19 December 2024, Thursday
KSFE Galaxy Chits Banner 2

നവകേരള സൃഷ്ടിയുടെ മുന്നേറ്റം

പിണറായി വിജയന്‍
മുഖ്യമന്ത്രി
May 20, 2022 7:00 am

എല്ലാ ജനങ്ങൾക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതും ദീർഘകാല പരിപേക്ഷ്യത്തോടെയുള്ള വികസന പദ്ധതി നടപ്പാക്കുന്നതുമായ സർക്കാരാണ് കേരളത്തിലുള്ളത്. സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നൽകുംവിധം ഉല്പാദന മേഖലകളിൽ ഉണർവുണ്ടാക്കാനും സേവന മേഖലകളെ ആധുനികവല്ക്കരിക്കാനും വിജ്ഞാനാധിഷ്ഠിത സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാനുമുള്ള പരിശ്രമമാണ് നടത്തുന്നത്. ആ നിലയ്ക്ക് വ്യതിരിക്തമായ വ്യക്തിത്വമുള്ള ഒരു സർക്കാരിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. ജനകീയവും വികസനോന്മുഖവുമായ കർമ്മപദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്നതിലെ കാര്യക്ഷമതയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ ഭരണത്തുടർച്ച. 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളാണു തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ മുന്നോട്ടുവച്ചിരുന്നത്. 765 ഓളം ഇനങ്ങളിൽ നടപടികൾ വിവിധ ഘട്ടങ്ങളിൽ എത്തിക്കാൻ ആദ്യവർഷം തന്നെ കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ജൂൺ രണ്ടിന് ജനസമക്ഷം അവതരിപ്പിക്കുന്നുണ്ട്. കൃഷിക്കാരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കാനും പൊതുമേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കാനും വ്യവസായ മേഖലയിൽ ചുരുങ്ങിയത് 10,000 കോടി രൂപയുടെയെങ്കിലും സ്വകാര്യ നിക്ഷേപം ആകർഷിക്കാനും കേരളത്തെ ഇലക്ട്രോണിക് ഫാർമസ്യൂട്ടിക്കൽ ഹബ്ബാക്കി വളർത്താനും ഭക്ഷ്യ സംസ്കരണം ഉൾപ്പെടെയുള്ള മൂല്യവർധിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും ടൂറിസം വിപണി ഇരട്ടിയാക്കാനും സഹായകമായ പദ്ധതികളാണ് നടപ്പാക്കുന്നത്. കൊച്ചി-പാലക്കാട്, കൊച്ചി-മംഗലാപുരം വ്യവസായ ഇടനാഴികൾ, തിരുവനന്തപുരം ക്യാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്മെന്റ് പദ്ധതി, സിൽവർ ലൈൻ എന്നീ നാലു സുപ്രധാന പശ്ചാത്തല സൗകര്യ പദ്ധതികൾ ഈ അഞ്ചു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനുള്ള ഇടപെടലുകളാണ് നടത്തുന്നത്. ദേശീയപാതാ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, തെക്കുവടക്ക് ദേശീയ ജലപാത എന്നിവ പൂർത്തീകരിക്കും. വൈദ്യുതി ക്ഷാമം ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റാൻ 10,000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി പൂർത്തീകരിക്കും. പൂർണമായ ദാരിദ്ര്യനിർമ്മാർജ്ജനം പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

