും വര്‍ധിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കുത്തക മുതലാളിമാര്‍ക്ക് കുട പിടിക്കുകയാണ്. അതിനിടിയിലാണ് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണമൂർത്തി യുവാക്കള്‍ 70മണിക്കൂർ പണിയെടുക്കാൻ സന്നദ്ധമാകണമെന്ന് പോഡ്കാസ്റ്റിലൂടെ ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ നാരായണമൂർത്തിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്തും പിന്തുണച്ചും കോർപറേറ്റ് ലോകം എത്തുമ്പോള്‍ ട്രേഡ് യൂണിയനുകളും മനുഷ്യവിഭവശേഷി വിദഗ്ധരും യുക്തിഭദ്രമായ വാദഗതികൾ നിരത്തി നിര്‍ദേശത്തെ എതിർത്തും രംഗത്ത് എത്തിയിരുന്നു. യുവാക്കള്‍ക്ക് തൊഴിലിനെക്കുറിച്ച് ക്ലാസ് എടുക്കാനുള്ള മികച്ച സമയമിതാണെന്നാണ് നാരായണമൂർത്തി കരുതുന്നത്. തൊഴില്‍ രഹിതരായ യുവാക്കളുടെ കണക്കുകള്‍ മറച്ച് വച്ച് തൊഴിലിനെക്കുറിച്ച് അവര്‍ക്ക് ക്ലാസെടുക്കുന്നത് എന്ത് അര്‍ത്ഥത്തിലാണെന്ന് ചോദിച്ച് പോകുകയാണ്. 

2018ല്‍ പകോഡയുണ്ടാക്കുന്നതും ഒരു തൊഴിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുവാക്കളോട് പറഞ്ഞിരുന്നു. അപ്പോഴാണ് എൻ ആർ നാരായണമൂർത്തി ഒരാഴ്ചയില്‍ 70മണിക്കൂർ പണിയെടുക്കാൻ യുവാക്കള്‍ തയ്യാറാകണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ഹിന്ദു ബിസിനസ് ലൈനില്‍ ജയന്തി ഘോഷും സിപി ചന്ദ്രശേഖറും എഴുതിയ റിപ്പോര്‍ട്ട് പറയുന്നത് അനുസരിച്ച്. ‘സ്വയം തൊഴിൽ ചെയ്യുന്ന വിഭാഗത്തിലുള്ള ഇന്ത്യക്കാർ അവർക്കിഷ്ടമുള്ള ജോലികളില്‍ ഏർപ്പെടുന്നില്ല, അവര്‍ക്ക് അതിനുള്ള അവസരങ്ങളില്ല.. 2019 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം സ്വയം തൊഴിൽ ചെയ്യുന്ന ആളുകളുടെ വരുമാനം 2022ലുള്ള വരുമാനത്തില്‍ നിന്ന് കുറയുന്നതാണ് കണ്ടത്. ജീവിക്കാനുള്ള വരുമാനം മാത്രമാണ് അവര്‍ സമ്പാദിക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞ ജയന്തി ഘോഷ് പറയുന്നത്, ‘യുവജനങ്ങള്‍ നിലവിലെ വിലവിവര പട്ടികയില്‍ തിരയുന്നത് പ്രതിശീർഷ വരുമാനമാണ്’. ഈ കണക്കുകൾക്കൊപ്പം പണപ്പെരുപ്പം നോക്കുകയാണെങ്കിൽ ഈ വർധന വളരെ തുച്ഛമായി കാണാനാകും. വാസ്തവത്തിൽ മിക്ക ഇന്ത്യക്കാരുടെയും വരുമാനം താഴേക്ക് കുറയുകയാണ്.

