സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പത്താമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരമായി പൂര്‍ത്തിയായി. ശസ്ത്രക്രിയകളില്‍ മൂന്നെണ്ണം തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഏഴെണ്ണം കോട്ടയം മെഡിക്കല്‍ കോളജിലുമാണ് നടന്നത്.
ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ രോഗികള്‍ക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ യാഥാര്‍ത്ഥ്യമാക്കിയത്. കോട്ടയത്ത് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവും തിരുവനന്തപുരത്ത് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോ. രമേശ് രാജനുമാണ് ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നത്. രണ്ട് മെഡിക്കല്‍ കോളജുകളിലെയും ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി വീണാ ജോര്‍ജ് അഭിന്ദിച്ചു.
ഏഴാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇന്നലെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായത്. ഗുരുതര രോഗം ബാധിച്ച മാവേലിക്കര സ്വദേശിയായ 57 വയസുകാരനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ മകന്‍ 20 വയസുകാരനാണ് കരള്‍ പകുത്ത് നല്‍കിയത്.
2022 ഫെബ്രുവരി 14ന് കോട്ടയം മെഡിക്കല്‍ കോളജിലാണ് ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചിരിക്കുന്നത് ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടമാണ്. സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്. സ്വകാര്യ മേഖലയില്‍ 40 ലക്ഷത്തോളം രൂപ ഇത്തരം ശസ്ത്രക്രിയയ്ക്ക് വേണ്ടിവരും. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇതിന് പരിഹാരം കാണാനാണ് സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.