ന്യൂഡല്‍ഹി
March 9, 2024 10:49 pm
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി ഉദ്ഘാടനങ്ങളും പദ്ധതി പ്രഖ്യാപനങ്ങളിലും വേഗത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പെരുമാറ്റചട്ടം നിലവില്‍ വരുമെന്നതിനാല്‍ വിവിധ കേന്ദ്ര പദ്ധതികളുടെ പ്രഖ്യാപനങ്ങളും പൂര്‍ത്തീകരിച്ചവയുടെ ഉദ്ഘാടനങ്ങളും ബുധനാഴ്ചയ്ക്കകം നടത്താന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ചൊവ്വാഴ്ച ചേരുമെന്നാണ് സൂചന.തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ജമ്മുവിലെ ഒരുക്കങ്ങള്‍ പൂര്‍ണമായും പരിശോധിച്ച ശേഷം യോഗം ചേരുകയും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് വിവരം.
ഇന്നലെ അരുണാചല്‍ പ്രദേശില്‍ സേല ടണലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇന്ന് വിമാനത്താവളങ്ങള്‍, 100 ഹൈവേ പദ്ധതികള്‍ എന്നിവ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച പൊഖ്റാൻ സന്ദര്‍ശിക്കുമെന്നാണ് വിവരം. അന്നേ ദിവസം തന്നെ ഗുജറാത്തില്‍ 10 വന്ദേഭാരത് ട്രെയിനുകള്‍ വിര്‍ച്വലായി ഫ്ലാഗ്ഓഫ് ചെയ്യുന്നുണ്ട്. ദ്വാരക എക്സ്പ്രസ്‌വേയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം ബംഗളൂരു-വിജയവാഡ എക്സ്പ്രസ്‌വേയും മോഡിയുടെ പരിപാടികളിലുണ്ട്.
തെരഞ്ഞെടുപ്പില്‍ വിന്യസിക്കേണ്ട കേന്ദ്ര സേനകളെ ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിക്കഴിഞ്ഞു. ഈ മാസം 12–13 തീയതിക്കുള്ളില്‍ അര്‍ധസൈനികരെ വിന്യസിക്കുന്നത് സംബന്ധിച്ച് ആസൂത്രണം പൂര്‍ത്തിയാക്കും. ഇതു സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ആഭ്യന്തര മന്ത്രാലയവും യോഗം ചേര്‍ന്നിരുന്നു.
English Summary: loksabha election: Prime Minister with inaugurations and project announcements
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.