23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 26, 2024
October 15, 2024
October 7, 2024
September 22, 2024
September 4, 2024
August 14, 2024
August 7, 2024
July 3, 2024
June 25, 2024

അപൂർവ രോഗാവസ്ഥയായ ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകാൻ പദ്ധതി

Janayugom Webdesk
തിരുവനന്തപുരം
January 17, 2024 7:24 pm

അപൂർവ രോഗാവസ്ഥയായ ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി വീണാ ജോർജ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തി മരുന്ന് സ്വീകരിച്ച കുട്ടികളേയും ബന്ധുക്കളേയും കണ്ടു. ആശുപത്രിയിലെ മറ്റ് രോഗികളുമായും കൂട്ടിരിപ്പുകാരുമായും മന്ത്രി സംസാരിച്ചു.

ശരീര കോശങ്ങളിലെ ലൈസോസോമുകൾ പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള എൻസൈമുകളുടെ അഭാവം കാരണം അവയവങ്ങൾക്ക് നാശം സംഭവിക്കുന്ന അപൂർവ രോഗാവസ്ഥയാണ് ലൈസോസോമൽ സ്റ്റോറേജ് ഡിസോഡർ. പോംപെ, ഗോഷെ എന്നീ രോഗങ്ങൾക്ക് സൗജന്യ മരുന്ന് നൽകുന്ന പദ്ധതിയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആരംഭിച്ചത്. അഞ്ച് കുട്ടികൾക്കാണ് മരുന്ന് നൽകിയത്. നവകേരള സദസിനിടെ പരാതി നൽകിയ അമ്മയുടെ കുഞ്ഞിനും മരുന്ന് നൽകി. അപൂർവ രോഗ ചികിത്സാ പദ്ധതിയുടെ ഭാഗമായിട്ടാണ് ചികിത്സ ഒരുക്കിയത്. പ്രതിമാസം 20 ലക്ഷം രൂപ വില വരുന്ന മരുന്നുകളാണ് സൗജന്യമായി വിതരണം ചെയ്തത്. കെഎംഎസ്സിഎൽ മുഖേന 53 ലക്ഷം രൂപയുടെ മരുന്നുകളാണ് ആദ്യ ഘട്ടമായി എത്തിച്ചത്. അപൂർവ രോഗങ്ങളുടെ ചികിത്സയിൽ കേരളം നടത്തുന്ന മാതൃകാപരമായ ഇടപെടലുകളെ കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രത്യേകം അഭിനന്ദിച്ചിരുന്നു.

അപൂർവ രോഗ ചികിത്സയ്ക്ക് സംസ്ഥാനം പ്രത്യേക പ്രാധാന്യമാണ് നൽകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എസ്എടി ആശുപത്രിയെ സെന്റർ ഓഫ് എക്‌സലൻസായി അടുത്തിടെ കേന്ദ്രം ഉയർത്തിയിരുന്നു. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി ആദ്യമായി എസ്എടി ആശുപത്രിയിൽ എസ്എംഎ ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെ അപൂർവ രോഗങ്ങൾക്ക് വിലപിടിപ്പുള്ള മരുന്നുകൾ നൽകാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. എസ്എംഎ ബാധിച്ച 56 കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. ഇതുകൂടാതെ എസ്.എം.എ. ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ചു. ഇതിനോടനുബന്ധമായി മെഡിക്കൽ കോളേജുകളിൽ ആദ്യമായി എസ്എടി ആശുപത്രിയിൽ ജനിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് ആരംഭിക്കാൻ അനുമതി നൽകി. അപൂർവ രോഗങ്ങളുടെ നിർണയത്തിനായി തെരഞ്ഞെടുത്ത തിരുവനന്തപുരം സിഡിസിയിലെ ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബിന് എൻ എ ബി എൽ അംഗീകാരം നേടിയെടുക്കാൻ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസ് നോഡൽ ഓഫീസർ ഡോ. ശങ്കർ, കെഎംഎസ്സിഎൽ ജനറൽ മാനേജർ ഡോ. ഷിബുലാൽ, സർക്കാരിന്റെ അപൂർവ രോഗ പദ്ധതി നോഡൽ ഓഫീസർ ഡോ. രാഹുൽ, എസ്എടി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അജിത്ത്, പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. ബിന്ദു ജി എസ്, ആർഎംഒ ഡോ. ഷെർമിൻ, നഴ്‌സിംഗ് സൂപ്രണ്ട് അമ്പിളി ബി എന്നിവർ ഒപ്പമുണ്ടായിരുന്നു.

Eng­lish Summary;Project to pro­vide drugs for rare dis­ease lyso­so­mal stor­age diseases
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.