സംസ്ഥാനത്തെ റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങളുടെ മസ്റ്ററിങ് നടപടികൾ നാളെ മുതല്‍ ആരംഭിക്കും. മൂന്ന് ഘട്ടമായിട്ടാണ് നടപടികൾ. ഒന്നാം ഘട്ടം 18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയില്‍ നടക്കും. 25 ഒക്ടോബർ ഒന്ന് വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലും ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലും മസ്റ്ററിങ് നടത്തും. ഒക്ടോബർ 15-ാം തീയതിയോടെ മുൻഗണനാ കാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മസ്റ്ററിങ് നടപടികൾ മുൻഗണനാ കാർഡിലെ അംഗങ്ങൾക്ക് വേണ്ടി മാത്രമാണ്. മുൻഗണനേതര വിഭാഗത്തിൽപ്പെട്ട വെള്ള, നീല കാർഡിലെ അംഗങ്ങൾ ഈ മസ്റ്ററിങ് ക്യാമ്പുകളിൽ പങ്കെടുക്കേണ്ടതില്ല. മുൻഗണനേതര (വെള്ള, നീല)കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ്ങിനായുള്ള തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
മസ്റ്ററിങ്ങിനായി നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വകുപ്പിലെ ഉദ്യോഗസ്ഥർ വീട്ടിൽ വന്ന് നടപടികൾ പൂർത്തിയാക്കും. നിലവിലെ മസ്റ്ററിങ് നടപടികൾ മുൻഗണനാ കാർഡിലെ അംഗങ്ങൾക്ക് മാത്രമായിട്ടുള്ളതിനാൽ കഴിവതും റേഷൻ കടകളിൽ വച്ചു തന്നെ നടത്താൻ കഴിയുന്നതാണ്. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്ക് പ്രസ്തുത സംസ്ഥാനത്തെ/ ജില്ലകളിലെ ഏതെങ്കിലും റേഷൻ കടകളിൽ മസ്റ്ററിങ് നടത്താവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.