13 December 2025, Saturday

ധാക്കയിലെ മുജീബുര്‍ റഹ്‌മാന്റെ വീട് പ്രതിഷേധക്കാര്‍ കത്തിച്ചു; ചരിത്രം തകര്‍ക്കാന്‍ കഴിയില്ലെന്ന് ഷെയ്ഖ് ഹസീന

Janayugom Webdesk
ധാക്ക
February 6, 2025 12:05 pm

ബംഗ്ലാദേശിലെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജിബൂര്‍ റഹ്‌മാന്റെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ അവാമി ലീഗ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഷെയ്ഖ് ഹസീന ഓണ്‍ലൈനില്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ വടികളും ചുറ്റികകളും മറ്റ് ഉപകരണങ്ങളുമായി ചരിത്രപ്രസിദ്ധമായ വീടിനു ചുറ്റും തടിച്ചുകൂടിയതായും മറ്റുള്ളവര്‍ കെട്ടിടം പൊളിക്കാന്‍ ക്രെയിനും എക്‌സ്‌കവേറ്ററും കൊണ്ടുവന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അവര്‍ക്ക് ഒരു കെട്ടിടം ഇല്ലാതാക്കാന്‍ കഴിയും, പക്ഷേ ചരിത്രത്തെ തുടച്ചുനീക്കാന്‍ കഴിയില്ല’- ഷെയ്ഖ് ഹസീന പ്രതികരിച്ചു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമായ 32 ധന്‍മോണ്ടി വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യമെന്താണെന്ന ഷെയ്ഖ് ഹസീന ചോദ്യം ചെയ്തു. തന്റെ വിടവാങ്ങലിനുശേഷം വിദ്യാഭ്യാസത്തിലെ തടസ്സങ്ങള്‍ ഉള്‍പ്പെടെ നിരവധി ഭരണപരാജയങ്ങള്‍ ഉണ്ടായതായി ഷെയ്ഖ് ഹസീന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 16 വര്‍ഷത്തെ അവാമി ലീഗിന്റെ ഭരണത്തെ അട്ടിമറിച്ച വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത ഷെയ്ഖ് ഹസീന, 2024 ആഗസ്റ്റുമുതല്‍ ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്നു. ഹസീനയെ കൈമാറണമെന്ന് യൂനുസ് സര്‍ക്കാര്‍ ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും രാജ്യം ഇവരുടെ വിസ നീട്ടിനല്‍കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.