15 December 2025, Monday

Related news

December 13, 2025
December 12, 2025
December 12, 2025
December 11, 2025
December 9, 2025
December 8, 2025
December 5, 2025
December 4, 2025
December 2, 2025
November 25, 2025

പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള മുന്‍ഗണന എല്‍ഡിഎഫ് നയം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
January 17, 2025 6:03 pm

സാമ്പത്തികമായി കേരളത്തെ ശ്വാസംമുട്ടിക്കലാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് എഐടിയുസി ദേശീയ വര്‍ക്കിങ് പ്രസിഡന്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം. അങ്ങേയറ്റം വൈരാഗ്യപൂര്‍വം ആണ് കേരളത്തോട് നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നത്. ഈ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെതായതുകൊണ്ട് തന്നെയാണ് മോഡി നമ്മുടെ സര്‍ക്കാരിനെ ശ്വാസംമുട്ടിക്കാന്‍ ശ്രമിക്കുന്നത്. അവര്‍ വര്‍ഗീയ ഭ്രാന്തിന് തിരികൊളുത്തുമ്പോള്‍ ഇവിടെ നാം മതേതരമൂല്യങ്ങളെ പ്രാണനെപ്പോലെ ഉയര്‍ത്തിപ്പിടിക്കുന്നു. അവര്‍ ജനാധിപത്യമൂല്യങ്ങളെ ചവിട്ടിമെതിക്കുമ്പോള്‍ നാം ജനാധിപത്യ അവകാശങ്ങളെ മാനിക്കുന്നു. നാം ഇന്ത്യയ്ക്ക് വഴികാണിച്ചത് ഇടതുപക്ഷ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. മോഡി സര്‍ക്കാര്‍ നമ്മളെ വെറുക്കുന്നത് ആ കാരണം കൂടി കൊണ്ടാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 

തൊഴിലും വേതനവും അവകാശപ്പെട്ട സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും സംരക്ഷിയ്ക്കുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാനത്തോടുള്ള കേന്ദ്ര വിവേചനം തിരുത്തണമെന്നും ആവശ്യപ്പെട്ട് എഐടിയുസി സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുത്തക മുതലാളിമാരുടെയും കൊള്ളക്കാരുടെയും താല്പര്യങ്ങള്‍ മാനിക്കുന്ന കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഭാവി ഇന്ത്യയുടെ വഴികാട്ടിയായി നില്‍ക്കേണ്ടത് ഇടതുപക്ഷ മാര്‍ഗമാണ്. അതുകൊണ്ടാണ് എല്ലാ ഘട്ടങ്ങളിലും തൊഴിലാളി വര്‍ഗം ഇടതുപക്ഷ സര്‍ക്കാരിനെ സ്വന്തമായി കണ്ട് കൊണ്ട് സ്നേഹിക്കുന്നത്. ആ സര്‍ക്കാര്‍ കേരളത്തില്‍ ഭരിക്കുമ്പോള്‍ ഇന്ത്യയ്ക്കായി വഴികാണിക്കേണ്ടത് അടിസ്ഥാനപരമായ പക്ഷപാതിത്വം തെളിയിച്ച്കൊണ്ടായിരിക്കണം. ആ പക്ഷപാതിത്വം പാവങ്ങള്‍ക്കൊപ്പം നില്‍ക്കലാണ്, തൊഴിലാളിയെ ചേര്‍ത്തുനിര്‍ത്തലാണ്, പൊതുമേഖലയെ കാത്തുരക്ഷിക്കലാണ്, ഭൂമിയെ, പ്രകൃതിയെ മനുഷ്യരെ, വിയര്‍പ്പിനെ അധ്വാനത്തെയെല്ലാം മാനിക്കലാണ്. എല്‍ഡിഎഫിന് അതറിയാം. അതുകൊണ്ട് നമ്മോട് പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്ന് എല്‍ഡിഎഫിനോട് പറയുന്നതായും ബിനോയ് വിശ്വം പറഞ്ഞു. 