വരുമാനവും വരുമാനം കുറയുന്നതും തൊഴില്‍ ലഭിക്കാത്തതും ഇവിടെ പറയില്ല പക്ഷേ തൊഴില്‍ സമയം വര്‍ധിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തേ മതിയാകൂ. എന്റെ രാജ്യമാണ് , ഞാന്‍ ഒരാഴ്ചയില്‍ 70 മണിക്കൂര്‍ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് യുവാക്കള്‍ പറയണമെന്നാണ് നാരായണമൂർത്തി അഭ്യർത്ഥിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന ശബളത്തില്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കണമെന്ന് എന്തുകൊണ്ട് അദ്ദേഹത്തിന് പറയാന്‍ കഴിയുന്നില്ല. രാജ്യത്തിന്റെ പേരില്‍ തൊഴില്‍ സമയം വര്‍ധിപ്പിക്കാന്‍ പറയുന്നത് ഉചിതമല്ല. ദാരിദ്യ രേഖയ്ക്ക് താഴെയുള്ള 80 കോടിയിലധികം ആളുകള്‍ സൗജന്യ ഭക്ഷ്യധാന്യത്തിനായി കാത്തിരിക്കുകയാണെന്ന വസ്തുത എന്തുകൊണ്ട് നാരായണമൂര്‍ത്തി മറക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ദാസ്യരായ വ്യവസായികള്‍ ധനികരായികൊണ്ടിരിക്കുകയും ബാക്കി വരുന്ന ജനങ്ങള്‍ ദരിദ്രരാകുകയും ചെയ്യുന്നു. കുടിശ്ശികയായി കിടക്കുന്ന കടങ്ങള്‍ എന്തുകൊണ്ട് രാജ്യത്തിന് വേണ്ടി ഈ വ്യവസായികള്‍ അടച്ച് തീര്‍ക്കുന്നില്ല.

പാചക വാണിജ്യ സിലണ്ടറുകളുടെയും പച്ചകറികറി ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെയും വില വര്‍ധനവ് എല്ലാം മറച്ച് വച്ച് രാജ്യത്തില്‍ പണികഴിപ്പിക്കുന്ന ക്ഷേത്രങ്ങളുടെയും പ്രതിമകളുടെയും ഉദ്ഘാടനങ്ങള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിന് രാജ്യത്തിന്റെ മുഖമുദ്രയായി ഉയര്‍ത്തി കാട്ടാനുള്ളത്. തൊഴില്‍ ചെയ്യാനുള്ള എത്രയോ മണിക്കൂറുകളാണ് ആശുപത്രികളുടെയും ബാങ്കുകളുടെയും മുന്നില്‍ ക്യൂ നില്‍ക്കുന്ന പൊതുജനങ്ങള്‍ക്ക് നഷ്ടമാകുന്നത്, എന്തുകൊണ്ട് സര്‍ക്കാര്‍ അവര്‍ക്ക് നഷ്ടമപരിഹാരം നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് നാരായണമൂര്‍ത്തി ചോദിക്കുന്നില്ല. ഒരാഴ്ച 168 മണിക്കൂറുകളാണ് ഉള്ളത്. അതില്‍ വരുമാനം കുറവുള്ള യുവാക്കള്‍ ഒന്നല്ല ഒന്നില്‍ കൂടുതല്‍ ജോലികളാണ് ചെയ്യാറുള്ളത്. 2018 തെരഞ്ഞെടുപ്പിന് മുന്‍പ് കോര്‍പ്പറേറ്റ് നികുതി എടുത്ത് മാറ്റിയതിനെ വ്യവസായികള്‍ ഇരു കൈയും നീട്ടിയാണല്ലോ സ്വീകരിച്ചത്. അന്ന് എന്തുകൊണ്ട് സാധാരണക്കാർ കൂടുതൽ നികുതി ഇളവ് അർഹിക്കുന്നുണ്ടെന്ന് പറഞ്ഞില്ല? അതേസമയം 2015ല്‍ നാരായണമൂർത്തി പറഞ്ഞത് ഇപ്രകാരമാണ് , ‘ധനികര്‍ അധിക നികുതി നല്‍കിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപെടുമെന്നും ഉയർന്ന വരുമാനമുള്ളവര്‍ ഉയർന്ന നികുതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു’. 2018ലെ കോർപ്പറേറ്റ് നികുതി വർദ്ധനയെ നാരായണമൂർത്തി എതിർത്തിരുന്നോ? അദ്ദേഹത്തിന്റെ സ്ഥാപനം അത് നിരസിച്ചിരുന്നോ? അത്തരത്തിലൊരു അറിവ് പിന്നീട് ലഭിച്ചിട്ടില്ല.. 