വയോജനക്ഷേമം ഉറപ്പുവരുത്താനും സാധാരണ കുട്ടികൾക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഭിന്നശേഷിക്കാരായ കുട്ടികൾക്കും ലഭ്യമാക്കാനുമുള്ള പരിശ്രമങ്ങളും മുന്നേറുന്നു. ‘കാരുണ്യ’ പദ്ധതിയിലൂടെ 20 ലക്ഷം കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള കിടത്തി ചികിത്സ സൗജന്യമായി നൽകുകയും ബാക്കിയുള്ളവർക്ക് രണ്ട് ലക്ഷം രൂപ വരെയുള്ള ചികിത്സ ഉറപ്പാക്കുകയും ചെയ്യുക, ഏകോപിത പ്രവാസി തൊഴിൽ പദ്ധതി പ്രാവർത്തികമാക്കുക, വിശപ്പുരഹിത കേരളം പരിപൂർണ യാഥാർത്ഥ്യമാക്കുക, സാമൂഹ്യ പെൻഷനുകൾ ഘട്ടംഘട്ടമായി ഉയർത്തുക, എല്ലാവർക്കും ഭൂമിയും വീടും കുടിവെള്ളവും ലഭ്യമാക്കുക എന്നീ കാര്യങ്ങൾ ചെയ്ത് സാമൂഹ്യക്ഷേമ നടപടികളിൽ കേരള മാതൃകയെ ഉത്തരോത്തരം ഉയർത്താനാണുദ്ദേശിക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിച്ച് കൃഷിക്കാർക്കും സംരംഭകർക്കും വ്യാപാരികൾക്കുമെല്ലാം ഉദാരമായ വായ്പകൾ കേരളാ ബാങ്കിലൂടെ ലഭ്യമാക്കും. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ പണവും അധികാരവും ഊദ്യോഗസ്ഥരെയും നൽകി അധികാര വികേന്ദ്രീകരണം ശക്തമാക്കും. എല്ലാ പഞ്ചായത്തിലും പൊതു കളിക്കളം ഒരുക്കി പുതിയ കായിക സംസ്കാരം വളർത്താൻ ആവശ്യമായ പദ്ധതികൾ കൂടുതൽ ഊർജസ്വലമാക്കും. സ്കൂൾ വിദ്യാഭ്യാസത്തിൽ നേടിയ മികവിന്റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിൽ കൈവരിക്കുക എന്നത് അടിയന്തര ലക്ഷ്യമാണ്. പരിസ്ഥിതി സന്തുലനാവസ്ഥ നിലനിർത്തി വികസനവും ക്ഷേമവും സമന്വയിപ്പിക്കുന്ന പുതിയ വഴികൾ തുറക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. അതിനു സഹായകമാകുന്ന വിധത്തിൽ സദ്ഭരണവും അഴിമതി നിർമ്മാർജ്ജനവും ശക്തിപ്പെടുത്തും. 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ലക്ഷ്യം നേടുന്നതിന് നൈപുണ്യ പരിശീലനം, വ്യവസായ പുനഃസംഘടന, കാർഷിക നവീകരണം എന്നിവയ്ക്കു ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ പരിപാടികളുമായാണ് മുന്നോട്ടു പോകുന്നത്.


ഇതുകൂടി വായിക്കാം; പുതിയ പദ്ധതികളെ കാതോര്‍ത്ത് നവകേരളം


ഐടി, ബിടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസം പോലുള്ള സേവന മേഖലകളുമാണ് നമ്മുടെ നാടിനനുയോജ്യമെന്ന് വിലയിരുത്തപ്പെടുന്നത്. കമ്പ്യൂട്ടർ, വൈദ്യുത വാഹനം എന്നിവയുടെ നിർമ്മാണം പോലുള്ള വ്യവസായങ്ങൾക്കും കാർഷികോല്പന്നങ്ങൾ ഉൾപ്പെടെയുള്ള നമ്മുടെ തനതു വിഭവങ്ങളുടെ മൂല്യവർധിത വ്യവസായങ്ങൾക്കും വലിയ സാധ്യതകളുണ്ട്. ഈ മേഖലകളിലാകെ സക്രിയമായി ഇടപെട്ട് കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ വിജ്ഞാന സമ്പദ്ഘടനയായി പുതുക്കിപ്പണിയുന്നതിനുള്ള പരിപാടിയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. അടുത്ത 25 വർഷംകൊണ്ട് കേരളത്തിലെ ജീവിതനിലവാരം വികസിത രാഷ്ട്രങ്ങൾക്കു സമാനമായി ഉയർത്തുക എന്നതാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയിലെന്നപോലെ ഉന്നതവിദ്യാഭ്യാസ മേഖലയിലും വലിയതോതിലുള്ള ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ ഈ മുന്നേറ്റം സാധ്യമാവുകയുള്ളു. ഉന്നതവിദ്യാഭ്യാസ മേഖലയിലും ഐടി രംഗത്തും മറ്റു നൂതന വ്യവസായങ്ങളുടെ രംഗത്തും വലിയതോതിലുള്ള ഇടപെടലുകൾക്കൂടി ആവശ്യമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഐ ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ വലിയതോതിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. 60.47 ലക്ഷം ചതുരശ്രയടി ഐടി പാർക്കുകളും അരലക്ഷത്തോളം തൊഴിലവസരങ്ങളും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സൃഷ്ടിക്കപ്പെട്ടു. 2026 ഓടെ രണ്ട് കോടി ചതുരശ്രയടി ഐടി പാർക്കുകളും രണ്ട് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കോവിഡ് കാലയളവിൽ മൂന്ന് ഐ ടി പാർക്കുകളിലുമായി 10,400 പുതിയ തൊഴിലവസരങ്ങളുണ്ടാക്കി; 181 പുതിയ കമ്പനികൾ പ്രവർത്തനമാരംഭിച്ചു. യുവാക്കളെ തൊഴിൽ അന്വേഷകർ എന്നതുപോലെ തന്നെ തൊഴിൽദാതാക്കളായും മാറ്റേണ്ടതുണ്ട്. വലിയ മുതൽമുടക്കിനു കഴിവില്ലെങ്കിലും അതിനൂതനമായ ആശയങ്ങളുമായാണ് പലരും സ്റ്റാർട്ടപ്പ് മേഖലയിലേക്കു കടന്നുവരുന്നത്. 3,500 ഓളം പുതിയ സ്റ്റാർട്ടപ്പുകൾ മുഖേന 32,000 തൊഴിലവസരങ്ങളാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സൃഷ്ടിക്കാനായത്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമായി മാറാനും നമുക്കു കഴിഞ്ഞു. നാല് ലക്ഷം ചതുരശ്രയടിയിലാണ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഹബ്ബ് ഒരുങ്ങിയത്. ഈ സ്റ്റാർട്ടപ്പ് നയം കൂടുതൽ കരുത്തോടെ തുടർന്നുപോകാനാണ് ശ്രമിക്കുന്നത്. അന്തർദേശീയ ലോഞ്ച് പാഡ് പ്രോഗ്രാമുകൾ ആരംഭിച്ചും ഗ്ലോബൽ ആക്സിലറേറ്റർ നെറ്റ്‌വർക്കുകളുമായി കരാർ ഒപ്പിട്ടും സ്റ്റാർട്ടപ്പുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ്.

