ഫ്രഞ്ച് സൈന്യത്തെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നൈജറില്‍ പ്രതിഷേധം. ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ നിയാമിയിലെ ഫ്രഞ്ച് സൈനിക ക്യാമ്പിലേക്ക് പ്രതിഷേധം നടത്തിയത്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ അടുത്തിടെയാണ് അട്ടിമറി നടന്നത്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽവന്ന മുഹമ്മദ് ബസൂമിനെയാണ് പ്രസിഡൻഷ്യൽ ഗാർഡുകൾ അറസ്റ്റ് ചെയ്‌തത്.
സൈന്യം ഈ നീക്കത്തെ എതിർക്കുമെന്ന് പാശ്ചാത്യമാധ്യമങ്ങളും മറ്റും പ്രചരിപ്പിച്ചുവെങ്കിലും അതുണ്ടായില്ല. നിലവിലുള്ള സാഹചര്യവുമായി ഒത്തുപോകാൻ സൈന്യം തയ്യാറാണെന്നായിരുന്നു ജനറൽ അബ്‌ദൗ സുദിക്കോൻ ഇസയുടെ പ്രതികരണം. ജനാധിപത്യത്തിന് തിരിച്ചടിയാണെങ്കിലും പുത്തൻ കൊളോണിയലിസത്തിനും പാശ്ചാത്യ ശക്തികൾക്കുമെതിരെ പ്രതിഷേധത്തിന്റെ ഭാഗമാണ് നൈജറില്‍ നടന്ന അട്ടിമറി. ഫ്രാൻസിന്റെ കോളനിയായിരുന്നു സഹേൽ മേഖലയിലെ പ്രമുഖ രാഷ്ട്രമായ നൈജർ.
ഫ്രാൻസിൽനിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും സമ്പൂർണ പരമാധികാരം കൈയാളാൻ നൈജറിലെ ഭരണാധികാരികൾക്ക് കഴിഞ്ഞിരുന്നില്ല. മുൻ കോളനി മേധാവിയും പാശ്ചാത്യശക്തികളായ അമേരിക്കയും യൂറോപ്യൻ യൂണിയനും മറ്റും അവരുടെ രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കാനായി നൈജറിനെപ്പോലുള്ള മുൻ കോളനികളെ സമർത്ഥമായി ഉപയോഗിക്കുന്നത് തുടർന്നു. ധാതുലവണങ്ങൾ ഖനനം ചെയ്യുന്ന ബഹുരാഷ്ട്ര കുത്തകകൾ അവരുടെ ചൂഷണം സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു ശേഷവും നിർബാധം തുടർന്നു. നൈജർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രകൃതി, ധാതു സമ്പത്ത് തന്നെയാണ് സാമ്രാജ്യത്വ ശക്തികളെ പ്രധാനമായും അവിടെ നിൽക്കാൻ പ്രേരിപ്പിച്ചത്. ഉദാഹരണത്തിന് ഏറ്റവും ഗുണമേന്മയുള്ള യുറേനിയം നിക്ഷേപത്തിന്റെ കേന്ദ്രമാണ് നൈജർ. സ്വർണവും എണ്ണയും ഇവിടെയുണ്ട്.
ലോകത്തെ യുറേനിയം ഉല്പാദനത്തിന്റെ അഞ്ചുശതമാനവും ഈ രാജ്യത്തു നിന്നാണ്. ഫ്രാൻസിന്റെ പ്രധാന ഊർജസ്രോതസ് എന്നു പറയുന്നത് നൈജറിൽനിന്നു ലഭിക്കുന്ന യുറേനിയം തന്നെയാണ്. മുൻ കോളനി മേധാവിയെന്ന നിലയിൽ നൈജറിനെ ചൂഷണം ചെയ്യാൻ അധികാരമുണ്ടെന്ന രീതിയിലാണ് ഫ്രാൻസിന്റെ പെരുമാറ്റം. നാലു ദശാബ്‌ധത്തിനിടയിൽ 50 തവണയെങ്കിലും ആഫ്രിക്കയിൽ ഫ്രാൻസ് സൈനികമായി ഇടപെട്ടിരുന്നു. കോളനി മേധാവിത്വം അവസാനിച്ചെങ്കിലും ഫ്രഞ്ച് സൈന്യം നൈജറിൽ തുടരുകയാണ്.
രാഷ്ട്രീയ‐ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കാൻ ഫ്രാന്‍സ് സൈന്യത്തെ ഉപയോഗിക്കുന്നുമുണ്ട്. ഫ്രാന്‍സുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കുന്നതായി കഴിഞ്ഞ മാസം ആദ്യം നൈജര്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിയമസാധുതയുടെ അടിസ്ഥാനത്തില്‍ പാരിസ് ഇത് തള്ളിക്കളയുകയായിരുന്നു. തുടര്‍ന്നാണ് സൈന്യത്തിന്റെ പിന്മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തമായത്. ഫ്രഞ്ച് സൈന്യത്തിന്റെ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കണമെന്നും സൈന്യം രാജ്യം വിടണമെന്നും വ്യക്തമാക്കുന്ന പ്ലക്കാഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു.
English Sammury: Protesters take to streets in Niger demanding withdrawal of French troops
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.