രാജ്യത്ത് മുഴുവൻ ദേശീയ പതാക ഉയർത്തണമെന്ന് ആഹ്വാനം ചെയ്യാൻ ആർഎസ്എസിന് അർഹതയില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു.
‘മതനിരപേക്ഷ ഇന്ത്യക്കായ് ഒരുമിക്കാം, തൊഴിലിനു വേണ്ടി പോരാടാം ‘എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് തളിപ്പറമ്പിൽ നടത്തിയ മതേതര സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തോട് നിഷേധാത്മകമായ സമീപനമാണ് ആർഎസ്എസ് സ്വീകരിച്ചിരുന്നത്.
സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ഒരു പങ്കാളിത്തവും വഹിക്കാത്ത ആർ.എസ്.എസ് ബ്രിട്ടീഷ് സർക്കാറുമായി ബന്ധം സ്ഥാപിച്ച് മുന്നോട്ടു പോകുകയായിരുന്നു. കാവി പതാകയെ ദേശീയ പതാകയായി നിർദ്ദേശിച്ച ആർഎസ്എസ് സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെ കുറിച്ച് പറയുന്നു. മതേതര-ജനാധിപത്യ — സോഷ്യലിസ്റ്റ് സങ്കല്പത്തെ ഇല്ലാതാക്കാൻ പുതിയ ഭരണഘടന വിഭാവനം ചെയ്യുന്നു .
ജുഡീഷ്യറിയെയും എക്സിക്യുട്ടീവിനെയും നോക്കുകുത്തിയാക്കുന്നു. രാജ്യത്തെ 142 കോർപ്റേറ്റ് കുടുംബങ്ങളുടെ കൈയ്യിലാണ് രാജ്യത്തിന്റെ സമ്പത്തെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന ജോ: സെക്രട്ടരി അഡ്വ: കെ.കെ.സമദ് മുഖ്യപ്രഭാഷണം നടത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് നൂറ്റാണ്ടുകളായി നടന്ന ഇതിഹാസ പോരാട്ടത്തിന്റെ ഫലമായാണ് ലോകത്തിന്റെ മുന്നിൽ തല ഉയർത്തി നില്‍ക്കാൻ കഴിഞ്ഞതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അഡ്വ: കെ.കെ.സമദ് പറഞ്ഞു. ഇന്ത്യയെ ഇന്ത്യയായി അണിയിച്ചൊരുക്കാൻ കഴിഞ്ഞതിന്റെ പിന്നിൽ നൂറ്റാണ്ടുകളായി നടത്തിയ പ്രക്ഷോഭങ്ങളുടെ ഇതിഹാസ കഥകളുണ്ട്. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും എങ്ങനെ തുരത്തണമെന്നതിൽ വിവിധ രീതിയിലുള്ള പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്. വർത്തമാനകാല ഇന്ത്യയുടെ ചരിത്രത്തെ തലതിരിച്ച് പിടിക്കാൻ ആർ.എസ്.എസ്. ശ്രമിക്കുകയാണ്. ചരിത്രത്തെ ഭയക്കുന്നവരാണ് ആർ.എസ്.എസ്. നൂറ്റാണ്ടുകളായി നടത്തിയ ഇതിഹാസ പോരാട്ടത്തിൻ്റെ ഫലമായാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. സ്വതന്ത്ര്യം എന്ന് പറയുന്നത് ആരും സ്വർണ്ണനൂലിൽ കെട്ടിക്കൊണ്ടുവന്ന് തന്നതല്ല. ഇന്ത്യയുടെ വികാരമായ മതേതരത്തിന്റെ കടയ്ക്കൽ കത്തി വെക്കുകയാണ് ആർ.എസ്.എസ്.
വർത്തമാനകാല ഇന്ത്യയെ രക്ഷിക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും സമദ് പറഞ്ഞു. എ.ഐ.വൈ.എഫ്.ജില്ലാ സെക്രട്ടറി കെ.വി.രജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആർ.ചന്ദ്രകാന്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ: എം.സി.സജീഷ്, ടി.വി.രജിത, സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ: വി.ഷാജി, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി പി.എ. ഇസ്മായിൽ എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ചെയർമാൻ പി.കെ.മുജീബ് റഹമാൻ സ്വാഗതവും, കൺവീനർ എം.വി.സുഭാഷ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് ലിജേഷ് ഇടത്തിൽ, കെ.വി.സാഗർ, കെ.വി.പ്രശോഭ്, പി.ജിതേഷ്, മെഹ്സിന സലാം, കെ.പി.മഹേഷ്, എം.പി.വി.രശ്മി എന്നിവർ നേതൃത്വം നൽകി.
English Summary: Proponents of saffron flag as national flag speak of the glory of freedom: Sathyan Mokeri
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.