
ഇറാൻ ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം അതിരൂക്ഷമാകുന്നു. പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം 200 കടന്നതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈം മാഗസിൻ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരിൽ ഭൂരിഭാഗവും വെടിയേറ്റ യുവാക്കളാണെന്നും വെള്ളിയാഴ്ചയോടെ ആശുപത്രികളിൽ നിന്ന് മൃതദേഹങ്ങൾ അധികൃതർ നീക്കം ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 63 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
രാജ്യത്തെ 31 പ്രവിശ്യകളിലേക്കും പടർന്ന പ്രക്ഷോഭം അടിച്ചമർത്തുന്നതിനായി വ്യാഴാഴ്ച രാത്രി മുതൽ ഇറാൻ ഇന്റർനെറ്റും ഫോൺ കണക്ഷനുകളും പൂർണ്ണമായി നിർത്തലാക്കിയിരിക്കുകയാണ്. തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയിൽ പ്രതിഷേധിച്ച് തുടങ്ങിയ സമരം ഇപ്പോൾ 1979 മുതൽ നിലനിൽക്കുന്ന ഭരണകൂടത്തെ താഴെയിറക്കണമെന്ന ആവശ്യത്തിലേക്ക് മാറിയിരിക്കുകയാണ്. വടക്കൻ ടെഹ്‌റാനിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ മെഷീൻ ഗൺ ഉപയോഗിച്ച് വെടിയുതിർത്തതായും വിവരമുണ്ട്.
അമേരിക്കയുടെ ഉപരോധങ്ങളും ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങൾ നടത്തിയ സൈനിക നീക്കങ്ങളും ഇറാന്റെ സാമ്പത്തികാവസ്ഥയെ നേരത്തെ തന്നെ വഷളാക്കിയിരുന്നു. ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ അവസാനിപ്പിക്കുകയും ചെയ്തു. 2022ലെ മഹ്സ അമീനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.