
മണിപ്പൂര്‍ രാജ്ഭവന് സമീപം പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി. സര്‍ക്കാര്‍ ബസുകളില്‍ നിന്നും സംസ്ഥാനത്തിന്റെ പേര് നീക്കം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു.
മേയ്തി സിവിൽ സൊസൈറ്റി സംഘടനയായ കോഓർഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പൂർ ഇന്റഗ്രിറ്റി (കൊകോമി) യാണ് പ്രതിഷേധം സമരം നടത്തിയത്. മണിപ്പൂരിന്റെ സ്വത്വത്തെ അപമാനിച്ച ഗവർണർ അജയ് കുമാർ ഭല്ല മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ രാജ്ഭവനു സമീപമുള്ള കാംഗ്ല ഗേറ്റിനുമുന്നില്‍ റാലി നടത്തുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന ഇവര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു. സാരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ മണിപ്പൂരിലെ ഉക്രൂല്‍ ജില്ലയില്‍ തങ്ഖുൽ നാഗ സമൂഹം പവിത്രമായി കരുതുന്ന കുന്നില്‍ മേയ്തി വിഭാഗം പതാക സ്ഥാപിച്ചതില്‍ പ്രതിഷേധവുമായി നാഗാ സംഘടനകളും രംഗത്തെത്തി. മേയ്തി സായുധസംഘടനയായ ആരംഭായ് തെങ്കേലില്‍പ്പെട്ട യുവാക്കള്‍ ഷിരുയി കൊടുമുടിയില്‍ ഏഴ് നിറങ്ങളുള്ള പതാക ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ തീവ്ര നാഗാ സംഘടനയായ എന്‍എസ്‌സിഎൻ(ഐഎം) പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.