18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
October 28, 2024
May 31, 2024
May 20, 2024
May 9, 2024
May 9, 2024
May 9, 2024
May 8, 2024
April 15, 2024
March 28, 2024

ആരോട് ചോദിക്കാന്‍, ആര് പറയാന്‍; കുത്തഴിഞ്ഞ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ

ബേബി ആലുവ
കൊച്ചി
September 9, 2022 10:15 pm

അന്വേഷിക്കാനും നോക്കാനും സ്ഥിരം ചുമതലക്കാരില്ലാതെ പ്രവർത്തനം താറുമാറായ അവസ്ഥയിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ. മഹാരത്ന പദവിയിലുള്ള രാജ്യത്തെ ഏറ്റവും വലിയ എണ്ണ ഖനന സ്ഥാപനമായ ഓയിൽ ആന്റ് നാച്ച്വറൽ ഗ്യാസ് കോർപ്പറേഷ (ഒഎൻജിസി) നടക്കം ചിലവയിൽ ഒന്നര വർഷത്തിലേറെയായി ഇതാണ് സ്ഥിതി.
ഒഎൻജിസിക്കു പുറമെ, നവരത്ന കമ്പനികളായ ഷിപ്പിങ് കോർപ്പറേഷൻ, ഇന്ത്യൻ റയിൽവേ കാറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ), ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) എന്നിവയും മഹാനദി കോൾ ഫീൽഡ്സ്, എച്ച്എംടി ലിമിറ്റഡ്, ഹെവി എഞ്ചിനീയറിങ് കോർപ്പറേഷൻ, സാഗർ മാല ഡെവലപ്മെന്റ് കോർപ്പറേഷൻ തുടങ്ങി വേറെ 15 ലേറെ പൊതുമേഖലാ സ്ഥാപനങ്ങളും സ്ഥിരം മേധാവി നിയമനം അനന്തമായി നീളുന്നതിനാൽ നാഥനില്ലാക്കളരികളായി മാറിയിരിക്കുകയാണ്.
ഒഎൻജിസിയിൽ സ്ഥിരം മേധാവിയില്ലാതായിട്ട് 17 മാസം കഴിഞ്ഞു. 2021 മാർച്ച് അവസാനത്തിലാണ് നിലവിലുണ്ടായിരുന്ന സിഎംഡി പിരിഞ്ഞത്. ഐആർസിടിസിയിൽ 2021 ഫെബ്രുവരി മുതലാണ് മേധാവിയില്ലാതായത്. 18 മാസം പിന്നിട്ടിട്ടും ഈ സുപ്രധാന സ്ഥാപനത്തിൽ മേലധികാരിയെ നിയമിക്കുന്ന കാര്യം കേന്ദ്രത്തിന്റെ ആലോചനയിൽപ്പോലുമില്ല. ഭാരത് ഇലക്ട്രോണിക്സിലും സിഎംഡി ഇല്ലാതായിട്ട് ഒരു വർഷത്തിലേറെയായി. 2021 ജൂലൈയിലാണ് അവിടെ സിഎംഡി ഒഴിഞ്ഞത്.
മേധാവികളില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളിൽ സിഎംഡി, എംഡി മാരെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു എന്നാണ് ധനമന്ത്രാലയം പറയുന്നത്. ഇത് കേട്ടുപഴകിയ പല്ലവിയായി സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകൾ തള്ളുന്നു. കമ്പനികളിൽ ഫിനാൻസ് ഡയറക്ടർ, എച്ച്ആർ വിഭാഗം ഡയറക്ടർ, മാർക്കറ്റിങ് വിഭാഗം ഡയറക്ടർ എന്നിങ്ങനെയുള്ള ചുമതലകൾ, വഹിക്കുന്നവർക്ക് സിഎംഡിയുടെയോ എംഡിയുടെയോ അധികച്ചുമതല നൽകി ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കുകയാണ് സർക്കാർ എന്ന് സംഘടനകൾ കുറ്റപ്പെടുത്തുന്നു.
മഹാരത്ന കമ്പനിയായ ഒഎൻജിസിയിലേക്കും നവരത്ന കമ്പനികളായ ഐആർസിടിസി, ബിഇഎൽ തുടങ്ങിയവയിലേക്കും നിയമനം നടത്തേണ്ടത് സിവിൽ സർവീസസ് ബോർഡും മറ്റുള്ളവയിലേക്ക് പൊതുസംരഭക നിയമന ബോർഡുമാണ്. ഇവർക്കിടയിലെ മൂപ്പിളമത്തർക്കവും നിയമനം സംബന്ധിച്ച് ബിജെപി ദേശീയ നേതാക്കളിൽ നിന്നുള്ള ശുപാർശകളുടെ ബാഹുല്യവുമാണ് ഒഴിവുകൾ നികത്തുന്ന കാര്യത്തിൽ തീരുമാനത്തിലെത്താൻ കഴിയാതെ ധനമന്ത്രാലയത്തെ വിഷമവൃത്തത്തിലാക്കിയിട്ടുള്ളതെന്നാണ് അറിവ്. 

Eng­lish Sum­ma­ry: PSU are in dis­ar­ray in India

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.