കേരള ബാങ്ക്, കെഎഫ്‌സി, കെഎസ്ഐഡിസി, കെഎസ്എഫ്ഇ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഒരു എയ്ഞ്ചൽ ഫണ്ട് രൂപീകരിക്കുവാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. പരമ്പരാഗതമായി ഐടി മേഖലയിൽ നിലയുറപ്പിച്ച കമ്പനികളെയും നൂതന ആശയങ്ങളുമായി കടന്നുവരുന്ന യുവസംരംഭകരെയും സംയോജിപ്പിച്ചുള്ള വ്യാവസായിക മുന്നേറ്റമാണ് ഐടി, ഇലക്ട്രോണിക് രംഗങ്ങളിൽ ലക്ഷ്യംവയ്ക്കുന്നത്. ഓരോ വീടുകളും ഇന്റർനെറ്റ് കണക്ടിവിറ്റിയിലൂടെ ബന്ധപ്പെട്ടാൽ മാത്രമെ ലോകവിജ്ഞാന ശൃംഖലയുമായി ബന്ധപ്പെടുന്നതിനും ഐടി അധിഷ്ഠിത തൊഴിലുകളിൽ ഏർപ്പെടുന്നതിനും കഴിയുകയുള്ളൂ. ഈ ലക്ഷ്യംവച്ചാണ് ഇന്റർനെറ്റ് അവകാശമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി നമ്മൾ മാറിയത്. കേരളത്തെയൊന്നാകെ ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി പൂർത്തീകരണത്തോടടുക്കുകയാണ്. അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടെ ലഭ്യമാക്കാൻ 52,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ് നിലവിൽ വരുന്നത്. 1,531 കോടി രൂപ ചിലവഴിക്കുന്ന ഈ പദ്ധതിയുടെ 65 ശതമാനത്തോളം പ്രവൃത്തി പൂർത്തീകരിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലേതിന് ആനുപാതികമായ മുന്നേറ്റം വ്യാവസായിക, ഉന്നതവിദ്യാഭ്യാസ, ഊർജ, ഗതാഗത മേഖലകളിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നു വിലയിരുത്തി, അതു മറികടക്കാനുള്ള പദ്ധതിളെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. അന്ന് പ്രാധാന്യം നൽകിയ വൻകിട പദ്ധതികൾ ദേശീയ പാതാവികസനം, കൊച്ചി-ഇടമൺ പവർ ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ എന്നിവയായിരുന്നു. അതു മൂന്നും യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു. അനിശ്ചിതമായി നീണ്ട ദേശീയപാതാ വികസനം ഇന്ന് യാഥാർത്ഥ്യമായി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഏറ്റെടുക്കുന്ന ഭൂമി വിലയുടെ 25 ശതമാനം സംസ്ഥാന സർക്കാരാണ് വഹിച്ചത്. ആകെ 21,583 കോടി രൂപയാണ് ഈയിനത്തിൽ ചെലവാക്കിയത്. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ നീളുന്ന ദേശീയപാത കേരളത്തിന്റെ ഗതാഗത മേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കും. കണ്ണൂർ വിമാനത്താവളം നേരത്തേതന്നെ യാഥാർത്ഥ്യമാക്കി. ദേശീയ ജലപാതയും യാഥാർത്ഥ്യത്തോടടുക്കുകയാണ്. കൊച്ചി മെട്രോയുടെ വികസനം ഏറ്റെടുക്കാനും കൊച്ചി വാട്ടർ മെട്രോ ഒരുക്കാനും കഴിഞ്ഞിട്ടുണ്ട്. നിരവധി എതിർപ്പുകളെ അതിജീവിച്ചുകൊണ്ട് 2021 ലാണ് ഗെയിൽ പൈപ്പ്‌ലെെൻ പദ്ധതി പൂർത്തിയാക്കിയത്. 2026ഓടെ വിവിധ ജില്ലകളിലായി 615 സിഎൻജി സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് സർക്കാർ നീങ്ങുന്നത്. ഇതിന്റെയൊക്കെ ഫലമായി പാചക വാതക ഉപഭോക്താക്കൾക്ക് 30 ശതമാനം കുറഞ്ഞ ചെലവിൽ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കിലൂടെ ഇന്ധനം ലഭിക്കും. നൂറു ശതമാനം വൈദ്യുതീകരണം നാം സാധ്യമാക്കി.


