
ടി20 പരമ്പര നഷ്ടമായതിന് ഓസ്ട്രേലിയയോട് പകരംവീട്ടി ദക്ഷിണാഫ്രിക്ക. രണ്ടാമത്തെ മത്സരത്തില്‍ 84 റണ്‍സിന്റെ വിജയത്തോടെ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത പ്രോട്ടീസ് 49.1 ഓവറില്‍ 277 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 37.4 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ ലുങ്കി എന്‍ഗിഡിയാണ് ഓസീസിനെ ഒതുക്കിയത്. ഇതോടെ മൂന്ന് മത്സര പരമ്പര 2–0ന് പ്രോട്ടീസ് സ്വന്തമാക്കി.
278 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് മോശം തുടക്കമായിരുന്നു. 38 റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. ട്രാവിസ് ഹെഡ് (ആറ്), മാര്‍നസ് ലാബുഷെയ്നെ (ഒന്ന്), മിച്ചല്‍ മാര്‍ഷ് (18) എന്നിവരാണ് തുടക്കത്തില്‍ നഷ്ടമായവര്‍. എന്നാല്‍ ജോഷ് ഇംഗ്ലിസും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് സ്കോര്‍ 100 കടത്തി. ഇരുവരും ചേര്‍ന്ന് 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 54 പന്തില്‍ 35 റണ്‍സെടുത്താണ് ഗ്രീന്‍ പുറത്തായത്. പിന്നാലെയെത്തിയ അലക്സ് ക്യാരിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. 13 റണ്‍സെടുത്ത ക്യാരിയെ നാന്ദ്രെ ബര്‍ഗര്‍ പുറത്താക്കി. ഒരു വശത്ത് സ്കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന ഇംഗ്ലിസും പുറത്തായതോടെ ഓസീസിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. 74 പന്തില്‍ 87 റണ്‍സെടുത്ത ഇംഗ്ലിസാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ആരോണ്‍ ഹാര്‍ഡി (10), സേവ്യര്‍ ബാര്‍ലെറ്റ് (എട്ട്), നതാന്‍ എല്ലിസ് (മൂന്ന്), ആഡം സാംപ (മൂന്ന്) എന്നിവര്‍ക്ക് വിജയത്തിനരികെ പോലും എത്തിക്കാനായില്ല. എന്‍ഗിഡിയെ കൂടാതെ നാന്ദ്രെ ബര്‍ഗറും സെനുറാന്‍ മുത്തുസാമിയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി 78 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറുമുള്‍പ്പെടെ 88 റണ്‍സെടുത്ത മാത്യു ബ്രീറ്റ്സ്കെയാണ് ടോപ് സ്കോററായത്. അതേസമയം മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയുടേത്. ആദ്യ ആറ് ഓവറുകള്‍ക്കിടെ റിക്കിള്‍ട്ടണ്‍ (8), എയ്ഡന്‍ മാര്‍ക്രം (0) എന്നിവര്‍ മടങ്ങി. പിന്നാലെ ടോണി ഡി സോര്‍സി (38) — ബ്രീറ്റ്‌സ്‌കെ സഖ്യം 77 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടിന് ശേഷം പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (74) — ബ്രീറ്റ്‌സ്‌കെ സഖ്യവും ദക്ഷിണാഫ്രിക്കയെ മാന്യമായ സ്കോറിലേക്ക് നയിച്ചു. ഇരുവരും 89 റണ്‍സ് കൂട്ടിചേര്‍ത്തു. ഓസീസിനായി ആദം സാപ മൂന്ന് വിക്കറ്റുകള്‍ നേടി. നതാന്‍ എല്ലിസും സേവ്യര്‍ ബാര്‍ട്ട്‌ലെറ്റും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.