
എസ്ഐആറിന്റെ ഭാഗമായി സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ നിന്നും ലക്ഷക്കണക്കിന് പേർ പുറത്തുപോയതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചു.
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പട്ടികയിൽ നിന്നും പുറംതള്ളുന്നതിന് പകരം ജനാധിപത്യ മൂല്യങ്ങൾ പരിപാലിച്ച് അർഹരായ എല്ലാവരെയും ഉൾക്കൊള്ളുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മരിച്ചവർ, സ്ഥിരമായി സ്ഥലം മാറിപ്പോയവർ, ഇരട്ട രജിസ്ട്രേഷൻ ഉള്ളവർ, കണ്ടെത്താനാകാത്തവർ എന്നീ വിഭാഗക്കാർ ഒഴിവാക്കപ്പെടുന്നത് മനസിലാക്കാം. എന്നാല്‍ ‘മറ്റുള്ളവർ’ എന്ന നിർവചനത്തിൽ ഒഴിവാക്കപ്പെട്ടവരെക്കുറിച്ച് വിശദീകരണം നൽകേണ്ടതാണ്. ആ ഗണത്തിൽപ്പെടുത്തി ഒഴിവാക്കിയ ലക്ഷക്കണക്കിന് പേരെക്കുറിച്ച് എന്ത് ന്യായീകരണമാണ് നൽകാനുള്ളത്.
ഒരു പൗരന്റെ വോട്ടവകാശം നിഷേധിക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ കഴിയില്ല. 40 വയസിന് താഴെയുള്ളവരുടെ ബന്ധുത്വം തെളിയിക്കാൻ കഴിയാത്തതിനാൽ ഓരോ ജില്ലയിലും രണ്ടുലക്ഷത്തോളം പേർ വീതം ഒഴിവാക്കപ്പെട്ടിരിക്കുന്നു. സുതാര്യതയില്ലാതെയും യുക്തിരഹിതമായ സമീപനങ്ങൾ സ്വീകരിച്ചും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ എസ്ഐആർ നടപടികൾ സംസ്ഥാനത്ത് നടപ്പിലാക്കിയത്.
2025 സെപ്റ്റംബറിൽ നടന്ന സ്പെഷ്യൽ സമ്മറി റിവിഷൻ വോട്ടർ പട്ടികയിൽ പേര് ഉണ്ടായിരുന്ന അർഹതയുള്ള ഒരു വോട്ടര്‍ പോലും എസ്ഐആർ പ്രകാരം പുതുക്കിയ പട്ടികയിൽ നിന്നും പുറന്തള്ളപ്പെടുന്നില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പ് വരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.