ന്യൂഡല്‍ഹി: രാജ്യത്തെ പ്രോജക്ട് ചീറ്റ പദ്ധതിയില്‍ വില്ലന്‍ റോളില്‍ എത്തിയത് റേഡിയോ കോളറും മാനേജ്മെന്റ് സംവിധാനത്തില്‍ സംഭവിച്ച പാളിച്ചകളുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളില്‍ നിന്ന് കുനോ ദേശീയ പാര്‍ക്കിലെത്തിച്ച 20 ചീറ്റകളില്‍ എട്ടെണ്ണത്തിന് ഇതിനകം ജീവന്‍ നഷ്ടമായിട്ടുണ്ട്.
ചീറ്റകളുടെ മരണത്തിന് കാരണം അശാസ്ത്രീയമായി റേഡിയോ കോളര്‍ ഘടിപ്പിച്ചതാണെന്ന അഭിപ്രായമാണ് ഒരു വിഭാഗം വിദഗ്ധര്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ചത്ത തേജസ് എന്ന ചീറ്റയുടെ കഴുത്തിലുണ്ടായ മുറിവാണ് മരണത്തിലേക്ക് നയിച്ചതെന്നും, ചീറ്റയ്ക്ക് ആന്തരികക്ഷതം സംഭവിച്ചതായും ചീറ്റ പ്രോജക്ട് സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് ഗോപാല്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ചത്ത സൂര്യ എന്ന ചീറ്റയുടെ കഴുത്തിലും മാരകമായ മുറിവ് കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റേഡിയോ കോളര്‍ ഘടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവ് വഴി അണുബാധ ഉണ്ടാകുന്നതായും ഇതാണ് മരണത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റേഡിയോ കോളര്‍ ഘടിപ്പിച്ച ചീറ്റകളെ വിശദ പരിശോധനയ്ക്ക് വിധേയമാക്കണം. ദാരുണമായ സംഭവമാണ് ഉണ്ടായതെങ്കിലും ചീറ്റ പദ്ധതിക്ക് ഇത് തിരിച്ചടിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ചീറ്റ മാനേജ്മെന്റ് സംവിധാനത്തിലെ പാളിച്ചകളാണ് ചീറ്റകളുടെ മരണ ഹേതുവെന്ന് ദക്ഷിണാഫ്രിക്കന്‍ വെറ്ററിനറി വിദഗ്ധനും ചീറ്റ സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ അഡ്രിയാന്‍ ടോര്‍ഡിഫ് അഭിപ്രായപ്പെട്ടു. സുരജ് എന്ന് പേരുള്ള ചീറ്റയുടെ മരണത്തിന് കാരണം റേഡിയോ കോളര്‍ ആണെന്ന് പാര്‍ക്ക് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. കുനോ പാര്‍ക്കില്‍ എത്തിച്ച ചീറ്റകളില്‍ അധികൃതര്‍ വിശദ പരിശോധന നടത്താതെ റേഡിയോ കോളര്‍ ഘടിപ്പിച്ചത് ചീറ്റകളുടെ അകാല മരണത്തിന് കാരണമായതായും, രക്തത്തിലെ അണുബാധയാണ് മരണകാരണമെന്നും അദ്ദേഹം പറഞ്ഞു.
റേഡിയോ കോളറിനുള്ളില്‍ വെള്ളത്തിന്റെ സാന്നിധ്യം കൊതുകുകളെയും പ്രാണികളെയും ആകര്‍ഷിക്കുമെന്നും ഇതുവഴി മുറിവില്‍ അണുബാധയുണ്ടാകുവാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ മാറ്റം, പ്രകൃതിയുടെ അസന്തുലിതാവസ്ഥ, അത്യുഷ്ണം എന്നിവ ചീറ്റകളുടെ ആരോഗ്യത്തില്‍ പ്രതിഫലിക്കുമെന്നും, ഇത്തരം കാര്യങ്ങള്‍ മനസിലാക്കിയുള്ള പ്രതിവിധി കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ അധികൃതര്‍ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
english summary; Project Cheetah: The villain is the radio caller
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.