ആനവാരി രാമൻ നായരും പൊൻകുരിശ് തോമയും അപ്പുണ്ണിയും വിമലയും സർദാർജിയുമെല്ലാം നഗരത്തിലേക്കെത്തിയപ്പോൾ ആളുകൾ ആദ്യമൊന്ന് അമ്പരന്നു. പിന്നെ മലയാളത്തിലെ അവിസ്മരണീയ കഥാപാത്രങ്ങൾക്കൊപ്പം അവരും സഞ്ചരിച്ചു. പയ്യടി മീത്തൽ ഗവ. എൽ പി സ്കൂളിന്റെ നൂറാം വാർഷികാഘോഷ പരിപാടി ശതോത്സവത്തിന്റെ ഭാഗമായാണ് സ്കൂളിലെ നൂറ് കുട്ടികൾ മലയാള സാഹിത്യത്തിലെ നൂറ് കഥാപാത്രങ്ങളായി സാഹിത്യ നഗരിയിലേക്ക് യാത്ര തിരിച്ചത്. നാലുകെട്ടിലെ അപ്പുണ്ണിയും സെയ്താലിക്കുട്ടിയും പാറുക്കുട്ടിയമ്മയും അമ്മിണിയും മഞ്ഞിലെ വിമലയും സർദാർജിയും സുധീർകുമാർ മിശ്രയും പള്ളിവാളും കാൽച്ചിലമ്പിലെ വെളിച്ചപ്പാടുമെല്ലാമായി കുട്ടികളെത്തി. ഇത് ഭൂമിയാണ് എന്ന രചനയിലെ ഉസ്മാനും നെല്ലിലെ മല്ലനും മാരയും കുറുമാട്ടിയും കുട്ട്യേടത്തിയിലെ കുട്ട്യേടത്തിയും ജാനുവും രണ്ടാമൂഴത്തിലെ കർണനും ഭീമനും ഗാന്ധാരിയും പാഞ്ചാലിയും ഇന്ദുലേഖയിലെ മാധവനും ഇന്ദുലേഖയും സൂരി നമ്പൂതിരിപ്പാടും പഞ്ചു മേനോനും ഒരു ദേശത്തിന്റെ കഥയിലെ ശ്രീധരനുമെല്ലാം നഗരഹൃദയത്തിലെത്തിയപ്പോൾ അത് കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി.
ഒരു തെരുവിന്റെ കഥയിലെ ഓമഞ്ചി ലാസറും കൃഷ്ണക്കുറുപ്പും കേളു മാസ്റ്ററും ദേവകിയമ്മയും ഇറച്ചിക്കണ്ടം മൊയ്തീനും അപ്പു നായരും സുധാകരനുമെല്ലാം മിഠായിത്തെരുവിലെ എസ് കെ പൊറ്റക്കാട് പ്രതിമയ്ക്ക് മുമ്പിൽ നിറഞ്ഞാടി. സ്കൂളിലെ പ്രധാനാധ്യാപകനും നാടക പ്രവർത്തകനുമായ ഷിബു മുത്താട്ട് രചന നിർവഹിച്ച തെരുവിന്റെ കഥയുടെ നാടകാവിഷ്ക്കാരമാണ് അരങ്ങേറിയത്. കുട്ടികൾ എസ് കെ കൃതികൾ കൊണ്ട് അക്ഷര സമർപ്പണവും നടത്തി. കെ ടി മുഹമ്മദിന്റെ പ്രതിമയ്ക്ക് മുന്നിൽ നാടക ഗാനങ്ങളും അവതരിപ്പിച്ചു.
എഴുത്തുകാരൻ ഡോ. കെ ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സുരേഷ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. അസീസ്, ശോഭന ടീച്ചർ, ജസീറ ടീച്ചർ സംസാരിച്ചു. ലിജി സി, ഷഹനാസ് പി, ടി നിസാർ, ഗിരീഷ് രാജൻ പരിപാടികൾക്ക് നേതൃത്വം നൽകി. വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ രണ്ടു ദിവസത്തെ സഹവാസ ക്യാമ്പും നടന്നു. നാടൻപാട്ട്, നാടകം, ഒറിഗാമി, ശാസ്ത്രപരീക്ഷണങ്ങൾ, വാനനിരീക്ഷണം, എയ്റോബിക്സ് എന്നിവയിൽ കുട്ടികൾ പരിശീലനം നേടി. ചേളന്നൂർ പ്രേമൻ, ശ്രീവിശാഖൻ, വിജിഷ, സജിഷ, ഷിബു മുത്താട്ട്, അനീഷ് തുടങ്ങിയവരായിരുന്നു പരിശീലകർ. സഹവാസ ക്യാമ്പ് പെരുമണ്ണ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ് ഉദ്ഘാടനം ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.