വറുത്തതും ബേക്ക് ചെയ്തതും സംസ്കരിച്ചതുമായ (അള്‍ട്രാ പ്രൊസസ്ഡ്) ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഇന്ത്യയെ പ്രമേഹത്തിന്റെ ലോക തലസ്ഥാനമാക്കി മാറ്റുന്നതെന്ന് പഠനം.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) മദ്രാസ് ഡയബെറ്റ്സ് റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായാണ് പഠനം നടത്തിയത്.
കഴിഞ്ഞ കുറച്ചു വര്‍ഷം കൊണ്ടുതന്നെ രാജ്യത്തെ ജനങ്ങളുടെ ഭക്ഷണശൈലിയില്‍ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. കൂടാതെ കൃത്രിമ നിറങ്ങളും സുഗന്ധങ്ങളും മധുരവും നിറഞ്ഞ സംസ്കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളുടെയും ഉപയോഗം സാധാരണമായി. സ്വാഭാവികമായി ഉള്ളതിനുപുറമേ, കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അധികമായും കേടുവരാതിരിക്കുന്നതിനുള്ള പദാര്‍ത്ഥങ്ങളും ചേര്‍ത്ത ഭക്ഷണങ്ങളാണ് യുപിഎഫ് അഥവാ അള്‍ട്രാ പ്രൊസസ്ഡ് ഫുഡ്. അപ്പോള്‍ത്തന്നെ കഴിക്കാവുന്ന നിലയിലുള്ള പാക്ക് ചെയ്ത ഭക്ഷണങ്ങള്‍, ഐസ്‌ക്രീം, സോസേജ്, ഫ്രൈഡ് ചിക്കന്‍, കെച്ചപ്പ് എന്നിവയെല്ലാം സംസ്കരിച്ച ഭക്ഷണങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
ഇത്തരം ഭക്ഷണങ്ങളിലൂടെ നമ്മുടെ ശരീരത്തില്‍ എത്തുന്ന പ്രോട്ടീനുകള്‍ രക്തത്തിലെ പഞ്ചസാര തന്മാത്രയില്‍ ചേര്‍ന്ന് അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രോഡക്ട്സ് (എജിഇ) ആയി മാറുന്നു. ആരോഗ്യത്തെ നശിപ്പിക്കുന്ന അപകടകാരിയായ ഒരു വസ്തുവാണിത്. പ്രമേഹത്തിന്റെ അടിസ്ഥാന കാരണം തന്നെ ഇവയാണ്. എജിഇയുടെ അളവ് ഒരു പരിധിയില്‍ കൂടുതല്‍ ഉയരുന്നത് ശരീരത്തില്‍ പഴുപ്പുകള്‍ ഉണ്ടാകുന്നതിനും കോശങ്ങളില്‍ അസന്തുലിത സമ്മര്‍ദം എന്ന അവസ്ഥ ഉണ്ടാക്കുന്നതിനും കാരണമാകുന്നെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൂടുതലായി പഴങ്ങള്‍, പാല്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നതിലൂടെ പൊണ്ണത്തടിയുള്ള ആളുകള്‍ക്ക് അസന്തുലിത സമ്മര്‍ദം കുറയ്ക്കാന്‍ കഴിയും. ഇത്തരം ഭക്ഷണങ്ങള്‍ക്ക് പ്രമേഹത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. സര്‍വേ പ്രകാരം 2021ല്‍ ഇന്ത്യയിലെ പ്രമേഹ വ്യാപനം 11.4 ശതമാനമായിരുന്നു. പ്രമേഹത്തിന് പുറമെ ഇത്തരം ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവയ്ക്കും കാരണമാകുന്നു.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വറുക്കുന്നതിനു പകരം വേവിച്ച് കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുമെന്നും പഠനം പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.