എല്ലാ തൊഴില്‍ രംഗത്തും ഒരുപാട് പ്രയാസങ്ങളുണ്ട്. പ്രയാസങ്ങള്‍ക്ക് പിറകില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ള കാര്യവും നാം മറന്ന് പോകുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ ആ പിടി മുറുകുകയാണ്. സാമ്പത്തികമായി കേന്ദ്ര സര്‍ക്കാര്‍ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ പരിമിതമായ വിഭവംകൊണ്ട് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന മുന്‍ഗണനാക്രമം എല്‍ഡിഎഫിന് വേണം. പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും പട്ടിണിക്കാര്‍ക്കും മുന്‍ഗണന നല്‍കലാണ് നയമെന്ന് എല്‍ഡിഎഫിനറിയാം. അത് ഈ സര്‍ക്കാരിനുമറിയാമെന്ന് നാം പ്രതീക്ഷിക്കുന്നു. ആ പാതയില്‍ സര്‍ക്കാര്‍ സഞ്ചരിച്ചേ തീരുവെന്ന് നാം പറയുകയാണ്. നാം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ അവിഭാജ്യമായ ഭാഗമാണ്. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുവാനും വീണ്ടും വരുവാനും നാം വിയര്‍പ്പൊഴുക്കി. നമ്മുടെ അവകാശ ബോധത്തിന്റെ പ്രതീകമാണ് എല്‍ഡിഎഫ്. ഈ സര്‍ക്കാര്‍ നമ്മുടേതാണെന്ന് ഇന്നും നാളെയും അറിയാം. നമ്മുടെ സര്‍ക്കാര്‍ നമ്മളെ കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യണം. സര്‍ക്കാര്‍ നമ്മളെ കാണും എന്ന പ്രതീക്ഷ ആണ് നാം ഉയര്‍ത്തിപ്പിടിക്കുന്നത്. എഐടിയുസി സര്‍ക്കാര്‍ വിരുദ്ധ സമരത്തിലേക്ക് നീങ്ങുകയാണെന്ന് ആര്‍ക്കും വ്യാമോഹം വേണ്ട. സര്‍ക്കാരിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് എഐടിയുസി വന്നിരിക്കുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ദേശീയ സെക്രട്ടറി ആർ പ്രസാദ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, എംഎൽഎമാരായ വാഴൂർ സോമൻ, പി എസ് സുപാൽ. ഇ ടി ടൈസൺ മാസ്റ്റർ, സി കെ ആശ, വി ആർ സുനിൽകുമാർ, വി ശശി, സി സി മുകുന്ദന്‍, എഐടിയുസി ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ, പ്രസിഡന്റ് സോളമൻ വെട്ടുകാട് എന്നിവർ സംസാരിച്ചു. എഐടിയുസി സംസ്ഥാന ഭാരവാഹികളായ സി പി മുരളി, കെ കെ അഷറഫ്, പി രാജു, വിജയൻ കുനിശ്ശേരി, കെ സി ജയപാലൻ, കെ വി കൃഷ്ണൻ, പി സുബ്രഹ്മണ്യൻ, കെ എസ് ഇന്ദുശേഖരൻ നായർ, താവം ബാലകൃഷ്ണൻ, സി കെ ശശിധരൻ, കെ മല്ലിക, എലിസബത്ത് അസീസി, പി വി സത്യനേശൻ, എം ജി രാഹുൽ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ചെങ്ങറ സുരേന്ദ്രൻ, കെ പി ശങ്കരദാസ്, പി കെ മൂർത്തി, കെ ജി ശിവാനന്ദൻ, അഡ്വ. ആർ സജിലാൽ, അഡ്വ. ജി ലാലു, എ ശോഭ, പി കെ നാസർ, എസ് അശ്വതി എന്നിവർ നേതൃത്വം നൽകി.

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.