ഇതുകൂടി വായിക്കാം; ഗൗരി; നവകേരളത്തിന്റെ അമ്മ


ഇനി ഊർജ സ്വയംപര്യാപ്തതയിലേക്കെത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. സൗരോർജത്തിൽ നിന്നും ആയിരം മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യവും സർക്കാരിനുണ്ട്. 399.82 മെഗാവാട്ട് ശേഷിയാണ് നിലവിലുള്ളത്. കായംകുളം ഫ്ലോട്ടിങ് സോളാർ പദ്ധതി, ചീമേനി, നെല്ലിത്തടം, വെസ്റ്റ് കല്ലട, ബാണാസുര സാഗർ റിസർവോയർ എന്നിവിടങ്ങളിൽ സൗരോർജ പദ്ധതി പുരോഗമിക്കുകയാണ്. 2025 ആകുമ്പോഴേക്കും വൈദ്യുത ആവശ്യകതയുടെ നാല്പത് ശതമാനം പുനരുപയോഗ സാധ്യതയുള്ള സ്രോതസുകളിൽ നിന്നും ലഭ്യമാക്കാനാണ് ലക്ഷ്യംവയ്ക്കുന്നത്. വർധിച്ചുവരുന്ന ഇന്ധനവിലയും കാർബൺ പാദമുദ്രയിലുണ്ടാവുന്ന വർധനവും ചിലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ബദൽ ഗതാഗത മാർഗങ്ങൾ തിരഞ്ഞെടുക്കാൻ നമ്മെ നിർബന്ധിതരാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദേശീയപാതാ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, വിമാനത്താവള വികസനം, ദേശീയജലപാത എന്നിവയോടൊപ്പം റയിൽ ഗതാഗത മേഖലയിലും മുന്നേറാൻ ഒരുങ്ങുന്നത്. അതിന്റെ ഭാഗമാണ് തെക്ക് — വടക്ക് 530 കിലോമീറ്റർ നീളുന്ന സിൽവർ ലൈൻ പദ്ധതി. സിൽവർ ലൈൻ കടന്നുപോകുന്ന ജില്ലകളിൽ സാമൂഹ്യാഘാത പഠനം നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ലാന്റ് അക്വസിഷൻ സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂവുടമകൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കും. പദ്ധതിയുടെ വിശദ രൂപരേഖ റയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര ധനമന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്. വാഹനസാന്ദ്രതയും ജനസാന്ദ്രതയും കൂടിയ സംസ്ഥാനമെന്ന നിലയ്ക്ക് നമ്മുടെ നിരത്തുകളുടെ ശരാശരി വേഗത ദേശീയ ശരാശരിയെക്കാൾ വളരെ താഴെയാണ്. ഈ പരിമിതി വ്യാവസായിക മുന്നേറ്റത്തിലും വിലങ്ങുതടിയാകാനുള്ള സാധ്യതയുണ്ട്. ആ പ്രതിബന്ധം മറികടക്കാൻ ബഹുമുഖ മാർഗങ്ങളവലംബിക്കുകയാണ്. അതുകൊണ്ട്, ഭാവി കേരളത്തിനുവേണ്ടിയുള്ള ഈടുവയ്പുകൂടിയാണ് സിൽവർ ലൈൻ പദ്ധതി. പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉൾപ്പെടുത്തി പ്രത്യേക നൂറുദിന കർമ്മപരിപാടി ആവിഷ്കരിച്ചു.

