30 December 2025, Tuesday

Related news

December 29, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025
December 22, 2025
December 22, 2025
December 22, 2025

പുരോഗമന നികുതി നയം ആവിഷ്കരിക്കണം: സിപിഐ

Janayugom Webdesk
സുധാകര്‍ റെഡ്ഡി നഗര്‍(ചണ്ഡീഗഢ്)
September 23, 2025 10:11 pm

സമ്പന്നർക്ക് കൂടുതല്‍ നികുതി ചുമത്തി ദരിദ്ര ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള പുരോഗമന നികുതി നയം ആവിഷ്കരിക്കണമെന്ന് സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജിഎസ‌്ടി 2.0 എന്ന പേരില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന പരിഷ്കാരങ്ങൾ തട്ടിപ്പാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തില്‍ പറഞ്ഞു. പരിഷ്കാരമെന്ന് പറഞ്ഞ് കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങള്‍ സാമ്പത്തിക സമത്വം, സ്ഥിരത, സാധാരണ പൗരന്മാരുടെ ക്ഷേമം എന്നിവയിൽ പ്രതികൂല ഫലങ്ങളാണ് സൃഷ്ടിക്കുക. താഴ്ന്നതും ഇടത്തരവും വരുമാനക്കാരായ കുടുംബങ്ങൾ വലിയ ഭാരം ഏറ്റെടുക്കേണ്ടിവരുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. 2017ല്‍ നടപ്പിലാക്കിയ ചരക്കുസേവന നികുതി സാമൂഹ്യ‑സാമ്പത്തിക അസമത്വങ്ങൾ കൂടുതൽ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്കാരങ്ങളെന്ന് വ്യക്തമാണ്. സ്ലാബുകൾ യുക്തിസഹമാക്കുക, നിരക്കുകൾ ലളിതമാക്കുക, ഘടനാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നിവയാണ് ജിഎസ‌്ടി 2.0 ലൂടെ നിര്‍ദേശിച്ചിരിക്കുന്നത്. എങ്കിലും പരിഷ്കാരങ്ങളില്‍ സുപ്രധാന പോരായ്മകൾ ഉയർന്നുവന്നിട്ടുണ്ട്. നികുതിയുടെ പിന്തിരിപ്പൻ സ്വഭാവം കാരണം താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾ ഉയർന്ന നികുതിഭാരം വഹിക്കേണ്ടിവരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അവർ സ്വന്തം വരുമാനത്തിന്റെ വലിയൊരു ഭാഗം നികുതിക്ക് വിധേയമായ സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ചെലവഴിക്കേണ്ടിവരുന്നു.

60% ഉപഭോക്താക്കളാണ് ജിഎസ‌്ടി വരുമാനത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍. ഗ്രാമീണ കുടുംബങ്ങൾ 31%, നഗര കുടുംബങ്ങൾ 29% എന്നിങ്ങനെയാണത്. ഇതിനു വിപരീതമായി, ഇന്ത്യയിലെ ശതകോടീശ്വരന്മാർ ഉൾപ്പെടെ ഉയർന്ന വരുമാനക്കാരായ 20% പേർക്ക് നികുതിവിഹിതത്തില്‍ വളരെ കുറഞ്ഞ പങ്കാളിത്തമാണുള്ളത്. മൊത്തം ജിഎസ‌്ടി സമാഹരണത്തില്‍ ഏകദേശം 3% മാത്രമേ ശതകോടീശ്വരന്മാരുടെ വിഹിതമുള്ളൂ. നികുതിഭാരം ഏറ്റെടുക്കുന്നതിലെ അസമത്വം ഇതിലൂടെ വ്യക്തമാണ്. ഇത് ദരിദ്ര കുടുംബങ്ങളിൽ സാമ്പത്തിക സമ്മർദം വര്‍ധിപ്പിക്കുന്നതിനൊപ്പം സമ്പന്നരുടെ ഭാരം കുറയ്ക്കുയും ചെയ്യുന്നു. സാമ്പത്തിക സുസ്ഥിരത മറ്റൊരു പ്രധാന ആശങ്കയായി തുടരുന്നു. ഘടന ലളിതമാക്കുന്നതിനൊപ്പം സ്ലാബുകളുടെ മാറ്റം വലിയതോതില്‍ വാർഷിക വരുമാന കമ്മിക്ക് കാരണമാകുമെന്ന് ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ക്ഷേമ പരിപാടികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ധനസഹായം നൽകുന്നതിന് നികുതി വരുമാനത്തെ ആശ്രയിച്ചിരുന്ന സർക്കാരുകളുടെ സാമ്പത്തിക സ്ഥിരതയെ ഭീഷണിപ്പെടുത്തുമെന്നും വരുമാനക്കുറവ് കേന്ദ്ര‑സംസ്ഥാനങ്ങളെ അവശ്യ പൊതുചെലവുകൾ കുറയ്ക്കാനോ കൂടുതല്‍ കടം വാങ്ങുന്നതിനോ നിർബന്ധിതരാക്കുന്ന സാഹചര്യവും ആശങ്കയായി ഉന്നയിക്കപ്പെടുന്നു. സംസ്ഥാനങ്ങള്‍ക്ക് കൃത്യമായ നഷ്ടപരിഹാര സംവിധാനം, കൂടുതൽ പുരോഗമനപരമായ നികുതി ഘടന, സുതാര്യമായ ഭരണം എന്നിവയില്ലാതെ, ജി‌എസ്‌ടി 2.0ലും ആദ്യഘട്ടത്തിലെ പോരായ്മകൾ ആവർത്തിക്കാൻ സാധ്യതയുണ്ട്. ജിഎസ‌്ടി തെറ്റും വികലവും ഭാവനാശൂന്യവുമാണെന്ന് മുഴുവൻ പ്രതിപക്ഷ പാർട്ടികളും ചൂണ്ടിക്കാണിച്ചിരുന്നു. എട്ട് വര്‍ഷത്തിനുശേഷം ആ തെറ്റ് അംഗീകരിക്കുകയും ചില മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഇത് പ്രതിപക്ഷത്തിന്റെ നിലപാട് ശരിവയ്ക്കുകയും സർക്കാരിന്റെ തെറ്റായ സമീപനത്തെ തുറന്നുകാട്ടുകയും ചെയ്യുന്നതാണെങ്കിലും ആശങ്ക പൂര്‍ണമായും പരിഹരിക്കുന്നതിനുപകരം പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തി. പുരോഗമന നികുതി നയം ആവിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചരണം നടത്തുന്നതിന് പാര്‍ട്ടി ഘടകങ്ങളോട് പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.