
നഗരത്തിലെ ക്രമസമാധാന പരിപാലനം ഫെഡറല്‍ സേന ഏറ്റെടുക്കുന്നതിനെതിരെ വാഷിങ്ടണ്‍ ഡിസിയില്‍ പ്രതിഷേധം. പൊലീസിന്റെ ചുമതലകള്‍ ഫെഡറല്‍ സേനയ്ക്ക് കെെമാറിയതിനെതിരെ നൂറുക്കണക്കിനാളുകള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവുമായി ഒത്തുകൂടി. ഫാസിസ്റ്റുകള്‍ മടങ്ങിപോകൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഫെഡറല്‍ ചെക്ക്‌പോയിന്റിലെ ഉദ്യോഗസ്ഥർക്ക് നേരെ നഗരവാസികള്‍ പ്രതിഷേധമറിയിച്ചത്.
കറുത്തവര്‍ഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള വാഷിങ്ടണ്‍ ഡിസി നഗരത്തിന്റെ സുരക്ഷ ഫെഡറല്‍ ഭരണകൂടം നേരിട്ടേറ്റെടുത്തത് ട്രംപിന്റെ വംശീയ അജണ്ടയുടെ ഭാഗമാണെന്നും നഗരവാസികള്‍ പറയുന്നു. ഡിസിയിലെ കറുത്തവർഗക്കാർ, തൊഴിലാളിവർഗം, ദരിദ്രർ, ഭവനരഹിതകര്‍ എന്നിവരെ ഉപദ്രവിക്കാനും തടങ്കലിൽ വയ്ക്കാനും പിന്തുടരാനും നിരീക്ഷിക്കാനുമാണ് ഫെഡറല്‍ സേനയെ വിന്യസിച്ചതെന്ന് മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
ക്രമസമാധാനം പുനഃസ്ഥാപിക്കാനെന്ന് ചൂണ്ടിക്കാട്ടിയാണ് 800 നാഷണൽ ഗാർഡ് സൈനികരെ ഉള്‍പ്പെടെ നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത്. ഇവര്‍ക്കുപുറമേ വെസ്റ്റ് വിര്‍ജീനിയ സംസ്ഥാന ഭരണകൂടം നാഷണല്‍ ഗാര്‍ഡിലെ 300ലധികം അംഗങ്ങളെ വാഷിങ്ടണ്‍ ഡിസിയിലേക്ക് അയയ്ക്കും. ട്രംപിന്റെ കുറ്റകൃത്യ വിരുദ്ധ പ്രചാരണത്തെ പിന്തുണയ്ക്കുന്നതിനു വേണ്ടിയാണ് സേനയെ അയയ്ക്കുന്നതെന്ന് വെസ്റ്റ് വിര്‍ജീനിയ ഗവര്‍ണര്‍ പാട്രിക് മോറിസി പറഞ്ഞു. വാഷിങ്ടണ്‍ ഡിസിയില്‍ ട്രംപ് പൊതു സുരക്ഷാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെഡറൽ സേന തെരുവുകളിലുടനീളം നിരവധി ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനം ആരോപിച്ച് 66 പേരെയാണ് രണ്ട് ദിവസത്തിനിടെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി അറസ്റ്റിലായ 45 പേരിൽ 29 പേർ രേഖകളില്ലാത്ത കുടിയേറ്റക്കാരാണെന്ന് ടൈം മാഗസിനോട് സംസാരിച്ച ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബാൾട്ടിമോർ, ചിക്കാഗോ, ഓക്ക്‌ലാൻഡ്, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങള്‍കൂടി ഭാവിയില്‍ ഫെഡറല്‍ സേന ഏറ്റെടുക്കുമെന്ന സൂചന ട്രംപ് നല്‍കിയിട്ടുണ്ട്.
English summary: Protests in Washington DC against the deployment of federal troops
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.