12 December 2025, Friday

Related news

December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 7, 2025
December 6, 2025
December 6, 2025
December 5, 2025
December 4, 2025

ലോര്‍ഡ്സില്‍ ചരിത്രമെഴുതി പ്രോട്ടീസ്; ദക്ഷിണാഫ്രിക്കയ്ക്ക് കന്നി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം

1998ല്‍ വെസ്റ്റിന്‍ഡീസിനെ വീഴ്ത്തി ചാമ്പ്യന്‍സ് ട്രോഫി കിരീടമുയര്‍ത്തിയ ശേഷം ചാമ്പ്യന്മാരാകുന്നത് ആദ്യമായി
Janayugom Webdesk
ലണ്ടന്‍
June 14, 2025 9:59 pm

27 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോര്‍ഡ്സില്‍ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഐസിസി കിരീടം. ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയം നേടിയ ദക്ഷിണാഫ്രിക്ക കന്നി ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി. 282 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പ്രോട്ടീസ്‌പട മറികടന്നു. ഐസിസി നോക്കൗട്ട് ഘട്ടങ്ങളില്‍ പരാജയപ്പെടുന്ന നാണക്കേട് ഇതോടെ ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ഏറ്റവും ഒടുവിലായി കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് ഫൈനലിലായിരുന്നു ദക്ഷിണാഫ്രിക്ക കിരീടത്തിനരികെ വീണത്. എന്നാല്‍ ഇതുവരെയുള്ള കിരീടവരള്‍ച്ചയ്ക്ക് കൂടിയാണ് ലോര്‍ഡ്സില്‍ വിരാമമിട്ടത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ 12 മത്സരങ്ങളിൽ എട്ട് എണ്ണം ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക ഫൈനൽ കളിക്കാനെത്തിയത്. 136 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ കിരീടത്തിലേക്ക് നയിച്ചത്. വിജയത്തിന് ആറ് റണ്‍സ് അകലെയാണ് താരം മടങ്ങിയത്. ക്യാപ്റ്റന്‍ തെംബ ബാവുമയുടെ (66) പ്രകടനവും വിജയത്തില്‍ നിര്‍ണായകമായി. ഡേവിഡ് ബേഡിങ്ങാമും (49 പന്തിൽ 21), കൈൽ വെരെയ്നെയും (13 പന്തിൽ നാല്) പുറത്താകാതെനിന്നു.

മൂന്നാം വിക്കറ്റില്‍ മാര്‍ക്രം-ബവുമ സഖ്യം കൂട്ടിച്ചേര്‍ത്ത 147 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് കിരീട വിജയത്തില്‍ നിര്‍ണായകമായത്. ലോഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച പ്രോട്ടീസിന് 69 റൺസായിരുന്നു ലക്ഷ്യത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച പ്രോട്ടീസിന് നാലു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും വിക്കറ്റ് നഷ്ടമായി. ബവുമയെ, പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി പിടികൂടുകയായിരുന്നു. 134 പന്തുകള്‍ ക്രീസില്‍ നിന്ന് 66 റണ്‍സെടുത്താണ് ബവുമ മടങ്ങിയത്. തുടര്‍ന്ന് മാര്‍ക്രത്തിന് പിന്തുണ നല്‍കി ക്രീസില്‍ തുടര്‍ന്ന ട്രിസ്റ്റന്‍ സ്റ്റബ്സിനെ സ്റ്റാര്‍ക്ക് പുറത്താക്കി. വിജയത്തിനരികെ മാര്‍ക്രം വീണെങ്കിലും ഡേവിഡ് ബെഡിങ്ഹാം (21) — കെയ്ല്‍ വെറെയ്‌നെ (7) സഖ്യം ദക്ഷിണാഫ്രിക്കയെവിജയത്തിലേക്ക് നയിച്ചു. റയാന്‍ റിക്കിള്‍ട്ടണ്‍ (6), വിയാന്‍ മള്‍ഡര്‍ (27) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേരത്തെ നഷ്ടമായത്. ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. കമ്മിന്‍സ്, ഹെയ്‌സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

74 റണ്‍സിന്റെ നിര്‍ണായക ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസീസ് 28 റണ്‍സില്‍ നില്‍ക്കെ തുടരെ രണ്ട് വിക്കറ്റുകള്‍ വീണു. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ എട്ടാം വിക്കറ്റില്‍ അലക്സ് ക്യാരിയും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് ഓസീസിന് നിര്‍ണായക കൂട്ടുകെട്ട് സൃഷ്ടിച്ചു. ഇവര്‍ ലീഡ് 200 കടത്തിയശേഷമാണ് പിരിഞ്ഞത്. ഇരുവരും ചേര്‍ന്നു 61 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അലക്സ് ക്യാരി 43 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നീട് പത്താം വിക്കറ്റില്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡിനെ കൂട്ടുപിടിച്ച് 59 റണ്‍സ് ചേര്‍ത്തു. 58 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ടാം ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോററായത്. ലോര്‍ഡ്‌സില്‍ ടോസ് നഷ്ടമായി ആദ്യ ഇന്നിങ്സിസിനിറങ്ങിയ ഓസ്‌ട്രേലിയ 212 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 138 റണ്‍സിന് ഓള്‍ഔട്ടായതോടെ 74 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കാന്‍ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞു. 45 റണ്‍സ് നേടിയ ബെഡിങ്ഹാമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററായത്. ഓസ്ട്രേലിയയ്ക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആറ് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ 207 റണ്‍സ് നേടിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കിരീടത്തിലേക്കുള്ള വിജയലക്ഷ്യം 282 റണ്‍സായി. രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ നാല് വിക്കറ്റും ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും സ്വന്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.