
പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ എന്‍റോള്‍മെന്റ് ഒരു ലക്ഷം പിന്നിട്ടു. രാജ്യത്താദ്യമായാണ് പ്രവാസികള്‍ക്കായി ഒരു സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ എന്‍റോള്‍മെന്റ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള പരിരക്ഷ കേരളപ്പിറവി ദിനമായ ഇന്ന് മുതല്‍ നിലവിൽ വരും. പദ്ധതിയുടെ ഭാഗമായുളള ഔദ്യോഗിക ഇൻഷുറൻസ് സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് കൈമാറും. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ ന്യൂ ഇന്ത്യ ഇന്‍ഷുറൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ ജോയ്സ് സതീഷ് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അജിത് കൊളശേരിക്കാണ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് കൈമാറുക. സെപ്റ്റംബർ 22ന് ആരംഭിച്ച നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്ട്രേഷന്‍ ഡ്രൈവ് 40 ദിവസം കൊണ്ടാണ് ഒരു ലക്ഷം എന്‍റോള്‍മെന്റ് എന്ന നേട്ടം കൈവരിച്ചത്.
പ്രവാസി സമൂഹവും, പ്രവാസി സംഘടനകളും കൂട്ടായ്മകളും നോര്‍ക്ക കെയര്‍ പദ്ധതിയുടെ പ്രചാരണത്തിനായി വിപുലമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. സാധുവായ നോര്‍ക്ക പ്രവാസിഐഡി, സ്റ്റുഡന്റ് ഐഡി, എൻആര്‍കെ ഐഡി കാര്‍ഡുളള പ്രവാസി കേരളീയര്‍ക്കാണ് പദ്ധതിയില്‍ എന്‍റോള്‍ ചെയ്യാനാകുക. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തോളം പ്രവാസി കേരളീയര്‍ നോർക്ക പ്രവാസി ഐഡി കാർഡ് സേവനവും പ്രയോജനപ്പെടുത്തി.
ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസില്‍ താഴെയുളള രണ്ടു കുട്ടികള്‍) 13,411 രൂപ പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി (25 വയസിൽ താഴെ): 4,130രൂപ) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18–70 വയസ്) 8,101 രൂപയുമാണ്. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18, 000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.