പ്രമുഖ മാവോയിസ്റ്റ് നേതാവ് സന്തോഷ് തമിഴ്‌നാട്ടില്‍ വച്ച് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിലായി. ഇന്നലെ പുലർച്ചെ തമിഴ്‌നാട്ടിലെ ഹോസൂരിൽ നിന്നാണ് മാവോയിസ്റ്റ് പിഎല്‍ജിഎ കേഡർ സന്തോഷിനെ അറസ്റ്റ് ചെയ്തതെന്ന് എടിഎസ് എസ്‌പി സുനിൽ എം എൽ ഐപിഎസ് അറിയിച്ചു. തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ആണ് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2013 മുതൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്ന കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ ട്രൈജങ്ഷന്‍ മേഖലയിലെ മാവോയിസ്റ്റ് പിഎല്‍ജിഎ പ്രവർത്തനങ്ങളിൽ സന്തോഷ് ഒരു പ്രധാന കണ്ണിയായിരുന്നു. കൂടാതെ 2013 മുതൽ ഈ പ്രദേശത്ത് നടന്ന സായുധവിപ്ലവ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. രവി, സന്തോഷ് കോയമ്പത്തൂർ, രാജ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെടാറുണ്ട്. നാടുകാണി, കബനി സ്ക്വാഡുകളിൽ പ്രവർത്തിച്ച സന്തോഷ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഏകദേശം 45 ഓളം യുഎപിഎ കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈയിൽ സന്തോഷ് സഹമാവോയിസ്റ്റ് പ്രവർത്തകരായ സി പി മൊയ്തീൻ, പി കെ സോമൻ, മനോജ് പി എം എന്നിവരോടൊപ്പം കേരള വനപ്രദേശത്തെ പൊലീസ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടു. തുടർന്നുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമായി എടിഎസിന് സി പി മൊയ്തീൻ, പി കെ സോമൻ, മനോജ് പി എം എന്നിവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നു. എങ്കിലും സന്തോഷ് കേരളത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം, നിരന്തര ശ്രമഫലമായാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്ന് എടിഎസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.