ഇന്‍ഫോസിസിലും ഐടി കമ്പനികളിലും തുടക്കക്കാര്‍ക്ക് നല്‍കുന്ന ശബളത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ട്വിറ്ററിലും മറ്റ് ചില സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.. നാരായണമൂര്‍ത്തി മണി കണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്, 2012ല്‍ ഇന്‍ഫോസിസില്‍ തുടക്കക്കാര്‍ക്ക് വാര്‍ഷിക വരുമാനം 3.45 ലക്ഷം രൂപയാണ് ലഭിച്ചത്. അതായത് മാസം 28,000 രൂപയോ അതിലും കുറവാണെന്ന് സാരം. ആ വര്‍ഷത്തെ സിഇഒയ്ക്ക് 80 ലക്ഷമാണ് വാര്‍ഷിക വരുമാനം. പിന്നീടുള്ള പത്ത് വര്‍ഷത്തില്‍ തുടക്കക്കാരന്റെ വാര്‍ഷിക ശബളം 3.60 ലക്ഷം രൂപയിലാണ് എത്തി നിന്നത്. മാസം 30,000 രൂപ എന്ന കണക്കില്‍. ആ വര്‍ഷം സിഇഒ ആയിരുന്ന സലീല്‍ പാരേഖിന് 2022 ല്‍ 79 കോടി രൂപയാണ് വാര്‍ഷിക വരുമാനമായി ലഭിച്ചത്. പ്രതിമാസം ആറ് കോടിയിലധികം രൂപയാണ് അദ്ദേഹത്തിന്റെ ശബളം. ഈ വര്‍ഷം ശബളത്തില്‍ നേരിയ കുറവ് വന്നെങ്കിലും ഏകദേശം 56. 5 കോടി വരും. 

ഐടി സിഇഒമാരുടെ വരുമാനമാകട്ടെ 835 ശതമാനമായി ഉയര്‍ന്നിരിക്കെ അതേ കാലയളവില്‍ തുടക്കക്കാരന്റെ ശബള വര്‍ധന 45 ശതമാനം മാത്രമാണ്. ഇപ്പോഴുള്ള തുടക്കക്കാരന്റെ ശമ്പളം പത്ത് വര്‍ഷം മുന്‍പുള്ളവരുമായി താരതമ്യം ചെയ്യാന്‍ നാരായണമൂര്‍ത്തി ഒരിക്കലും തയ്യാറാകില്ല. പൂര്‍ണ പെന്‍ഷന്‍ ലഭിക്കാന്‍ കൂടുതല്‍ വര്‍ഷം ജോലി ചെയ്യണമെന്ന് പറഞ്ഞ ഫ്രാന്‍സ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്. പെന്‍ഷന്‍ ലഭിക്കാന്‍ ഒന്നിലധികം വര്‍ഷം ജോലി ചെയ്യണമെന്ന് നാരായണമൂര്‍ത്തി അവിടെ പോയി ക്ലാസ് എടുക്കേണ്ടതാണ്. ജോലി സമയം വെട്ടികുറച്ച് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കേണ്ട സാഹചര്യത്തെക്കുറിച്ച് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇന്ത്യയില്‍ തിരിച്ചാണ് സംഭവിക്കുന്നത്. ഉറങ്ങാനുള്ള സമയം പോലും നല്‍കരുതെന്ന് കരുതി ജനങ്ങളെ കൂടുതല്‍ ചൂഷണം ചെയ്യാനൊരുങ്ങുന്നത്. പോര്‍ച്ചൂഗലില്‍ കുട്ടികള്‍ക്ക് എട്ട് വയസ് തികയുന്നതുവരെ മാതാപിതാക്കള്‍ വീടുകളിലിരുന്ന് ജോലി ചെയ്യണമെന്ന് പോലും നിയമം കൊണ്ടുവന്നിട്ടുണ്ട്. അപ്പോഴാണ് ഇവിടെ ഇന്ത്യയില്‍ ജനങ്ങളെ വീണ്ടും അടിമകളാക്കാന്‍ ശ്രമിക്കുന്നത്.

Eng­lish Summary:Prime Min­is­ter says pako­da mak­ing is also a job; Narayana­murthy to work for 70 hours
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.