
പേരും ഘടനയും ഉള്ളടക്കവും മാറ്റിക്കൊണ്ട് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കൊല ചെയ്യുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോർപറേറ്റ് താല്പര്യങ്ങൾക്ക് ഒത്താശ ചെയ്യുന്ന ബിജെപി സർക്കാരിന് രാജ്യത്തെ പട്ടിണിപ്പാവങ്ങളോടുള്ള സമീപനമാണ് ഇതിലൂടെ ഒരിക്കൽ കൂടി വെളിവാകുന്നത്. ഒപ്പം രാഷ്ട്രപിതാവിനോടുള്ള അവരുടെ അടങ്ങാത്ത വെറുപ്പും. ഗാന്ധിജിയുടെ പേരിന് പകരം പദ്ധതിക്കായി അവർ കണ്ടെത്തിയ പുതിയ പേരിൽ ഗോഡ്സേയുടെ രാഷ്ട്രീയമാണോ എന്ന് ഏവരും സംശയിച്ചു പോകും. 2005ൽ ഇടതുപക്ഷ പിന്തുണയോടെ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന യുപിഎ സർക്കാരാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നടപ്പിലാക്കിയത്. ഇടതുപക്ഷം എക്കാലത്തും മുന്നോട്ടുവച്ച നയത്തിന്റെ വിജയമായിരുന്നു അതിലൂടെ ഉണ്ടായത്. വിവരാവകാശ നിയമവും വനാവകാശ നിയമവും പോലുള്ള ചരിത്രപ്രധാനമായ നിയമങ്ങളും അക്കാലത്താണ് കൊണ്ടുവരാൻ കഴിഞ്ഞത്.
സാമ്പത്തിക പുരോഗതിയെ പറ്റിയുള്ള പൊള്ളയായ വാചാടോപങ്ങൾക്കിടയിലും കടുത്ത ദാരിദ്ര്യം നിലനിൽക്കുന്ന ഇന്ത്യയിലെ ഗ്രാമീണ തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ് തൊഴിലുറപ്പ് പദ്ധതി. ഇപ്പോൾ സംസ്ഥാനങ്ങൾക്ക് അധികബാധ്യത അടിച്ചേല്പിച്ചുകൊണ്ടും അപ്രായോഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും പദ്ധതിയെ ഇല്ലായ്മ ചെയ്യുവാൻ കേന്ദ്രസർക്കാർ മുന്നോട്ടു വന്നിരിക്കുന്ന സാഹചര്യത്തിൽ കർഷകവിരുദ്ധ നിയമങ്ങളെ ചെറുത്ത് തോല്പിച്ച മാതൃകയിലുള്ള പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവന്ന് തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുന്നതിന് എല്ലാ ജനാധിപത്യ ശക്തികളും മുന്നോട്ടു വരണം. കേന്ദ്രസർക്കാർ നടപടിക്കെതിരെ ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ ബിനോയ് വിശ്വം ആഹ്വാനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.