23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026

പ്രൊഫ. അലി ഖാൻ മഹ്മൂദാബാദിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡൽഹി
May 21, 2025 4:51 pm

പാകിസ്ഥാൻ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ചും യുദ്ധക്കൊതിയന്മാരെ വിമർശിച്ചും സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനെത്തുടർന്ന് അറസ്റ്റിലായ പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഹരിയാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് അധ്യാപകന് ജാമ്യം അനുവദിച്ച് നല്‍കിയത്. അതേസമയം, അന്വേഷണം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. ഹരിയാന പൊലീസിലോ ഡൽഹി പൊലീസിലോ ഉൾപ്പെടാത്ത മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തെ 24 മണിക്കൂറിനുള്ളിൽ രൂപീകരിക്കാനും കോടതി ഹരിയാന ഡിജിപിയോട് നിർദ്ദേശം നല്‍കി. എസ്‌ഐടിയിലെ ഒരു ഉദ്യോഗസ്ഥ ഒരു സ്ത്രീയായിരിക്കണമെന്നും നിബന്ധനയുണ്ട്.

ഇന്നലെ പ്രൊഫസറെ സോനിപ്പത്ത്‌ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. സുപ്രീംകോടതിയിൽ അലി ഖാൻ നൽകിയ ഹർജി അടിയന്തരമായി കേൾക്കാമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ സമ്മതിച്ചിരുന്നു. പിന്നാലെയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് അശോക സർവകാലാശാലയിലെ പൊളിറ്റിക്കൽ സയൻസ്‌ വിഭാ​ഗം അധ്യാപകനായ പ്രൊഫ. അലി ഖാൻ മഹ്മൂദാബാദിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കേസിന് വിഷയമായ സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഏതെങ്കിലും പോസ്റ്റുകളോ ലേഖനങ്ങളോ എഴുതുന്നതിൽ നിന്നും ഭീകരാക്രമണത്തെക്കുറിച്ചോ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചോ എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ നിന്നും വിലക്കിയ വ്യവസ്ഥകളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്നും നിർദേശമുണ്ട്. സമൂഹമാധ്യമത്തിൽ മഹ്മൂദാബാദ് എഴുതിയ പോസ്റ്റിനെതിരെ ഹരിയാന വനിതാ കമീഷൻ രം​ഗത്തുവന്നതിനു പിന്നാലെയായിരുന്നു പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. കേണൽ സോഫിയ ഖുറേഷി പ്രതിനിധീകരിക്കുന്ന വിഭാഗങ്ങളുടെ സമഗ്രമായ ശാക്തീകരണത്തിന്റെ അഭാവത്തെ ചൂണ്ടിക്കാട്ടിയും ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്‌തായിരുന്നു അധ്യാപകന്റെ പോസ്റ്റ്. എന്നാൽ പോസ്റ്റിനെ വളച്ചൊടിച്ച് ഹരിയാന വനിത കമീഷൻ രംഗത്തുവരികയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.