രണ്ട് നൂറുദിന കർമ്മപരിപാടിയാണ് കഴിഞ്ഞ ഒരുവർഷത്തിനിടയിൽ പൂർത്തിയാക്കിയത്. ആദ്യ പരിപാടിയിൽ 32 വകുപ്പുകളിലായി 178 പദ്ധതികളാണ് ഉദ്ദേശിച്ചിരുന്നത്. ലൈഫ് മുഖേന 12,067 വീട് നൽകിയതും 13,534 കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കിയതും 1,000 കോടി രൂപയുടെ പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പിൽ പൂർത്തീകരിച്ചതും 23,566 ഹെക്ടറിൽ കൃഷിയിറക്കാനായതും 92 സ്കൂൾ കെട്ടിടങ്ങളും 42 ഹയർ സെക്കന്‍ഡറി ലാബുകളും മൂന്ന് ഹയർ സെക്കന്‍ഡറി ലൈബ്രറികളും ഉദ്ഘാടനം ചെയ്തതും 107 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടാനായതും 3,247 പുതിയ എംഎസ്എംഇ യൂണിറ്റുകൾക്ക് തുടക്കം കുറിച്ചതും ആരോഗ്യ വകുപ്പിൽ 158 സ്ഥാപനങ്ങളിലായി 17 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചതുമെല്ലാം ഒന്നാം നൂറുദിന കർമ്മപരിപാടിയുടെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്. ലൈഫ് മിഷന്റെ ഭാഗമായി 20,000 പേർക്ക് വീടുകൾ, മൂന്ന് ഭവന സമുച്ചയങ്ങൾ, പുനർഗേഹം വഴി 532 വീടുകൾ, കേരളത്തിൽ അങ്ങോളമിങ്ങോളം വാതിൽപ്പടി സേവനം, 15,000 പേർക്ക് പട്ടയം, 14,000 കുടുംബങ്ങൾക്ക് കെ-ഫോൺ കണക്ഷൻ, എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകൾ, 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 150 വെൽനെസ് സെന്ററുകൾ, 53 പുതിയ സ്കൂൾ കെട്ടിടങ്ങൾ, നവകേരള ഫെലോഷിപ്പ്, 1,500 ഗ്രാമീണ റോഡുകൾ, മാങ്കുളം ജലവൈദ്യുത പദ്ധതി, ചേർത്തല മെഗാ ഫുഡ് പാർക്ക് എന്നിവയൊക്കെ രണ്ടാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമാണ്. കേരളം സമാധാനവും മതനിരപേക്ഷതയും നിലനിൽക്കുന്ന നാടായതിനാലാണ് ഇതൊക്കെ സാധ്യമായത്. അത്തരമൊരു സമൂഹത്തിലെ രാഷ്ട്രീയ നേതൃത്വത്തിനും സർക്കാർ സംവിധാനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും പൊതുസമൂഹത്തിനാകെയും കൈകോർത്തുകൊണ്ട് മാത്രമെ അതിജീവനത്തിന്റെയും പുരോഗതിയുടെയും മാതൃക സൃഷ്ടിക്കാൻ സാധിക്കൂ. ആ നിലയ്ക്കുള്ള പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ ഏറ്റെടുത്തുകൊണ്ടു കൂടി മുന്നോട്ടു പോകാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ശ്രമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.