22 December 2024, Sunday
KSFE Galaxy Chits Banner 2

വിദ്വേഷപ്രസംഗം ആവർത്തിക്കുന്ന പ്രധാനമന്ത്രി

Janayugom Webdesk
October 4, 2024 5:00 am

ഭരണത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവർ വസ്തുതകളുടെ അടിസ്ഥാനത്തിലാകണം സംസാരിക്കേണ്ടത് എന്നത് സാമാന്യതത്വമാണ്. പ്രത്യേകിച്ച് പ്രധാനമന്ത്രിയെപ്പോലെ ഭരണഘടനാപരമായി കൂടുതൽ ഉത്തരവാദപ്പെട്ടവർ. എന്നാൽ രാജ്യം ഭരിക്കുന്ന ബിജെപി നേതാക്കളോ പ്രധാനമന്ത്രി നരേന്ദ്ര മോഡി പോലുമോ അത്തരം തത്വങ്ങളെയും മര്യാദകളെയും ഒരിക്കലും മാനിക്കുന്നവരായിരുന്നില്ല. അതിന്റെ അവസാനത്തെ തെളിവാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. ഗാന്ധിജയന്തി ദിനത്തിൽ ഝാർഖണ്ഡിലെ ഹസാരിബാഗിൽ നടത്തിയ റാലിയിലാണ് പ്രധാനമന്ത്രിയുടെ വസ്തുതാ വിരുദ്ധവും വിദ്വേഷം സൃഷ്ടിക്കുന്നതുമായ പരാമർശങ്ങളുണ്ടായത്. സംസ്ഥാനം ഭരിക്കുന്ന ഝാർഖണ്ഡ് മുക്തി മോർച്ച സർക്കാരിന് കീഴിൽ ഹിന്ദുക്കളുടെയും ആദിവാസികളുടെയും ജനസംഖ്യ കുറയുകയാണെന്നും ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വർധിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കേൾക്കാനെത്തിയവരോട് ചോദ്യോത്തര രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗമെന്ന് മടിത്തട്ട് മാധ്യമ (ഗോദി മീഡിയ)ങ്ങൾ പൊലിപ്പിച്ചെഴുതിയിട്ടുമുണ്ട്. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം അതിവേഗം വർധിച്ചിട്ടുണ്ടോ ഇല്ലയോ, നുഴഞ്ഞുകയറ്റക്കാർ ഇവിടെ ഭൂമി കയ്യടക്കിയിട്ടുണ്ടോ ഇല്ലയോ എന്നിങ്ങനെ ചോദ്യങ്ങൾ സദസ്യരോട് അദ്ദേഹം ഉന്നയിച്ചതായാണ് മാധ്യമങ്ങളിലുള്ളത്. വിദ്വേഷം മാത്രം നിറഞ്ഞ ഈ പരാമർശങ്ങൾ ഏത് രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കേണ്ടത് അദ്ദേഹം തന്നെയാണ്. 

നേരത്തെയും സമാനരീതിയിലുള്ള പരാ‍മർശങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായത് വിവാദമായിരുന്നു. ലോക്‌സഭാ തെരഞ്ഞെ‍ടുപ്പ് വേളയിലാണ് കോൺഗ്രസ് അധികാരത്തിലെത്തിയാൽ സ്ത്രീകളുടെ മംഗല്യസൂത്രങ്ങളും ഭൂമിയും പിടിച്ചെടുത്ത് നുഴഞ്ഞുകയറ്റക്കാർക്ക് നൽകുമെന്ന വിഷംവമിപ്പിക്കുന്ന പ്രസ്താവനയുണ്ടായത്. ഇവിടെ നുഴഞ്ഞുകയറ്റക്കാർ എന്നതുകൊണ്ട് മുസ്ലിം സമുദായത്തെയാണ് അദ്ദേഹം ലക്ഷ്യംവച്ചത്. ആഗോളതലത്തിൽ പോലും വലിയ വിവാദമായിട്ടും പ്രസ്തുത പരാമർശങ്ങൾ അദ്ദേഹം ആവർത്തിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ, ഗാന്ധി സിനിമ പുറത്തുവരുന്നതുവരെ ലോകത്തിന് ഗാന്ധിജിയെ അറിയില്ലായിരുന്നു എന്ന് പറയുന്നതിനും അദ്ദേഹത്തിന് മടിയുണ്ടായില്ല. ജനങ്ങളെ സാമുദായികമായി ധ്രുവീകരിക്കുവാനും പ്രത്യേക മതസമൂഹങ്ങളെ പ്രീണിപ്പിക്കുന്നതിനും ഉദ്ദേശിച്ചായിരുന്നു ഇത്തരം പ്രസ്താവനകൾ. ഇപ്പോഴത്തെ പ്രസംഗം നടന്ന ഝാർഖണ്ഡില്‍ അടുത്ത ജനുവരിയിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അതുകൊണ്ട് ഉദ്ദേശ്യം വ്യക്തമാണ്. ഝാർഖണ്ഡിലെ പ്രസംഗത്തിൽ മോഡി പറഞ്ഞത് കടുത്ത വർഗീയ വാദികളായ സംഘ്പരിവാർ നേതാക്കൾ നേരത്തെയും ഉന്നയിച്ചിട്ടുള്ളതാണ്. ഹിന്ദുക്കളുടെ എണ്ണം കുറയുന്നുവെന്ന പരാമർശങ്ങൾ അവർ ആവർത്തിക്കാറുമുണ്ട്. ചില ജഡ്ജിമാർ ഇതിന് കടുപ്പം പകരുന്ന നിരീക്ഷണങ്ങൾ നടത്തിയതും പരമോന്നത കോടതി അത് നീക്കം ചെയ്തതും കഴിഞ്ഞ ആഴ്ചയായിരുന്നു. സഭകളിൽ നടക്കുന്ന മതപരിവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ ഭൂരിപക്ഷംവരുന്ന ജനവിഭാഗം ഒരു ദിവസം ന്യൂനപക്ഷമാകുമെന്ന് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ പരാമർശം നടത്തിയിരുന്നു. സുപ്രീം കോടതി കഴിഞ്ഞയാഴ്ചയാണ് ഈ പരാമർശങ്ങൾ തള്ളിക്കളഞ്ഞത്. മാത്രവുമല്ല സമുദായങ്ങളുടെ ജനസംഖ്യ കുറയുന്നുവെന്ന ദുഃസൂചനകളുള്ള പ്രസ്താവനകൾ ബിജെപിയുടെ കേന്ദ്ര സർക്കാർ തന്നെ നിഷേധിക്കുകയും ചെയ്തതാണ്. 

രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മിഷണറുടെയും ഓഫിസുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ദുർബല ആദിവാസി വിഭാഗങ്ങളുടെ ജനസംഖ്യ കുറയുന്നില്ലെന്ന് കഴിഞ്ഞ വർഷം ഡിസംബർ ആറിന് ഗോത്രകാര്യ മന്ത്രാലയം രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. 1951 മുതലുള്ള കാനേഷുമാരികളിൽ പട്ടികജാതി എന്ന പൊതുവിഭാഗത്തിന്റെ കണക്കെടുപ്പാണ് നടക്കാറുള്ളതെന്നും ദുർബല, ഗോത്ര വിഭാഗങ്ങളുടേത് പ്രത്യേകമായി നടന്നിട്ടില്ലെന്നും ഏതെങ്കിലും വിഭാഗത്തിന്റെ എണ്ണം കുറയുന്നതായി കാണിക്കുന്നില്ലെന്നും മന്ത്രി അർജുൻ മുണ്ഡ ബിജെപി അംഗം രാകേഷ് സിൻഹയ്ക്ക് നൽകിയ മറുപടിയിലാണ് ഉണ്ടായിരുന്നത്. എന്നിട്ടും പ്രധാനമന്ത്രി മോഡി വസ്തുതയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്. ഝാർഖണ്ഡിലെ ആദിവാസി ജനവിഭാഗം കുറയുന്നുവെന്ന് വ്യാജപ്രസ്താവന നടത്തുന്ന മോഡി അതിന്റെ കാരണം അവിടെ ഭരണം നടത്തുന്ന സർക്കാരിലാണ് ചുമത്തുന്നത്. ഝാർഖണ്ഡ് മുക്തി മോർച്ച എന്ന ഇന്ത്യ സഖ്യകക്ഷിയുടെ ഹേമന്ത് സൊരേനാണ് മുഖ്യമന്ത്രി എന്നതാണ് അതിനുള്ള കാരണം. സംസ്ഥാനം കൂടുതൽക്കാലം ഭരിച്ചത് ബിജെപിയാണ് എന്ന യാഥാർത്ഥ്യം മറച്ചുവച്ചാണ് മോഡിയുടെ ഈ കാരണം കണ്ടെത്തൽ. 2000ത്തിലാണ് ഝാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത്. പിന്നീടുള്ള 24 വർഷത്തിനിടെ 14 വർഷത്തോളം സംസ്ഥാനം ബിജെപിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു. അതുകൊണ്ടുതന്നെ മോഡി അവകാശപ്പെടുന്നതുപോലെ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ എണ്ണക്കുറവ് സംഭവിച്ചുവെങ്കിൽ ബിജെപിക്കും അതിൽ ഉത്തരവാദിത്തമുണ്ട്. എവിടെനിന്നെങ്കിലും നുഴഞ്ഞുകയറ്റം നടന്നുവെങ്കിൽ അത് തടയുന്നതിൽ ബിജെപി സർക്കാരുകളും പരാജയമാണെന്ന് സമ്മതിക്കേണ്ടി വരും. പക്ഷേ അതിനൊന്നും മോഡി സന്നദ്ധമാകുമെന്ന് തോന്നുന്നില്ല. കാരണം ഝാർഖണ്ഡിലെ നിരക്ഷര ജനസാമാന്യത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ബാങ്കുകളെ പ്രീണിപ്പിക്കുക എന്നതുമാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫലിക്കാതെ പോയെങ്കിലും പഴയ ആയുധങ്ങൾ തന്നെയാണ് മോഡി പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഒരു മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.