
മുൻഗണനാ വിഭാഗത്തിലേക്ക് കൂടുതൽ റേഷന്‍ കാർഡുടമകളെ ഉൾപ്പെടുത്തുന്നതിനായി വീടിന്റെ വിസ്തീർണ മാനദണ്ഡത്തിൽ മാറ്റം വേണമെന്ന ശുപാർശയുമായി ഭക്ഷ്യവകുപ്പ്. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടണമെങ്കിൽ വീടിന്റെ വിസ്തീർണം 1,000 ചതുരശ്ര അടിയോ അതിന് താഴെയോ ആയിരിക്കണമെന്നാണ് നിലവിലെ ചട്ടം. ഇത് 1,100 ചതുരശ്ര അടിയായെങ്കിലും ഉയർത്തണമെന്ന ശുപാർശ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി ജി ആർ അനിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മസ്റ്ററിങ്ങിന്റെയും ഫീൽഡ് തല പരിശോധനയുടെയും ഭാഗമായി ഒരുലക്ഷത്തോളം ഒഴിവുകളാണ് മുൻഗണനാ പട്ടികയിൽ ഉണ്ടായത്. കേരളത്തിന്റെ സാഹചര്യത്തിൽ 1,000 ചതുരശ്ര അടിക്ക് താഴെ വീടുള്ളവർ കുറവാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള ഒഴിവുകൾ നികത്താൻ കഴിയാത്ത സ്ഥിതിവരുമെന്നും മന്ത്രി പറഞ്ഞു.
റേഷൻ വ്യാപാരികളുടെ വേതന വർധന സംബന്ധിച്ചുള്ള ഫയൽ ഭക്ഷ്യവകുപ്പ് അംഗീകരിച്ച് ധനവകുപ്പിന് കൈമാറി. ഇക്കാര്യത്തിൽ അടിയന്തര നടപടിവേണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനം കേരളമാണ്. വേതന പരിഷ്കരണമൊഴികെ റേഷൻവ്യാപാരികൾ ഉയർത്തിയ നിരവധി ആവശ്യങ്ങളും നടപ്പാക്കിയിട്ടുള്ള സർക്കാരാണിതെന്നും സാമ്പത്തിക ബാധ്യതമൂലം ഒരു വ്യാപാരിപോലും റേഷൻകട ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നെല്ല് സംഭരണത്തിൽ കേരള ബാങ്കിനെക്കൂടി ഉൾപ്പെടുത്തി കർഷകർക്ക് വേഗം പണം ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേരള ബാങ്കിനുള്ള കുടിശിക കൊടുത്തുതീർക്കുന്നതിന് ഒരു കൺസോർഷ്യം രൂപീകരിക്കും. ഈ കൺസോർഷ്യം സപ്ലൈകോക്ക് കേരള ബാങ്കിലുള്ള കടബാധ്യത തീർക്കാൻ വായ്പ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. എട്ട് മുതൽ 12 മാസം വരെ താമസിച്ചാണ് സംഭരിച്ച നെല്ലിന് കേന്ദ്രം പണം അനുവദിക്കുന്നത്. കഴിഞ്ഞ വർഷം സംഭരിച്ച നെല്ലിന്റെ വകയില്‍ ഒരു രൂപപോലും നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.